Quantcast

ഇസ്രായേലിൽ പ്രമുഖരെ വധിക്കാൻ ഇറാന്റെ 'ഇസ്രായേൽ ചാരന്മാർ'-പൗരന്മാർക്ക് മുന്നറിയിപ്പുമായി ഷിൻ ബെത്

ഇറാനിൽനിന്ന് ഓൺലൈനായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതതെന്നും ഡിജിറ്റൽ കറൻസി-സാമ്പത്തികം-ജോബ് പോർട്ടലുകളുടെ മറവിലാണ് നീക്കം നടക്കുന്നതെന്നും ഷിൻ ബെത് അവകാശപ്പെട്ടു

MediaOne Logo

Web Desk

  • Published:

    30 Sep 2024 4:17 PM GMT

Israels securities authority Shin Bet claims Iran recruits Israeli citizens to carry out attacks on Israeli officials, foiled several Iranian assassination plots, Israel Hezbollah war 2014, Gaza
X

തെല്‍അവീവ്: ഇറാന്റെ നേതൃത്വത്തിൽ ഇസ്രായേലിൽ പ്രമുഖരെ ലക്ഷ്യമിട്ട് നിരവധി വധശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. ഇസ്രായേൽ സൈന്യത്തിലെ ഉള്‍പ്പെടെ പ്രമുഖരെ ലക്ഷ്യമിട്ടാണു നീക്കം നടക്കുന്നതെന്ന് ഇസ്രായേൽ സുരക്ഷാ വിഭാഗമായ ഷിൻ ബെതിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് ഷിന്‍ ബെത്.

ഹമാസ് നേതാക്കൾക്കു പിന്നാലെ ഹിസ്ബുല്ല പ്രമുഖരെയും ഇസ്രായേൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറാൻ പുതിയ നീക്കം നടത്തുന്നതെന്നാണു വിവരം. സൈനിക മേധാവികൾ ഉൾപ്പെടെയുള്ള പ്രമുഖരെ വകവരുത്താനുള്ള നീക്കങ്ങൾ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തിയതാണ് ഷിൻ ബെത് അറിയിച്ചത്. ഏതാനും ആഴ്ചകൾക്കിടയിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇസ്രായേൽ സെക്യൂരിറ്റീസ് അതോറിറ്റി(ഐഎസ്എ) പറയുന്നത്.

ഇസ്രായേൽ സൈനികരെ വധിക്കാൻ ഇസ്രായേൽ പൗരന്മാരെ തന്നെ റിക്രൂട്ട് ചെയ്യുന്നതായും വിവരം ലഭിച്ചതായി അതോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽനിന്ന് ഓൺലൈനായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതത്രെ. ഡിജിറ്റൽ കറൻസി, സാമ്പത്തികം, ജോബ് പോർട്ടലുകൾ ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകളുടെ മറവിലാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. വിവിധ വെബ്‌സൈറ്റുകളിൽ ഇറാൻ-ഇസ്രായേൽ കക്ഷികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഷിൻ ബെത് അവകാശപ്പെട്ടു.

സന്നദ്ധത അറിയിക്കുന്ന ഇസ്രായേലികൾക്ക് ഇറാൻ ഏജന്റുമാർ വൻതുക തന്നെ പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നുണ്ടത്രെ. ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളിൽ കറൻസികളും ഫോണുകളും കുഴിച്ചിടൽ, പോസ്റ്ററുകൾ വിതരണം ചെയ്യൽ, ചുവരെഴുത്ത് തുടങ്ങി പലർക്കും പല ദൗത്യങ്ങളാണ് ഏൽപിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങൾക്ക് തീയിടാനും ആളുകളെ നേരിട്ട് ആക്രമിക്കാനും ഏൽപിക്കപ്പെട്ടവരുമുണ്ടെന്ന് ഷിൻ ബെത് റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിൽ ഇസ്രായേൽ പൗരന്മാരുമായുള്ള ബന്ധം ഉറച്ചു കഴിഞ്ഞാൽ ഏൽപ്പിക്കപ്പെടുന്ന ജോലികളും മാറും. പതുക്കെ ഗൗരവസ്വഭാവമുള്ള ദൗത്യങ്ങൾ ഏജന്റുമാർ ഏൽപിക്കാൻ തുടങ്ങും. ഈ ഘട്ടത്തിലാണ് ഇസ്രായേൽ സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും സാധാരണ പൗരന്മാരെയും ആക്രമിക്കാൻ ആവശ്യപ്പെടുന്നതെന്നും ഷിൻ ബെത് വെളിപ്പെടുത്തുന്നു.

പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് ഐഎസ്എ പറയുന്നത്. എന്തൊക്കെ മുൻകരുതലുകളാണു സ്വീകരിച്ചതെന്ന് വെളിപ്പെടുത്താൻ അതോറിറ്റി തയാറായിട്ടില്ല. എന്നാൽ, ദുരൂഹമായ പെരുമാറ്റങ്ങളോ ഇടപെടലുകളോ ശ്രദ്ധയിൽപെട്ടാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഇസ്രായേൽ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും വാഗ്ദാനം ചെയ്യുന്ന തുക ജോലിയുടെ അനുപാതത്തിനുമപ്പുറം വലുതാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. അസ്വാഭാവികമായ കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇത്തരമൊരു സാധ്യത മുന്നിൽകാണണമെന്നും എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും സെക്യൂരിറ്റീസ് അതോറിറ്റി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള പ്രമുഖരെ വധിക്കാനായി ഇറാൻ റിക്രൂട്ട് ചെയ്‌തെന്ന് ആരോപിച്ച് മോട്ടി മാമൻ എന്ന പേരുള്ള ഒരു ഇസ്രായേൽ പൗരൻ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റിലായിരുന്നു. ഈ ഉദാഹരണം ചൂണ്ടിക്കാട്ടിയാണിപ്പോൾ വ്യാപകമായി ഇത്തരം രഹസ്യനീക്കം നടക്കുന്നുണ്ടെന്ന പുതിയ നിഗമനത്തിൽ ഷിൻ ബെത് എത്തിയിരിക്കുന്നത്. മോട്ടിയെ വച്ച് നെതന്യാഹുവിനു പുറമെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഷിൻ ബെത് തലവൻ റോനൻ ബാർ എന്നിവരെയും വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.

73കാരനായ മോട്ടി മാമൻ ദക്ഷിണ ഇസ്രായേൽ നഗരമായ അഷ്‌കെലോൺ സ്വദേശിയാണ്. ദീർഘകാലമായി തുർക്കിയിൽ ബിസിനസുമായി ജീവിച്ചിയാളാണ്. ഇവിടെനിന്നാണ് തുർക്കി-ഇറാൻ പൗരന്മാരുമായി പരിചയത്തിലാകുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് രണ്ട് തുർക്കി പൗരന്മാർ വഴി ഇറാനിൽ ജീവിക്കുന്ന എഡ്ഡി എന്ന പേരുള്ള വലിയൊരു വ്യവസായിയെ ഇയാൾ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ പരിചയപ്പെടുന്നതത്രെ. തുടർന്ന് തുർക്കിയിലെ വിവിധ നഗരങ്ങളിലേക്കും ഇറാനിലേക്കും ഇയാൾ യാത്ര നടത്തി. ഇറാനിൽ എഡ്ഡിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിലാണ് ഇസ്രായേലിൽ വിവിധ ദൗത്യങ്ങൾ ഏൽപിക്കുന്നതെന്നാണ് ഷിൻ ബെത് വാദിക്കുന്നത്.

ചില പ്രത്യേക സ്ഥലങ്ങളിൽ കൈത്തോക്കുകൾ വയ്ക്കുക, ആളുകൾ കൂടിനിൽക്കുന്ന സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുക, സമാനമായ ദൗത്യം ഏൽപിക്കപ്പെട്ട ശേഷം കൃത്യമായി ഉത്തരവാദിത്തങ്ങൾ നിർവഹിക്കാത്ത ഇസ്രായേലികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ ചുമതലകളായിരുന്നുവത്രെ മോട്ടി മാമനുണ്ടായിരുന്നത്. ഒരിക്കൽ കൂടി തുർക്കി അതിർത്തിവഴി ഇറാനിലെത്തിയ ഇയാൾ എഡ്ഡിയുടെ വീട്ടിൽ കണ്ടത്ത് ഇറാൻ ഇന്റലിജൻസ് വൃത്തങ്ങളെയായിരുന്നുവത്രെ. ഇവരാണ് ഇസ്രായേൽ നേതാക്കളെ വധിക്കാനുള്ള ദൗത്യം ഏൽപിക്കുന്നതെന്നും ഷിൻ ബെത് വാദിച്ചിരുന്നു.

Summary: Israel's securities authority Shin Bet claims Iran recruits Israeli citizens to carry out attacks on Israeli officials, foiled several Iranian assassination plots

TAGS :

Next Story