തെൽ അവീവിൽ വെടിവെപ്പ്; എട്ടുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഇറാൻ ഇസ്രായേലിലേക്ക് ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി
തെൽ അവീവ്: ഇസ്രായേലിലെ ജാഫയിൽ നടന്ന വെടിവയ്പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നഗരത്തിലെ ലൈറ്റ് റെയിൽവേ സ്‌റ്റേഷനു സമീപമാണ് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത രണ്ട് പേരെ സുരക്ഷാ സേന വധിച്ചു. സ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ നിരവധി പേർ നിലത്ത് വീണുകിടക്കുന്നതായി കാണാം.
അതേസമയം, ഇറാൻ ഇസ്രായേലിലേക്ക് ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ബാലിസ്റ്റിക് മിസൈലാക്രമണം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഉദ്യോഗസ്ഥരും കുടുംബവും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അമേരിക്കൻ എംബസി മുന്നറിയിപ്പു നൽകി.
'ഇറാൻ ഉടൻ തന്നെ ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതിൻ്റെ സൂചനകൾ ലഭിച്ചു. ഇതിനെതിരെയുള്ള ഇസ്രായേലിന്റെ പ്രതിരോധ തയ്യാറെടുപ്പുകളെ അമേരിക്ക സജീവമായി പിന്തുണയ്ക്കുന്നു'വെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. 'ഇസ്രായേലിനെതിരെ ഇറാനിൽ നിന്ന് നേരിട്ടുള്ള സൈനിക ആക്രമണം, ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകു'മെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Adjust Story Font
16