Quantcast

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോക്ക് നേരെ വധശ്രമം; വെടിവെപ്പില്‍ ഗുരുതര പരിക്ക്

ഒന്നിലധികം തവണ വെടിയേറ്റ ഫിക്കോയുടെ നില ഗുരുതരമാണ്

MediaOne Logo

Web Desk

  • Published:

    16 May 2024 2:37 AM GMT

Robert Fico
X

റോബര്‍ട്ട് ഫിക്കോ

ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോക്ക് നേരെ വധശ്രമം. ബുധനാഴ്ച ഹാൻഡ്‌ലോവയിലെ സെൻട്രൽ ടൗണിൽ കാബിനറ്റ് യോഗത്തിന് പിന്നാലെയാണ് വധശ്രമമുണ്ടായത്. ഒന്നിലധികം തവണ വെടിയേറ്റ ഫിക്കോയുടെ നില ഗുരുതരമാണ്.

യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനൊരുങ്ങവെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു ഫിക്കോ. ഇതിനിടെ, ഒരാൾ വെടിയുതിർക്കുകയായിരുന്നു. 59കാരനായ ഫിക്കോയ്ക്ക് നേരെ നാലു തവണ വെടിയുതിര്‍ത്തു. അദ്ദേഹത്തിന്‍റെ വയറ്റിലാണ് വെടിയേറ്റതെന്ന് സ്ലൊവാക്യന്‍ ടെലിവിഷന്‍ ടിഎ3 റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പ്രധാനമന്ത്രിയെ അദ്ദേഹത്തിൻ്റെ ജീവനക്കാർ വാഹനത്തിൽ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫിക്കോയെ ഉടന്‍ തന്നെ സമീപത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 30 കിലോമീറ്റര്‍ അകലെയുള്ള ബാൻസ്ക ബൈസ്ട്രിക്കയിലെ ഒരു പ്രധാന ട്രോമ സെൻ്ററിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

വെടിവെപ്പ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിരോധ മന്ത്രി റോബർട്ട് കാലിനാക്കും ആഭ്യന്തര മന്ത്രി മാറ്റൂസ് സുതാജ് എസ്റ്റോക്കും പറഞ്ഞു. പ്രസിഡന്‍ഷ്യന്‍ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടാകുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഫിക്കോയുടെ അപകടനില തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ലൊവാക്യൻ ഉപപ്രധാനമന്ത്രി ടോമാസ് തരാബ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ഫിക്കോ പ്രധാനമന്ത്രിയായി നാലാം തവണയും അധികാരമേല്‍ക്കുന്നത്.

TAGS :

Next Story