Quantcast

റീമിന്റെ 'പ്രാണന്റെ പ്രാണനും' ഇനിയില്ല; ലോകത്തിന്റെ നൊമ്പരക്കാഴ്ചയായി മാറിയ ഖാലിദ് നബ്ഹാൻ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

ജീവനറ്റ് കിടക്കുന്ന റീമിനെ ഇരുകരങ്ങളിലും കോരിയെടുത്ത് താലോലിക്കുകയും ശരീരത്തിലുടനീളം ചുടുചുംബനം നൽകുകയും ചെയ്യുന്ന ഖാലിദിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ ലോകത്തിന്റെ നോവായി മാറിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-17 12:41:47.0

Published:

17 Dec 2024 5:02 AM GMT

Khaled Nabhan, Reems grandfather who moved world with ‘soul of my soul’ remarks killed in Israel shelling in Gaza, Soul of my soul grandfather, Gaza attack, Israel,
X

ഗസ്സ സിറ്റി: 'എന്റെ പ്രാണന്റെ പ്രാണനാണിവൾ. ആ കവിളിലും മൂക്കിലും കണ്ണിലുമെല്ലാം എപ്പോഴും മുത്തം കൊടുക്കാറുണ്ട് ഞാൻ. അപ്പോഴവൾ കുണുങ്ങിക്കുണുങ്ങി ചിരിക്കും. ഒരിക്കൽ കൂടി മുത്തം കൊടുത്തുനോക്കി. ഒരനക്കവുമില്ല.. അവൾ ഉണർന്നതേയില്ല..'

ഒരു കുഞ്ഞുബാലികയുടെ ചേതനയറ്റ ശരീരം നെഞ്ചോട് ചേർത്ത് അമർത്തിപ്പിടിച്ച്, നെറ്റിയിലും കവിളിലും കണ്ണുകളിലുമെല്ലാം തുരുതുരാ ചുംബിക്കുന്ന ഒരു വയോധികൻ! ഒരു വർഷം മുൻപ് ലോകമനഃസാക്ഷിയെ പിടിച്ചുലച്ച രംഗമായിരുന്നു അത്. ആ കുഞ്ഞുബാലിക ഗസ്സയിലെ അഭയാർഥി ക്യാംപുകളിലൊന്നിൽ കഴിഞ്ഞ മൂന്ന് വയസുകാരി റീം. വയോധികൻ അവളുടെ മുത്തച്ഛൻ ഖാലിദ് നബ്ഹാൻ. 'പ്രാണന്റെ പ്രാണൻ' എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഖാലിദും ഇപ്പോൾ ഇസ്രായേൽ കുരുതിയിൽ ചേതനയറ്റു കിടക്കുകയാണ്. തെക്കൻ ഗസ്സയിലെ അൽനുസൈറാത്ത് അഭയാർഥി ക്യാംപിൽ കഴിഞ്ഞ ദിവസം രാത്രി ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് 'അബൂ ദിയാ' എന്ന പേരിൽ ഗസ്സക്കാർ സ്‌നേഹത്തോടെ വിളിച്ച ഖാലിദ് കൊല്ലപ്പെട്ടത്.


2023 നവംബറിന്റെ ഒരു രാത്രിയിലാണ്, നുസൈറാത്തിലെ അഭയാർഥി ക്യാംപിൽ ഉറങ്ങിക്കിടന്ന റീമും അഞ്ചു വയസുള്ള സഹോദരൻ താരിഖും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ പേരമക്കൾക്കൊപ്പം പ്രിയപ്പെട്ട പലരെയും നഷ്ടപ്പെട്ടു ഖാലിദ് നബ്ഹാന്. കിടപ്പാടം പൂർണമായി തകർന്നു. ജീവനറ്റ് കിടക്കുന്ന റീമിനെ ഇരുകരങ്ങളിലും കോരിയെടുത്ത് താലോലിക്കുകയും ശരീരത്തിലുടനീളം കണ്ണീർ ചാലിച്ച അവസാനത്തെ ചുടുചുംബനം നൽകുകയും ചെയ്യുന്ന ഖാലിദിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ ലോകത്തിന്റെ നോവായി മാറുന്നത് അങ്ങനെയാണ്. ഇപ്പോഴിതാ റീമിനൊപ്പം അവളുടെ പ്രിയപ്പെട്ട 'അബ്ബ'യും ചേർന്നിരിക്കുന്നു.


