ആഭ്യന്തര കലാപം കെട്ടടങ്ങാതെ ശ്രീലങ്ക; സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിൽ സര്‍ക്കാര്‍
പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി ഉള്‍പ്പെടെ പ്രക്ഷോഭകര്‍ കയ്യടക്കിയതോടെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായി
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിൽ സര്‍ക്കാര്‍. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി ഉള്‍പ്പെടെ പ്രക്ഷോഭകര്‍ കയ്യടക്കിയതോടെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായി.
പ്രസിഡന്‍റ് ഗോതബയ രജപക്സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു. ഗോതബായ രാജപക്‌സെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഉടന്‍ രാജിവയ്ക്കണമെന്ന തീരുമാനമാണ് സര്‍വകക്ഷി യോഗത്തില്‍ ആദ്യമുണ്ടായത്. ഇതിന് പിന്നാലെ യോഗ തീരുമാനം മാനിച്ച് സർക്കാരിന്‍റെ തുടർച്ച ഉറപ്പാക്കാനും ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്തും റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി പദം രാജിവച്ചിരുന്നു. അതേസമയം, പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി വളഞ്ഞതോടെ കൊട്ടാരം വിട്ട പ്രസിഡന്‍റ് ഇതുവരെ രാജി പ്രഖ്യാപിച്ചിട്ടില്ല. പൊലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പതിനായിരക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറിയത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലുമാണ് പ്രക്ഷോഭകര്‍ കൊളംബോയിലേക്ക് എത്തിയത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. രാജിവെച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മുന്നില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.
Adjust Story Font
16