Quantcast

യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിത്; പുടിനെ നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ച് സെലെന്‍സ്കി

യുക്രൈനിനുള്ള സൈനിക സഹായം വര്‍ധിപ്പിക്കണമെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കി വ്യാഴാഴ്ച പാശ്ചാത്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    4 March 2022 2:54 AM GMT

യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിത്; പുടിനെ നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ച് സെലെന്‍സ്കി
X

യുക്രൈനിനുള്ള സൈനിക സഹായം വര്‍ധിപ്പിക്കണമെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കി വ്യാഴാഴ്ച പാശ്ചാത്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യൂറോപ്പിന്‍റെ മറ്റ് ഭാഗങ്ങളിലും റഷ്യ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ആകാശം അടയ്ക്കാൻ നിങ്ങൾക്ക് അധികാരമില്ലെങ്കിൽ, എനിക്ക് വിമാനങ്ങൾ തരൂ'' സെലെന്‍സ്കി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നമ്മൾ ഇനി ഇല്ലെങ്കിൽ, ദൈവം വിലക്കട്ടെ. ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നിവ അടുത്തതായി വരും. എന്നെ വിശ്വസിക്കൂ'' സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു. അതിനിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ സെലെന്‍സ്കി നേരിട്ടുള്ള ചര്‍ച്ചക്ക് ക്ഷണിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിതെന്നും യുക്രൈന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.

"ഞങ്ങൾ റഷ്യയെ ആക്രമിക്കുന്നില്ല, ആക്രമിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല. നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് വേണ്ടത്? ഞങ്ങളുടെ ഭൂമി വിട്ടുപോകൂ," സെലെന്‍സ്കി പുടിനെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. ചര്‍ച്ചയ്ക്കായി എന്നോടൊപ്പം വന്നിരിക്കൂ, പക്ഷെ 30 മീറ്റര്‍ അകലത്തില്‍ വേണ്ട- സെലന്‍സ്‌കി പറഞ്ഞു. ഫെബ്രുവരി ഏഴിന് ഫ്രഞ്ച് പ്രസിഡന്‍റുമായി പുടിന്‍ ചര്‍ച്ച നടത്തിയത് നീണ്ട ഒരു മേശയുടെ രണ്ടറ്റത്ത് വളരെ അകലത്തില്‍ ഇരുന്നായിരുന്നു. ഇതു സൂചിപ്പിച്ചാണ് 30 മീറ്റര്‍ അകലം വേണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞത്. റഷ്യയുമായി യുക്രൈന്‍ പ്രതിനിധി സംഘം ബെലാറുസില്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച നടത്തുന്നതിനിടെയാണ് സെലന്‍സ്‌കി പുടിനെ നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ആധുനിക ലോകത്ത് ഒരു മനുഷ്യന് ഒരു മൃഗത്തെപ്പോലെ പെരുമാറാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സെലെന്‍സ്കി പറഞ്ഞു.

റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ചയില്‍ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ചർച്ചയിൽ ധാരണയായി. പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രൈൻ പ്രതികരിച്ചു.യുദ്ധം തുടരുമെന്ന് പുടിൻ പറഞ്ഞു.ആദ്യഘട്ട ചര്‍ച്ചകളില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും ചർച്ചക്ക് ഇരുരാജ്യങ്ങളും തയ്യാറായത്. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, റഷ്യന്‍ സെന പൂര്‍ണമായി യുക്രൈനില്‍ നിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈന്‍ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ റഷ്യയുടെ ഭാഗത്തും നിന്നും ഉണ്ടായില്ല.

TAGS :

Next Story