Quantcast

ബ്രിട്ടീഷ് ബാലിക ഷമീമയെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് കനേഡിയൻ ചാരനെന്ന് ആരോപണം

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിച്ചാർഡ് കെർബജിന്റെ 'ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ദി ഫൈവ് ഐസ്' എന്ന പുസ്തകത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    31 Aug 2022 5:02 PM GMT

ബ്രിട്ടീഷ് ബാലിക ഷമീമയെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് കനേഡിയൻ ചാരനെന്ന് ആരോപണം
X

ബ്രിട്ടിഷുകാരിയായ ഷമീമ ബീ​ഗമെന്ന കൗമാരക്കാരിയെ കനേഡിയൻ ചാരനാണ് ഐഎസിൽ ചേരാനായി സിറിയയിലേക്ക് കടത്തിയതെന്ന് ആരോപണം. ഷമീമയെ ഐഎസിലേക്ക് റിക്രൂട്ട്‌ ചെയ്‌തതിൽ ഡബിൾ ഏജന്റുമാരുടെ പങ്കാളിത്തം കാനഡ മറച്ചുവച്ചതായും ആരോപണമുണ്ട്. മെട്രോപൊളിറ്റൻ പൊലീസ് അന്താരാഷ്ട്ര തലത്തിൽ ഷമീമയ്ക്കായി തിരച്ചിൽ നടത്തുന്നതിനിടെ അവൾ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കാനഡ മറച്ചുവച്ചെന്നാണ് ആരോപണം.

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിച്ചാർഡ് കെർബജിന്റെ 'ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ദി ഫൈവ് ഐസ്' എന്ന പുസ്തകത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ബ്രിട്ടൻ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള രഹസ്യാന്വേഷണ ശൃംഖലയാണ് ഫൈവ് ഐസ്.

2015ൽ കിഴക്കൻ ലണ്ടനിൽ നിന്ന് സിറിയയിലേക്ക് ബെത്നാൽ ഗ്രീൻ അക്കാദമിയിലെ രണ്ട് സഹപാഠികളുമായി യാത്ര ചെയ്യുമ്പോൾ ബീഗം 15 വയസുള്ള ഒരു സ്കൂൾവിദ്യാർഥിനിയായിരുന്നു. സ്കൂൾ സുഹൃത്തുക്കളായ കദീസ സുൽത്താന (16), അമീറ അബസെ (15) എന്നിവരോടൊപ്പമാണ് ഷമീമ പോയത്. യാത്രയ്ക്കിടെ ഇസ്താംബൂൾ ബസ് സ്റ്റേഷനിൽ വച്ച് മുഹമ്മദ് അൽ റാഷിദ് എന്നയാളെ കണ്ടുമുട്ടി. തുടർന്ന് ഇയാളാണ് ഷമീമയെ സിറിയയിൽ എത്തിച്ചത്.

ബീഗത്തിന്റെ പാസ്‌പോർട്ട് വിവരങ്ങൾ കാനഡയുമായി പങ്കുവയ്ക്കുകയും ബ്രിട്ടനിൽ നിന്ന് ഐഎസിന് വേണ്ടി പ്രവർത്തിക്കാനായി ഡസൻ കണക്കിന് ആളുകളെ കടത്തുകയും ചെയ്ത ഡബിൾ ഏജന്റായിരുന്നു റാഷിദ്. പെൺകുട്ടികളെ ബ്രിട്ടനിൽ നിന്ന് കടത്തുന്നതിൽ കനേഡിയൻ ഡബിൾ ഏജന്റിന്റെ പങ്കിനെക്കുറിച്ച് മെട്രൊപൊളിറ്റൻ പൊലീസിന് വിവരം ലഭിച്ചതായും പറയപ്പെടുന്നു.

അതേസമയം, അവളെ രാജ്യത്തിന് പുറത്തേക്ക് കടത്തിയതാണെന്ന് ബീഗം കുടുംബത്തിന്റെ അഭിഭാഷകയായ തസ്‌നിം അകുഞ്ജി വാദിക്കുന്നു. അന്ന് യുകെ ആഭ്യന്തര സെക്രട്ടറിയായിരുന്ന സാജിദ് ജാവിദ് അവളെ മനുഷ്യക്കടത്തിന്റെ ഇരയായി പരി​ഗണിച്ചില്ല എന്നതാണ് കേസിലെ പ്രധാന വാദമെന്ന് അകുഞ്ജി പറഞ്ഞു. ഈ സ്ഫോടനാത്മക ആരോപണങ്ങളെ കുറിച്ച് കനേഡിയൻ ഇന്റലിജൻസ് ഇപ്പോഴും മൗനം പാലിക്കുകയാണെന്ന് കെർബജ് പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. അവർ എല്ലാ രഹസ്യാന്വേഷണ ഏജൻസികളെയും സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഏഴ് വർഷമായി ഇക്കാര്യം കനേഡിയൻ പൗരമാർ മൂടിവയ്ക്കുകയാണെന്നും കെർബജ് പറഞ്ഞു. പുസ്തകത്തിനായി ഒന്നിലധികം കനേഡിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ താൻ അഭിമുഖം നടത്തിയതായും അദ്ദേഹം പറഞ്ഞു. ഒരു കുറ്റകൃത്യം മൂടിവയ്ക്കുന്നത് കുറ്റകൃത്യം ചെയ്യുന്നതിനേക്കാൾ മോശമാണെന്ന് താൻ കരുതുന്നതായും അദ്ദേഹം പറയുന്നു. പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിൽ കാനഡയിലേക്കുള്ള റാഷിദിന്റെ പങ്കിനെക്കുറിച്ച് അറിഞ്ഞപ്പോൾ ബ്രിട്ടീഷ് അധികാരികളും അക്കാര്യം തുറന്നുപറയാൻ തയാറായില്ല.

