ഒടുവിൽ പുറത്തേക്ക്: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്ത് പാർലമെന്റ്
പ്രതിപക്ഷം ഉത്തരകൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നാരോപിച്ചാണ് യൂൻ സുക് യൂൾ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്
യൂൻ സുക് യോൾ
സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യൂളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ പിന്നാലെയാണ് ദേശീയ അസംബ്ലി അംഗങ്ങൾ സുക് യോളിനെ ഇംപീച്ച് ചെയ്ത് പുറത്താക്കിയത്. 300 അംഗ പാർലമെൻറിൽ 85നെതിരെ 204 വോട്ടുകൾക്കാണ് പാർലമെന്റ് പ്രമേയം പാസാക്കിയത്. എട്ട് വോട്ടുകൾ അസാധുവാവുകയും, മൂന്ന് പേർ വിട്ട് നിൽക്കുകയും ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു.
തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് യൂനിനെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെതിരെ രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇംപീച്ച്മെന്റ്. ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ അധികാരങ്ങളും ചുമതലകളും താൽക്കാലിമായി റദ്ദാക്കപ്പെടും. തീരുമാനത്തെ വെല്ലുവിളിച്ച് യൂനിന് ഭരണഘടനാ കോടതിയെ സമീപിക്കാം.
പ്രസിഡന്റിനെ നീക്കം ചെയ്യുന്നതിനെ പിന്തുണച്ച് പാർലമെന്റിന് പുറത്ത് 200,000 ലധികം പേർ തടിച്ച് കൂടിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. പ്രസിഡന്റിനെ പിന്തുണച്ചും നിരവധി പേർ പ്രദേശത്ത് എത്തിയിരുന്നു. ഇവർ ദക്ഷിണ കൊറിയൻ, അമേരിക്കൻ പതാകകൾ വീശി റാലി നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞയാഴ്ചയും യൂനിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ഭരണകക്ഷി അംഗങ്ങൾ സഭ നടപടികൾ ബഹിഷ്കരിച്ചതോടെ ശ്രമം പരാജയപ്പെട്ടു.
പ്രതിപക്ഷം ഉത്തരകൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നാരോപിച്ചാണ് യൂൻ സുക് യൂൾ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം സമാന്തരസർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തുടങ്ങിയ ആരോപണങ്ങളും പ്രസിഡന്റ് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പാർലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ ഉണ്ടായതോടെ ആറ് മണിക്കൂറിന് ശേഷം പട്ടാളനിയമം റദ്ദാക്കി.
Adjust Story Font
16