ചിലരെ ഇനി ആവശ്യമില്ല; ആമസോണ്‍ പണി തുടങ്ങി
ആഴത്തിലുള്ള അവലോകനങ്ങൾക്ക് ശേഷം, ഞങ്ങൾ അടുത്തിടെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കാൻ തീരുമാനിച്ചു
സാന്‍ഫ്രാന്‍സിസ്കോ: ഇ-കൊമേഴ്സ് കമ്പനിയായ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങി. ഈ ആഴ്ച കമ്പനിയിലുടനീളം ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
''ആഴത്തിലുള്ള അവലോകനങ്ങൾക്ക് ശേഷം, ഞങ്ങൾ അടുത്തിടെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കാൻ തീരുമാനിച്ചു. ഈ തീരുമാനങ്ങളുടെ ഒരു അനന്തരഫലമായി ചില റോളുകൾ ഇനി ആവശ്യമില്ല," ഹാർഡ്‌വെയർ മേധാവി ഡേവ് ലിംപ് ബുധനാഴ്ച തൊഴിലാളികൾക്ക് നല്‍കിയ മെമ്മോയിൽ എഴുതി. ''തൽഫലമായി, ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ഓർഗനൈസേഷനിൽ നിന്ന് കഴിവുള്ള ആമസോണുകാരെ നഷ്ടപ്പെടുമെന്ന് അറിയാവുന്നതിനാൽ ഈ വാർത്ത നൽകേണ്ടിവരുന്നത് എന്നെ വേദനിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലിനാണ് കളമൊരുങ്ങുന്നത്. റീട്ടെയിൽ ഡിവിഷൻ, ഹ്യൂമൻ റിസോഴ്‌സ് എന്നിവയ്‌ക്കൊപ്പം അലക്‌സ വോയ്‌സ് അസിസ്റ്റന്‍റിന്‍റെ ഉത്തരവാദിത്തം ഉൾപ്പടെയുള്ള ഗ്രൂപ്പിനെയാണ് വെട്ടിക്കുറയ്ക്കുന്നത്. മാസങ്ങൾ നീണ്ട അവലോകനത്തിന് ശേഷം ആമസോൺ ചില ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാർക്ക് കമ്പനിക്കുള്ളിലെ മറ്റ് അവസരങ്ങൾ തേടാൻ മുന്നറിയിപ്പ് നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏതാനും പാദങ്ങള്‍ ലാഭകരമല്ലാത്തതുകൊണ്ടാണ് ആമസോണ്‍ പിരിച്ചുവിടല്‍ നടപടിയിലേക്ക് കടന്നത്.
Adjust Story Font
16