ഡിസംബർ 16ന് നുസൈറാത്ത് ക്യാംപിൽ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് ഖാലിദ് നബ്ഹാൻ കൊല്ലപ്പെട്ടതെന്നാണ് അനന്തരവൻ സഈദ് നബ്ഹാൻ അന്താരാഷ്ട്ര മാധ്യമമായ 'സിഎൻഎന്നി'നോട് പറഞ്ഞത്. രക്ഷാപ്രവർത്തനത്തിനിടെയും ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയായിരുന്നു. ഇതിനിടയിൽ ഷെൽ പതിച്ചാണ് അദ്ദേഹം തൽക്ഷണം മരിച്ചത്. ഖാലിദിന്റെ 'അബൂ ഹജർ' കുടുംബത്തിൽനിന്നു നാലുപേർകൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ വാർത്താ ഏജൻസിയായ 'വഫാ' റിപ്പോർട്ട് ചെയ്യുന്നത്. ഒരു കുഞ്ഞും അക്കൂട്ടത്തിലുണ്ട്.


റീമിന്റെയും താരിഖിന്റെയും മരണശേഷവും ഖാലിദ് നബ്ഹാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. അഭയാർഥി ക്യാംപുകളിലും ഇസ്രായേൽ കൂട്ടക്കുരുതിയുടെ നടുക്കം പേറുന്ന കുഞ്ഞുങ്ങൾക്കിടയിലും ആശ്വാസത്തിന്റെ കരങ്ങൾ നീട്ടി 'അബൂ ദിയാ' എത്തി. അഭയാർഥി ക്യാംപുകളിലെല്ലാം അദ്ദേഹം ഓടിയെത്തി. അവിടെ വിശന്നു കരയുന്ന കുഞ്ഞുങ്ങളെ ഊട്ടിയും കൊടുംതണുപ്പിൽ അവർക്ക് പുതപ്പുകൾ സമ്മാനിച്ചും മാറോട് ചേർത്തണച്ചും റീമിന്റെ ഓർമകളിൽ ജീവിച്ചു. കളിക്കോപ്പുകളും മിഠായികളുമായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരുടെ കണ്ണുകളുടെ തിളക്കത്തിൽ ആനന്ദംകൊണ്ടു. അഭയാർഥി ക്യാംപിലെ 'കുട്ടിക്കളി'കളിൽ പങ്കുചേർന്ന് അവരിൽ അലിഞ്ഞുചേർന്നു. ദിവസവും ഇടതടവില്ലാതെ നടക്കുന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ഖാലിദ് എത്തി. പരിക്കേറ്റവരെ ശുശ്രൂഷിക്കാനും പരിചരിക്കാനും ആശുപത്രിയിലെത്തിക്കാനും മുന്നിൽനിന്നു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഭീകര കൂട്ടക്കുരുതിക്കു മുന്നിലെ ഫലസ്തീൻ ദൈന്യതയുടെ മുഖമായാണ് ഖാലിദിനെ ലോകം കണ്ടത്. ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായും അദ്ദേഹം മാറി. ബൈഡൻ ഭരണകൂടം ഇസ്രായേൽ ആക്രമണത്തിനു നൽകിയ നിരുപാധിക പിന്തുണയ്‌ക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയിൽ ഡെമോക്രാറ്റ് അനുകൂലികൾ നടത്തിയ കാംപയിനിലും ഖാലിദ് നബ്ഹാന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചാരണായുധമായി. കാംപയിനിനു പിന്തുണ അറിയിച്ചു രംഗത്തെത്തിയ മിഷിഗണിലെ ഡിയർബോൺ മേയർ അബ്ദുല്ല ഹമ്മൂദ് ഉൾപ്പെടെയുള്ള പ്രമുഖരും അദ്ദേഹത്തെ ഓർത്തെടുത്തു. 'നമ്മുടെ മുത്തച്ഛൻ ഖാലിദിനും അദ്ദേഹത്തിന്റെ പ്രാണന്റെ പ്രാണൻ റീമിനും വേണ്ടി' സമ്മതിദാനാവകാശം വിനിയോഗിക്കാനായിരുന്നു അന്ന് ആഹ്വാനമുയർന്നത്.

Summary: Khaled Nabhan, the grandfather who moved world with ‘soul of my soul’ remarks killed in Israel shelling in Gaza

TAGS :

Next Story