ഐസിസ് പ്രദേശത്ത് ഇപ്പോഴും ബ്രിട്ടീഷ് പൗരന്മാരും മറ്റ് പാശ്ചാത്യരാജ്യങ്ങളിലുള്ളവരും ഐഎസ് ബന്ദികളായി ഉള്ളതിനാൽ ഇത് ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നിക്കാണുമെന്നും കെർബജ് വിശദമാക്കുന്നു

പെൺകുട്ടികളെ സിറിയയിലേക്ക് കൊണ്ടുപോകുന്നതിന് രണ്ട് വർഷം മുമ്പ് 2013ൽ, അഭയത്തിനായി അപേക്ഷിക്കാൻ റാഷിദ് ജോർദാനിലെ കനേഡിയൻ എംബസിയിൽ പോയിരുന്നതായും പുസ്തകം അവകാശപ്പെടുന്നു. ഐഎസ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചാൽ പൗരത്വം ലഭിക്കുമെന്ന് കാനഡ തന്നോട് പറഞ്ഞതായും ഇയാൾ പറഞ്ഞു.

ട്രാൻസ്പോർട്ട് ടിക്കറ്റ് വാങ്ങാൻ ഐ.ഡി വേണമെന്ന വ്യാജേന ഇയാൾ ഐ.എസിലേക്ക് കടത്തിയവരുടെ പാസ്പോർട്ടിന്റെ ഫോട്ടോ എടുത്തിരുന്നതായും പുസ്തകത്തിൽ‍ എഴുതിയിട്ടുണ്ട്. ജോർദാനിലെ എംബസിയിലെ കനേഡിയൻ സുരക്ഷാ രഹസ്യാന്വേഷണ വിഭാഗത്തിലെ തന്റെ സഹായിക്ക് അയാൾ അവ കൈമാറി.

പെൺകുട്ടികളുടെ സിറിയയിലേക്കുള്ള യാത്രയ്ക്ക് സൗകര്യങ്ങളൊരുക്കി ദിവസങ്ങൾക്കു ശേഷം തുർക്കിയിയിൽ വച്ച് ഇയാൾ അറസ്റ്റിലാവുകയായിരുന്നു. ജോർദാനിലെ കനേഡിയൻ എംബസിക്ക് കൈമാറാനാണ് താൻ സഹായിച്ച എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചതെന്നാണ് റാഷിദ് പൊലീസുകാരോട് പറഞ്ഞത്.

അതേസമയം, തുർക്കിയിൽ നിന്ന് സിറിയയിലേക്കുള്ള മുഴുവൻ യാത്രയും റാഷിദാണ് സംഘടിപ്പിച്ചതെന്നാണ് ഉടൻ സംപ്രേഷണം ചെയ്യാൻ പോകുന്ന ബിബിസി പോഡ്‌കാസ്റ്റിനോട് ബീഗം പറഞ്ഞത്. കള്ളക്കടത്തുകാരുടെ സഹായമില്ലാതെ ആർക്കും സിറിയയിലേക്ക് എത്താൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും ബീ​ഗം പറ‍ഞ്ഞു.

"അയാൾ ഒരുപാട് ആളുകളെ സിറിയയിലെത്താൻ സഹായിച്ചിട്ടുണ്ട്. അയാൾ ഞങ്ങളോട് ചെയ്യാൻ പറയുന്നതെല്ലാം ഞങ്ങൾ ചെയ്തുകൊണ്ടിരുന്നു. കാരണം അയാൾക്ക് എല്ലാം അറിയാമായിരുന്നു. ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു"- ഷമീമ കൂട്ടിച്ചേർത്തു.

അതേസമയം, ആരോപണങ്ങളെക്കുറിച്ച് കനേഡിയൻ സർക്കാരിന്റെ വക്താവ് പ്രതികരിച്ചില്ല. ഓപ്പറേഷൻ ഇന്റലിജൻസിനെക്കുറിച്ചോ സുരക്ഷാ കാര്യങ്ങളെക്കുറിച്ചോ അഭിപ്രായം പറയേണ്ടതില്ല എന്നതാണ് തങ്ങളുടെ ദീർഘകാല നയമെന്ന് ഒരു യുകെ സർക്കാർ വക്താവ് പറഞ്ഞു.

ഇപ്പോൾ 23 വയസുള്ള ഷമീമയെ യുകെയിലേക്ക് മടങ്ങുന്നത് വിലക്കാനുള്ള 2019ലെ തീരുമാനം കഴിഞ്ഞവർഷം യുകെ സുപ്രിംകോടതി ശരിവച്ചിരുന്നു. വടക്കൻ സിറിയയിലെ ഒരു തടങ്കൽപ്പാളയത്തിലാണ് ബീഗം താമസിക്കുന്നത്. ഇതിനിടെ മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും അവരെല്ലാം ചെറുപ്പത്തിൽ തന്നെ മരിച്ചു. നവംബറിൽ സ്പെഷ്യൽ എമിഗ്രേഷൻ അപ്പീൽ കമ്മീഷനിൽ ബീഗം കേസ് ഉന്നയിക്കും.

TAGS :

Next Story