'ഇന്ധനത്തിനായി 500 മില്യൺ ഡോളർ വേണം'; ഇന്ത്യയോട് വായ്പ തേടി ശ്രീലങ്ക
ഡീസലിനും പെട്രോളിനുമായി ദ്വീപ് രാഷ്ട്രം ഇതുവരെ 700 മില്യൺ ഡോളർ ഇന്ത്യയോട് വായ്പയെടുത്തിട്ടുണ്ട്
കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്ധന ഇറക്കുമതിക്കായി 500 മില്യൺ ഡോളർ വായ്പ അവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയും ഇന്ത്യയും തമ്മിൽ ചർച്ച നടക്കുകയാണ്. ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മൊറഗോഡ കഴിഞ്ഞയാഴ്ച ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഈ വിഷയം ചർച്ച ചെയ്തതായി ഡെയ്ലി മിറർ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ മുൻപ് നൽകിയ 500 മില്യൺ ഡോളറിന് പുറമെയാണ് പുതിയ വായ്പ.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. ഭക്ഷണം, ഇന്ധനം, മറ്റടിസ്ഥാന ആവശ്യങ്ങൾ എന്നവയുടെ ദൗർലഭ്യത ശ്രീലങ്കയെ വേട്ടയാടുകയാണ്. ഡീസലിനും പെട്രോളിനുമായി ദ്വീപ് രാഷ്ട്രം ഇതുവരെ 700 മില്യൺ ഡോളർ ഇന്ത്യയോട് വായ്പയെടുത്തിട്ടുണ്ട്.
രാജ്യത്ത് തുടരുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പിന്തുണ നൽകുന്ന ഇന്ത്യയെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പ്രശംസിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടണമെന്ന ആഗ്രഹവും അറിയിച്ചു. 260 ദശലക്ഷം ശ്രീലങ്കൻ രൂപ വിലമതിക്കുന്ന 25 ടൺ മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളും ഇന്ത്യ സഹായമായി നൽകിയിരുന്നു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറിടകടക്കാൻ ദേശീയ സമിതി രൂപീകരിക്കുമെന്ന് വിക്രമസിംഗെ പറഞ്ഞിരുന്നു. ദേശീയ സമിതിയിൽ എല്ലാ പാർട്ടിയുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Adjust Story Font
16