ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പ്: 62കാരന്‍ അറസ്റ്റില്‍
വെടിവെപ്പിൽ 13 പേർക്ക് പരിക്കേറ്റിരുന്നു
ന്യൂയോർക്ക്: ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പിൽ ഒരാൾ അറസ്റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഫ്രാങ്കാണ് ബ്രൂക്ക്‍ലിൻ സ്റ്റേഷനിൽ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു.
മാൻഹട്ടൺ സ്ട്രീറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പിൽ 13 പേർക്ക് പരിക്കേറ്റിരുന്നു. 36 സ്ട്രീറ്റ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ആക്രമണോത്സുകമായ നിരവധി വീഡിയോകൾ ഫ്രാങ്ക് ജെയിംസ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബിന്‍റെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ഇയാളുടെ അക്കൌണ്ട് നീക്കം ചെയ്യപ്പെട്ടു. തന്റെ വീഡിയോകളിൽ ന്യൂയോർക്ക് മേയറെയും ഫ്രാങ്ക് ജെയിംസ് വിമർശിച്ചിട്ടുണ്ട്.
"എന്‍റെ ന്യൂയോര്‍ക്കിലെ ജനങ്ങളേ, ഞങ്ങൾ അക്രമിയെ പിടികൂടി" എന്നാണ് മേയർ എറിക് ആഡംസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. "അവൻ അങ്ങനെയൊന്നും ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അവനെ അക്രമിയെന്ന് സംശയിക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തി" എന്നാണ് ഫ്രാങ്ക് ജെയിംസിന്‍റെ സഹോദരി കാതറിന്‍ പ്രതികരിച്ചത്. വെടിവച്ചയാൾക്ക് ഏകദേശം അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ഫ്രാങ്ക് ജെയിംസിന് ആറടിയിലധികം ഉയരമുണ്ടെന്ന് സഹോദരി പറഞ്ഞു.
"ആകെ പുക നിറഞ്ഞതുപോലെയായിരുന്നു. കറുത്ത പുക. പിന്നാലെ ആളുകള്‍ ഓടുന്നതുകണ്ടു. വെടിവെപ്പാണെന്ന് ആദ്യം മനസിലായില്ല. അടുത്തിരുന്ന ഗര്‍ഭിണിയെ ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കാലിനാണ് എനിക്ക് വെടിയേറ്റത്" വെടിയേറ്റവരിൽ ഒരാളായ ഹൗരാരി ബെങ്കഡ പറഞ്ഞു.
Summary- New York police have arrested a suspect accused of shooting people on a packed subway car. Police had identified 62-year-old Frank James as the suspected gunman.
Adjust Story Font
16