'ഞങ്ങൾ തലതാഴ്ത്തുന്നു'; ദക്ഷിണകൊറിയ വിമാനാപകടത്തില്‍ മാപ്പ് പറഞ്ഞ് വിമാന കമ്പനി
അപകടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് ജെജു എയർ സിഇഒ പറഞ്ഞു
സോൾ: ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാന കമ്പനിയായ ജെജു എയര്‍. ജെജു എയർ സിഇഒ കിം ഇ-ബേയും ഉദ്യോഗസ്ഥരുമാണ് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തലതാഴ്ത്തി നിന്നത്. അപകടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് ജെജു എയർ സിഇഒ പറഞ്ഞു.
ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ജെജു എയര്‍ വെബ്‌സൈറ്റില്‍ പൊതുമാപ്പ് നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുഖസൂചകമായി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മിനിമല്‍ ഡിസൈനിലേക്ക് മാറി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും നിലവില്‍ സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തന സര്‍വീസ് മാത്രമാണ് നടക്കുന്നതെന്നും ജെജു എയര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ പ്രാദേശിക സമയം ഒമ്പതോടെയായിരുന്നു അപകടമുണ്ടായത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ച് തകരുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന് തീ പിടിക്കുകയും ചെയ്തു. അപകടത്തിൽ 179 പേർ മരിച്ചെന്നാണ് വിവരം.
അപകട കാരണം വ്യക്തമായിട്ടില്ല. പക്ഷിയിടിച്ചതും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാദേശിക അഗ്നിശമനസേനാ മേധാവി പറഞ്ഞത്. എന്നാൽ ലാൻഡിങ് ഗിയറിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. വിമാനം തകർന്നു വീഴാനുള്ള കാരണമെന്താണെന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണെന്ന് ഏവിയേഷൻ പോളിസി ഡയറക്ടർ ജു ജോങ്-വാൻ പറഞ്ഞു.
Adjust Story Font
16