Quantcast

'നെഹ്‌റു കാണിച്ച വഴിയിലൂടെ ഇന്ത്യ കുതിക്കുന്നു'; ഡോര്‍ണിയര്‍ ഏറ്റുവാങ്ങി ഇന്ത്യയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിനാശംസ

''ഇന്ത്യ ലോകശക്തിയായി മാറുകയാണ്. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ശക്തമായൊരു ഇന്ത്യ ആഗോളതലത്തിൽ സുപ്രധാന പങ്കുവഹിക്കുന്നത് നിങ്ങൾക്ക് കാണാം. അതു പണ്ഡിറ്റ് നെഹ്‌റുവിനുള്ള ആദരമായിരിക്കും.''

MediaOne Logo

Web Desk

  • Updated:

    2022-08-15 17:33:21.0

Published:

15 Aug 2022 5:11 PM GMT

നെഹ്‌റു കാണിച്ച വഴിയിലൂടെ ഇന്ത്യ കുതിക്കുന്നു; ഡോര്‍ണിയര്‍ ഏറ്റുവാങ്ങി ഇന്ത്യയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിനാശംസ
X

കൊളംബോ: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസ അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ വാനോളം പുകഴ്ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യയുടെ സമുദ്രനിരീക്ഷണ വിമാനമായ ഡോർണിയർ ശ്രീലങ്കയ്ക്ക് കൈമാറുന്ന ചടങ്ങിലായിരുന്നു റനിലിന്‍റെ പ്രസംഗം.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു നടത്തിയ the tryst with destiny എന്ന പ്രസംഗം കേൾക്കുകയായിരുന്നു താൻ കഴിഞ്ഞ ദിവസം എന്നു പറഞ്ഞായിരുന്നു റനിൽ പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിൽനിന്നുള്ള ഇങ്ങനെയൊരു ഭാഗവും അദ്ദേഹം ഉദ്ധരിച്ചു:

''ഇന്ന് നാം ആഘോഷിക്കുന്ന നേട്ടം, നമ്മെ കാത്തിരിക്കുന്ന മഹത്തായ വിജയങ്ങളിലേക്കും നേട്ടങ്ങളിലേക്കുമുള്ള ചവിട്ടുപടിയും അവസരങ്ങൾ തുറക്കലുമാണ്. ഈ അവസരം മുതലെടുക്കാനും ഭാവിയുടെ വെല്ലുവിളി സ്വീകരിക്കാനും വേണ്ടത്ര ധൈര്യവും വിവേകവുള്ളവരാണോ നമ്മൾ?''

പണ്ഡിറ്റ് നെഹ്‌റു കാണിച്ച വഴിയിൽ ഇന്ത്യ പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണെന്നും റനിൽ വിക്രമസിംഗെ പറഞ്ഞു. നിങ്ങൾ വിതച്ചത് ഇപ്പോൾ കൊയ്യുകയാണ്. ഇന്ത്യ ഇപ്പോൾ ലോകശക്തിയായി മാറുകയാണ്. ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ആഗോളതലത്തിൽ ശക്തമായൊരു ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്നത് നിങ്ങൾക്ക് കാണാം. അതുതന്നെ പണ്ഡിറ്റ് നെഹ്‌റുവിനുള്ള ആദരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെഹ്‌റുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള ഈ പ്രസംഗത്തിൽ ഒരു ഓർമകൂടി പങ്കുവയ്ക്കുകയാണ്. ഇന്ത്യയിലെ മുൻനിര രാഷ്ട്രീയക്കാരിൽ ഒരാളും നെഹ്‌റുവിന്റെ എതിരാളിയുമായ മുൻ പ്രധാനമന്ത്രി വാജ്‌പെയ് പാർലമെന്റിൽ ഒരു പ്രസംഗം നടത്തുകയുണ്ടായി. അതിൽ നെഹ്‌റുവിനെ പാതി ചർച്ചിലും പാതി ചേംബലിനുമാണെന്നാണ് വിശേഷിപ്പിച്ചത്. അന്നു വൈകീട്ട് ഒരു വിരുന്നിൽ രണ്ടുപേരും കണ്ടുമുട്ടി. താങ്കൾ മികച്ചൊരു പ്രസംഗമാണ് നടത്തിയിരിക്കുന്നതെന്നു പറഞ്ഞ് പിറകിൽ തട്ടുകയാണ് നെഹ്‌റു ചെയ്തത്. അത് നെഹ്‌റുവിന്റെ മഹത്വത്തിന്റെ അടയാളമാണെന്നും റനിൽ ചൂണ്ടിക്കാട്ടി.

Summary: 'India marches on the path shown by Pandit Nehru'; Sri Lanka President Ranil Wickremesinghe praises India's first PM in Independence day message

TAGS :

Next Story