'തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നു, നഗരത്തിന് മരണത്തിന്‍റെ മണം'
22 ലക്ഷത്തിലധികം ആളുകളാണ് ദുരന്തഭൂമിയിൽ നിന്നും എല്ലാം ഉപേക്ഷിച്ച് പോയത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകർന്നടിഞ്ഞു
അങ്കാറ: ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 40,000 കടന്നു. ദുരന്തം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും തെക്കൻ തുർക്കിയിലെ തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇപ്പോഴും ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൂടുതൽ ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇത് നൽകുന്നത്. ചൊവ്വാഴ്ച്ച തുർക്കിയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒമ്പത് പേരെയാണ് രക്ഷപ്പെടുത്തിയത്. കടുത്ത തണുപ്പിൽ പാർപ്പിടമോ ഭക്ഷണമോ ഇല്ലാതെ ലക്ഷക്കണക്കിനാളുകളാണ് ബുദ്ധിമുട്ടുന്നത്.
24 മണിക്കൂറും വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്ന തുർക്കി രക്ഷാസംഘത്തിന് നിരവധി അന്താരാഷ്ട്ര സംഘടനകളുടെ സഹായവും ലഭിക്കുന്നുണ്ട്. മനംമടുപ്പിക്കുന്ന കാഴ്ച്ചകളാണ് ചുറ്റുപാടുമെന്ന് തുർക്കിയിലെ അന്റാക്കിയയിലെ കെട്ടിടാവിശിഷ്ടങ്ങളിൽ ഒരാഴ്ച്ചയായി രക്ഷാപ്രവർത്തനം നടത്തുന്ന സലാം അൽദീൻ പറയുന്നു. എന്റെ ജീവതത്തിൽ ഇത്രയധികം മൃതദേഹങ്ങൾ ഞാൻ ഒരുമിച്ച് കണ്ടിട്ടില്ല. അർമ്മഗെദ്ദോൻ സിനിമയിലെ രംഗങ്ങൾക്ക് സമാനമാണ് കാഴ്ച്ചകൾ. കാഴ്ച്ചകൾ വിശ്വസിക്കാനാവുന്നില്ല. നഗരത്തിന് മൃതദേഹങ്ങളുടെ ഗന്ധമാണ്. അൽദീൻ യു.എസ്.എ ടുഡേയോട് പറഞ്ഞു.
17 ഉം 21 വയസുള്ള രണ്ട് സഹോദരൻമാരെയാണ് ചൊവ്വാഴ്ച്ച കറാമൻമാറാസിലെ തകർന്നടിച്ച കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയത്. സിറിയൻ യുവാവിനേയും യുവതിയേയും 200 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷപ്പെടുത്തിയത്. ഈ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ ജീവനോടെ അവശേഷിക്കുന്നണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. തുർക്കിയിലെ അദിയാമൻ പ്രവശ്യയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും 77 കാരനേയും 18 വയസുള്ള പെൺകുട്ടിയേയും 212 മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുത്തത്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ പറഞ്ഞു. ''നമ്മുടെ രാജ്യത്ത് മാത്രമല്ല, മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അവസാന പൗരനേയും പുറത്തെടുക്കുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂകമ്പത്തിന്റെ ഭീകരത തുർക്കിയിലേയും സിറിയയിലേയും കുടുംബങ്ങളെ മാനസികമായും ഏറെ ബാധിച്ചിട്ടുണ്ട്. അതിന്റെ ഭീകരത കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ അലട്ടുന്നുമുണ്ട്. 22 ലക്ഷത്തിലധികം ആളുകളാണ് ദുരന്തഭൂമിയിൽ നിന്നും എല്ലാം ഉപേക്ഷിച്ച് പോയത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകർന്നടിഞ്ഞു
രണ്ടു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ വിറച്ച് തുർക്കി. ഫെബ്രുവരി ആറിനാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ദക്ഷിണ തുർക്കി, വടക്കൻ സിറിയ പ്രദേശങ്ങളെയാണ് ഭൂകമ്പം തകർത്തുകളഞ്ഞത്. തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.
Adjust Story Font
16