റഷ്യക്കു നേരെ നടുവിരൽ ഉയർത്തി സൈനികൻ; പുതിയ സ്റ്റാംപ് പുറത്തിറക്കി യുക്രൈൻ
തങ്ങളുടെ പ്രതിഷേധം അറിയിക്കുന്ന സ്‌നേക്ക് ഐലന്റിലെ ഭടന്റെ ചിത്രമാണ് സ്റ്റാമ്പിലുള്ളത്
റഷ്യൻ സൈനികർക്ക് നേരെ നടുവിരൽ ഉയർത്തിയുള്ള സൈനികന്റെ ഫോട്ടോ പതിപ്പിച്ചുള്ള സ്റ്റാംപ് പുറത്തിറക്കി യുക്രൈൻ. തങ്ങളുടെ പ്രതിഷേധം അറിയിക്കുന്ന സ്‌നേക്ക് ഐലന്റിലെ ഭടന്റെ ചിത്രമാണ് സ്റ്റാമ്പിലുള്ളത്.
യുക്രൈൻ തപാൽ വകുപ്പ് ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ നിന്നാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. ലിവിവിൽ നിന്നുള്ള ആർട്ടിസ്റ്റ് ബോറിസ് ഗ്രോയെ എന്നയാൾ ഡിസൈൻ ചെയ്ത ചിത്രമാണിത്. 500ലധികം ഡിസൈനുകളിൽ നിന്ന് തെരഞ്ഞെടുത്ത ചിത്രം യുക്രൈൻ വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
ആർട്ടിസ്റ്റ് ബോറിസിന്റെ ചിത്രത്തിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചതെന്നും യുക്രൈൻ തപാൽ വകുപ്പ് ഉടൻ സ്റ്റാമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ സൈന്യത്തിന്റെ പോരാട്ട വീര്യവും മനോധൈര്യവും ഉയർത്താനും വിദേശ രാജ്യങ്ങളുടെ ശ്രദ്ധ രാജ്യത്തിന് കൂടുതൽ ലഭിക്കുന്നതിനുമാണ് ആർട്ടിസ്റ്റ് ബോറിസ് ഇത്തരത്തിലൊരു ചിത്രം തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശം ആരംഭിച്ച സമയത്ത് സ്‌നേക്ക് ഐലന്റിലെ അതിർത്തി സൈന്യത്തോട് റഷ്യൻ സൈനികർ കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭീഷണി വകവെക്കാതെ തന്റെ നടുവിരൽ ഉയർത്തിക്കാട്ടി റഷ്യൻ യുദ്ധക്കപ്പലിനോട് 'തിരിച്ച് പോകൂ' എന്ന് ആവശ്യപ്പെട്ട പതിമൂന്ന് പേരെയും റഷ്യൻ സൈന്യം കൊലപ്പെടുത്തിയെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇവർ കൊല്ലപ്പെട്ടിട്ടില്ലെന്നും റഷ്യൻ സേനയുടെ തടവിലാണെന്നുമുള്ള റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16