ശ്രീലങ്കയുടെ ദേശീയ സുരക്ഷ, ലോകമെങ്ങും ആരാധകർ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന ചരിഞ്ഞു
നെടുങ്കമുവയുടെ മൃതദേഹം ദേശീയ നിധിയായി പ്രഖ്യാപിച്ച് വരുംതലമുറയ്ക്കായി സൂക്ഷിക്കാൻ ശ്രീലങ്കൻ പ്രസിഡന്‍റ് നിർദേശം നൽകി.
ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയെന്നറിയപ്പെടുന്ന നെടുങ്കമുവ രാജ ചരിഞ്ഞു. 69 വയസ്സായിരുന്നു. ശ്രീലങ്കയിലെ ഗമ്പഹ ജില്ലയിലാണ് ആന ചരിഞ്ഞത്. 10.5 അടി ഉയരമുണ്ടായിരുന്ന ആനയ്ക്ക് ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്നു. ആനയുടെ മൃതദേഹം ദേശീയ നിധിയായി പ്രഖ്യാപിച്ച് വരുംതലമുറയ്ക്കായി സൂക്ഷിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്ഷെ നിർദേശം നൽകി.
കര്‍ണാടകയിലെ മൈസൂരുവിലായിരുന്നു നെടുങ്കമുവ രാജയുടെ ജനനം. ശ്രീലങ്കയിലെ കാൻഡിയിലെ പ്രശസ്തമായ ബുദ്ധക്ഷേത്രത്തിൽ ശ്രീബുദ്ധന്റെ ദന്താവശിഷ്ടം സ്വര്‍ണപേടകത്തിലാക്കി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. 11 വർഷമായി തുടർച്ചയായി പേടകം വഹിക്കുന്നത് നെടുങ്കമുവയാണ്. ലോകം മുഴുവന്‍ നിരവധി ആരാധകരുമുണ്ട് ഈ ഗജരാജന്.
മൈസൂർ മഹാരാജാവ് തന്റെ ബന്ധുക്കളിൽ ഒരാളുടെ അസുഖം ഭേദമാകാൻ ബുദ്ധ സന്യാസിക്ക് സമ്മാനിച്ച രണ്ട് ആനക്കുട്ടികളിൽ ഒന്നാണ് രാജ എന്നാണ് പറയപ്പെടുന്നത്. രണ്ടാമത്തെ ആന നവാം രാജ 2011ൽ ചരിഞ്ഞിരുന്നു. നെടുങ്കമുവയുടെ അന്ത്യകർമങ്ങളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ഉടമ ഡോ.ഹർഷ ധർമ്മവിജയ അറിയിക്കുന്നത്.
Adjust Story Font
16