രാജ്യസുരക്ഷയിൽ ആശങ്ക: എക്‌സ് നിരോധിച്ച് പാകിസ്താൻ
എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാകിസ്താന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.
ഇസ്‌ലാമാബാദ്: സമൂഹമാധ്യമമായ ‘എക്സ്’ (ട്വിറ്റർ) നിരോധിച്ച് പാകിസ്താന്‍. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണു താൽക്കാലിക നിരോധനമെന്നു പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാകിസ്താന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.
ഫെബ്രുവരി പകുതി മുതൽ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കളിൽനിന്ന് ഉയർന്നിരുന്നു. എന്നാൽ, ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. പാക് ആഭ്യന്തര മന്ത്രാലയം ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്.
നിരോധനത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ എഹ്തിഷാം അബ്ബാസി നൽകിയ ഹർജിയിലാണ് സെക്രട്ടറി ഖുറം ആഘ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എക്‌സിന്റെ സേവനങ്ങൾ കഴിഞ്ഞ രണ്ട് മാസമായി പാകിസ്താനില്‍ തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം കോടിയില്‍ എത്തിയത്.
ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാകിസ്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ചീഫ് ജസ്റ്റിസും കൈകടത്തിയെന്ന് റാവൽപിണ്ടി മുൻ കമ്മീഷണർ ലിയാഖത്ത് ചാത്ത ആരോപിച്ചതിന് പിന്നാലെയാണ് എക്സിന്റെ സേവനങ്ങള്‍ രാജ്യത്ത് തടസ്സപ്പെട്ടത് എന്നാണ് ആരോപണം.
സാമൂഹികപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്ത് എത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം എക്‌സിന്റെ നിരോധനം ഒരാഴ്ചയ്ക്കകം പിൻവലിക്കാൻ സിന്ധ് ഹൈക്കോടതി ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ വിവിധ കോടതികളിൽ എക്‌സിന്റെ നിരോധനം സംബന്ധിച്ച് ഹർജികൾ നിലനിൽക്കുന്നുണ്ട്.
Adjust Story Font
16