Quantcast

റഷ്യൻ യുവാവിനെ കൊലപ്പെടുത്തിയ ടൈഗർ സ്രാവിനെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു

യുവാവിനെ കൊന്നതിന് പ്രതികാരമായി സ്രാവിനെ ക്രൂരമായാണ് ആളുകൾ അടിച്ചുകൊന്നത്. പോപോവിനെ കൊലപ്പെടുത്തിയ സ്രാവ് തന്നെയാണിതെന്നാണ് നാട്ടുകാർ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    11 Jun 2023 12:56 PM GMT

shark
X

കെയ്റോ: ഈജിപ്തിൽ കടലിൽ നീന്താനിറങ്ങിയ റഷ്യൻ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നു കരുതുന്ന സ്രാവിനെ പ്രദേശവാസികൾ പിടികൂടി തല്ലിക്കൊന്നു. വ്യാഴാഴ്ച ഈജിപ്തിലെ ഹുർഗദ നഗരത്തിലെ ചെങ്കടൽ റിസോർട്ടിൽ നീന്തുന്നതിനിടെയാണ് 23 കാരനായ വ്‌ളാഡിമിർ പോപോവിനെ ഭീമൻ സ്രാവ് ആക്രമിച്ചത്. സ്രാവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും സ്രാവ് വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.

വലിച്ചുകൊണ്ട് പോകുന്നതിന് മുൻപ് രണ്ട് മണിക്കൂർ നേരം സ്രാവ് യുവാവിന്റെ ശരീരവുമായി വെള്ളത്തിൽ തന്നെയുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഈജിപ്തിലെ പ്രാദേശിക തീരദേശവാസികൾ ബോട്ടിൽ പോകുന്നതിനിടെ സ്രാവിനെ വലയിട്ട് പിടിക്കുകയായിരുന്നു. യുവാവിനെ കൊന്നതിന് പ്രതികാരമായി സ്രാവിനെ ക്രൂരമായാണ് ആളുകൾ അടിച്ചുകൊന്നത്. പോപോവിനെ കൊലപ്പെടുത്തിയ സ്രാവ് തന്നെയാണിതെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബോട്ടിന്റെ ഒരു വശത്തേക്ക് വലിച്ചിഴച്ച സ്രാവിനെ ചാട്ട കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരാൾ ലോഹത്തൂൺ ഉപയോഗിച്ച് സ്രാവിന്റെ തലയ്ക്കടിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ, ഈജിപ്തിലെ പരിസ്ഥിതി മന്ത്രാലയം കൊലയാളി സ്രാവിനെ പിടികൂടിയതായാണ് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. എന്ത് കാരണമാണ് സ്രാവ് ആക്രമണം നടത്തിയതെന്ന് ലബോറട്ടറിയിൽ പരിശോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടലിൽ സ്രാവുകൾ സ്ഥിരംസാന്നിധ്യമാണെങ്കിലും ഇവ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഈജിപ്ഷ്യൻ പരിസ്ഥിതി മന്ത്രാലയം അധികൃതർ സ്രാവിനെ പിടിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ സഞ്ചാരികളോട് വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും പ്രദേശികമായുള്ള നീന്തൽ നിയന്ത്രണങ്ങൾ പാലിക്കാനും റഷ്യൻ കോൺസുലേറ്റ് പ്രസ്താവനയിൽ നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story