Quantcast

വിദേശ, സുരക്ഷാ നയങ്ങള്‍ മാറ്റമില്ലാതെ തുടരും; ദക്ഷിണ കൊറിയന്‍ ആക്ടിങ് പ്രസിഡന്റ്

സര്‍ക്കാരുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    15 Dec 2024 11:56 AM GMT

വിദേശ, സുരക്ഷാ നയങ്ങള്‍ മാറ്റമില്ലാതെ തുടരും; ദക്ഷിണ കൊറിയന്‍ ആക്ടിങ് പ്രസിഡന്റ്
X

സിയോൾ: ദക്ഷിണ കൊറിയയുടെ വിദേശ, സുരക്ഷാ നയങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂ. ദക്ഷിണ കൊറിയ-യുഎസ് സഖ്യം നിലനിര്‍ത്തുമെന്നും ഹാന്‍ ഡക്ക് സൂ പറഞ്ഞു. ചുമതലയേറ്റതിന് പിന്നാലെ ഹാന്‍ ഡക്ക് സൂ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു.

പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രസിഡന്റായിരുന്ന യൂന്‍ സുക് യോലിനെ ഇംപീച്ച്‌മെന്റ് ചെയ്തതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയായിരുന്ന ഹാന്‍ ഡക്ക് സൂവിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. പട്ടാള നിയമം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ ഹാന്‍ ഡക്ക് സൂവിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവ് ലീ ജാ മ്യുങ് വ്യക്തമാക്കി.

'പ്രധാനമന്ത്രിയെ ആക്ടിംഗ് പ്രസിഡൻ്റായി ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിനെതിരായ ഇംപീച്ച്‌മെന്റ് രാജ്യത്തിന്റെ രാഷ്ട്രീയ പ്രതിസന്ധിക്കും ഭരണ അസ്ഥിരതയ്ക്കും കാരണമാകാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഇല്ലാതിരിക്കാൻ ഇംപീച്ച്‌മെൻ്റ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ഞങ്ങളുടെ തീരുമാനം' എന്ന് ലീ ജാ മ്യുങ് പറഞ്ഞു. രാജ്യത്തിന്റെ താല്‍പ്പര്യം പരിഗണിച്ച് പുതിയ സര്‍ക്കാരുമായി പ്രതിപക്ഷം സഹകരിക്കുമെന്നും മ്യുങ് അറിയിച്ചു. യൂന്‍ സുക് യോലിന്റെ ഇംപീച്ച്‌മെന്റ് നടപടിയില്‍ ഭരണഘടനാ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ദേശീയ അസംബ്ലി അംഗങ്ങൾ ചേർന്ന് ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്ത് പുറത്താക്കിയത്. 300 അംഗ പാര്‍ലമെന്റില്‍ 204 പേരാണ് ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തത്. 85 പേര്‍ ഇംപീച്ച്‌മെന്റിനെ എതിര്‍ത്തപ്പോൾ എട്ട് വോട്ടുകൾ അസാധുവാവുകയും മൂന്ന് പേർ വിട്ട് നിൽക്കുകയും ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി പതിനായിരക്കണക്കിന് ആളുകളാണ് കൊടും തണുപ്പിനെ അവഗണിച്ച് തലസ്ഥാനമായ സിയോളിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്. യൂനിനെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിപക്ഷം ഉത്തരകൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നാരോപിച്ചാണ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം സമാന്തരസർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാൽ പാർലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ ഉണ്ടായതോടെ ആറ് മണിക്കൂറിന് ശേഷം പട്ടാളനിയമം റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇംപീച്ച് പ്രമേയത്തിലെ രണ്ടാമത്തെ വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയിലെ മിക്ക അംഗങ്ങളും വോട്ട് ബഹിഷ്‌കരിച്ചതുകാരണം ഇംപീച്ച്‌മെന്റില്‍ നിന്ന് യൂന്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ യൂനിനെതിരായ പൊതുജന പ്രതിഷേധം ശക്തമാവുകയും അദ്ദേഹത്തിന്റെ ജനപ്രീതി കുറയുകയും ചെയ്തു. ഇതോടെ രണ്ടാമത്തെ വോട്ടെടുപ്പില്‍ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്യാന്‍ പീപ്പിള്‍ പവര്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു.

യൂന്‍ സുക് യോലിന്റെ ഇംപീച്ച്‌മെന്റില്‍ ഭരണഘടനാ കോടതി നാളെ നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതോടെ യൂന്‍ സുക് യോലിന്റെ പ്രസിഡന്റ് അധികാരങ്ങള്‍ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഒമ്പത് അംഗങ്ങളുള്ള കോടതിയില്‍ 7 അംഗങ്ങള്‍ തീരുമാനം ശരിവച്ചാല്‍ യൂന്‍ സുക് യോല്‍ പുറത്താകും. യോലിന്റെ ഇംപീച്ച്മെന്റിൽ 180 ദിവസത്തിനകം ഭരണഘടനാ കോടതി അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടാല്‍ 60 ദിവസത്തിനുള്ളില്‍ അടുത്ത പ്രസിഡന്റിനെ കണ്ടെത്തുന്നതിനായി തെരഞ്ഞെടുപ്പ് നടത്തണം.

TAGS :

Next Story