Quantcast

സിങ്കപ്പൂരിൽ ഇന്ത്യൻ വംശജരായ മുസ്‌ലിം ദമ്പതികളെ സൂപ്പർ മാർക്കറ്റിൽ റമദാൻ വിഭവമെടുക്കുന്നതിൽ നിന്ന് വിലക്കി

തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ച് ഫറാ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-11 12:39:38.0

Published:

11 April 2023 12:36 PM GMT

Singapore Muslim Couple Banned From Ramadan Snacks in Super Market
X

സിങ്കപ്പൂർ: റമദാൻ സ്പെഷ്യൽ ലഘുഭക്ഷണം കഴിക്കാനെത്തിയ ഇന്ത്യൻ വംശജരായ മുസ്‌ലിം ദമ്പതികൾക്ക് സിങ്കപ്പൂരിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽ വിലക്കേർപ്പെടുത്തിയെന്ന് പരാതി. ഇന്ത്യക്കാരനായ ജഹാബർ ഷാലിഹ് (36), ഭാര്യ ഫറാ നാദിയ (35), ഇവരുടെ രണ്ടു കുട്ടികൾ എന്നിവരെയാണ് സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ലഘുഭക്ഷണം എടുക്കുന്നതിൽ നിന്ന് വിലക്കിയത്.

തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ച് ഫറാ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിഭവം ഇന്ത്യക്കാർക്കുള്ളതല്ലെന്നും മലയ് ഭാഷക്കാർക്ക് മാത്രമായുള്ളതാണെന്നും പറഞ്ഞാ‍യിരുന്നു ജീവനക്കാരൻ ഇവരെ തടഞ്ഞത്. ഏപ്രിൽ ഒമ്പതിന് നാഷണൽ ട്രേഡ്‌സ് യൂനിയൻ കോൺഗ്രസ് (എൻ‌.ടി‌.യു‌.സി) നടത്തുന്ന ഫെയർപ്രൈസ് സൂപ്പർമാർക്കറ്റിലാണ് സംഭവം.

ദമ്പതികൾ ബോഡിലെ മെനു വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ 'ഇന്ത്യക്കാർക്കുള്ളതല്ല' എന്ന് പറഞ്ഞ് ജീവനക്കാരൻ തടയുകയായിരുന്നുവെന്ന് ജഹാബർ പറഞ്ഞു. സൂപ്പർ മാർക്കറ്റിൽ റമദാനിൽ മുസ്‌ലിം ഉപഭോക്താക്കൾക്ക് ഇഫ്താറിന് പാനീയങ്ങളും ഭക്ഷണവും നൽകാറുണ്ട്.

റമദാൻ വ്രതമാരംഭിച്ച മാർച്ച് 23 മുതലാണ് ഫെയർപ്രൈസ് ഗ്രൂപ്പ് ഇഫ്താർ ബൈറ്റ്സ് സ്റ്റേഷൻ തുടങ്ങിയത്. ഒരു മാസത്തെ റമദാൻ കാലയളവിൽ മുസ്‌ലിം ഉപഭോക്താക്കൾക്ക് തങ്ങളുടെ 60 ഔട്ട്ലെറ്റുകളിൽ ലഘുഭക്ഷണങ്ങളോ ഈന്തപ്പഴങ്ങളോ അടങ്ങിയ പാക്കറ്റുകളാണ് അവർ വാഗ്ദാനം ചെയ്തത്.

ഇതനുസരിച്ചാണ് ദമ്പതികൾ ഇവിടെയെത്തിയത്. എന്നാൽ വംശത്തിന്റെ പേരിൽ ഇരുവരേയും മാറ്റിനിർത്തുകയായിരുന്നു. ഇന്ത്യൻ മുസ്‌ലികൾക്ക് വരാമെന്ന് ജഹാബർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മുകളിലുള്ളവരിൽ നിന്ന് തനിക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരന്‍റെ മറുപടി. ഇതോടെ തങ്ങൾ നിരാശയോടെ അവിടെ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.

അതേസമയം, സംഭവം വിവാദമായതോടെ സൂപ്പർമാർക്കറ്റ് അധികൃതർ ക്ഷമാപണവുമായി രം​ഗത്തെത്തി. ‌സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംഭവം തങ്ങൾ അറിഞ്ഞതെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പറഞ്ഞു. വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും കുടുംബത്തിന് നേരിട്ട ബുദ്ധിമുട്ടിൽ മാപ്പ് അപേക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.

"വിഷയത്തിൽ ഞങ്ങൾ ജീവനക്കാരനെ ഉപദേശിച്ചിട്ടുണ്ട്. ഒരു മാസത്തെ റമദാൻ കാലയളവിൽ എല്ലാ മുസ്‌ലിം ഉപഭോക്താക്കൾക്കും ഇഫ്താർ പായ്ക്കുകൾ സൗജന്യമായി തന്നെ നൽകുന്നുണ്ടെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു"- അധികൃതർ കൂട്ടിച്ചേർത്തു. ജഹബർ ഇന്ത്യൻ വംശജനും ഭാര്യ ഫറാ ഇന്ത്യൻ-മലയ് വംശജയുമാണ്.



TAGS :

Next Story