Quantcast

പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലാൻ നിർദേശം; ലങ്കയില്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് അമിതാധികാരം

മഹിന്ദ രജപക്‌സെയുടെ വസതിക്കു പുറമെ മന്ത്രിമാരുടെയും ഭരണകക്ഷി എം.പിമാരുടെയും വീടുകൾക്ക് തീയിട്ടിരിക്കുകയാണ് പ്രക്ഷോഭകാരികൾ

MediaOne Logo

Web Desk

  • Updated:

    2022-05-10 16:19:31.0

Published:

10 May 2022 4:04 PM GMT

പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ചുകൊല്ലാൻ നിർദേശം; ലങ്കയില്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് അമിതാധികാരം
X

കൊളംബോ: ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം കടുക്കുന്നതിനിടെ സൈന്യത്തിന് അമിതാധികാരം നൽകി പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ. പൊതുമുതൽ കൊള്ളയടിക്കുകയോ ആളപായം വരുത്തുകയോ ചെയ്യുന്നവരെ വെടിവച്ചു കൊല്ലാൻ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്. കര, വ്യോമ, നാവിക സേനകൾക്കെല്ലാം ഇതിനുള്ള അധികാരം നൽകിയിട്ടുണ്ട്.

അക്രമികളെ വെടിവയ്ക്കാൻ പ്രതിരോധ മന്ത്രാലയമാണ് സൈന്യത്തിന് നിർദേശം നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ മാധ്യമമായ ഡെയ്‌ലി മിറർ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. സൈനിക വക്താവാണ് ഇക്കാര്യം മാധ്യമത്തെ അറിയിച്ചത്. പൊതുസ്വത്തുക്കൾ കൊള്ളയടിക്കുന്നവരടക്കമുള്ള കലാപകാരികളെ നേരിടാനെന്ന പേരിലാണ് നിർദേശം. മന്ത്രിമാരുടെയടക്കം വസതികൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

അതിനിടെ, തലസ്ഥാനമായ കൊളംബോയിലടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ നീട്ടി. നേരത്തെ ബുധനാഴ്ച രാവിലെ വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ വ്യാഴാഴ്ച രാവിലെ ഏഴുമണിവരെ നിലനിൽക്കും.

മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിട്ടും പ്രക്ഷോഭകാരികൾ പിൻവാങ്ങാൻ ഒരുക്കമല്ല. മഹിന്ദയുടെ സഹോദരനും പ്രസിഡന്റുമായ ഗൊട്ടബയ രജപക്‌സെയും രാജിവയ്ക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ഇന്നലെത്തോടെ കൂടുതൽ അക്രമാസക്തമായ പ്രക്ഷോഭം പിടിവിട്ട സ്ഥിതിയിലാണ്. മഹിന്ദയുടെ വസതിക്കു പിന്നാലെ മന്ത്രിമാരുടെയും ഭരണകക്ഷി എം.പിമാരുടെയുമെല്ലാം വീടുകൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടിട്ടുണ്ട്.

മൊറാട്ടുവ മേയർ സാമൻ ലാൽ ഫെർനാണ്ടോ, എം.പിമാരായ സനത് നിഷാന്ത, രമേശ് പതിരാന, മഹിപാല ഹെറാത്ത്, തിസ്സ കുറ്റിയരച്ചി, നിമൽ ലൻസ എന്നിവരുടെയെല്ലാം വസതികൾ അഗ്നിക്കിരയായതായി ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു.

ഹെലികോപ്ടറിൽ സൈനികതാവളത്തിലെത്തിച്ചു; താവളം വളഞ്ഞ് പ്രക്ഷോഭകാരികൾ

അതിനിടെ, മഹിന്ദയും കുടുംബവും സൈനികതാവളത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. പ്രക്ഷോഭകാരികളെ പേടിച്ച് തലസ്ഥാനമായ കൊളംബോയിൽനിന്ന് ഹെലികോപ്ടർ മാർഗമാണ് മഹിന്ദ രജപക്സെയും കുടുംബവും ശ്രീലങ്കയിലെ വടക്കുകിഴക്കൻ പ്രദേശമായ ട്രിൻകോമളീയിയിലെത്തിയത്. ട്രിൻകോമളീയിലെ നാവികതാവളത്തിലാണ് ഇപ്പോൾ മുൻ പ്രധാനമന്ത്രിയും കുടുംബവും കഴിയുന്നത്. കൊളംബോയിൽനിന്ന് 270 കി.മീറ്റർ അലെയാണ് താവളം സ്ഥിതി ചെയ്യുന്നത്.

ഇന്നു പുലർച്ചെയാണ് സൈന്യം ഹെലികോപ്ടർ വഴി കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയായ ടെംപിൾ ട്രീസിൽനിന്ന് മഹിന്ദയെയും കുടുംബത്തെയും ഹെലികോപ്ടർ മാർഗം മാറ്റിയത്. ഈ സമയത്ത് ആയിരക്കണക്കിനു പ്രക്ഷോഭകാരികളാണ് ഔദ്യോഗിക വസതിക്കു പുറത്ത് തമ്പടിച്ചിരുന്നത്. സമരക്കാർ വസതിക്കുനേരെ പത്തോളം പെട്രോൾ ബോംബുകൾ എറിഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. കണ്ണീർവാതകം പ്രയോഗിച്ചും ആകാശത്തേക്ക് വെടിവച്ചുമാണ് ജനക്കൂട്ടത്തെ സൈന്യം ഇവടെനിന്ന് മാറ്റിയത്.

മഹിന്ദയും കുടുംബവും നാവികതാവളത്തിലെത്തിയ വിവരം അറിഞ്ഞ് ജനക്കൂട്ടം അവിടെയും തടിച്ചുകൂടിയിരിക്കുകയാണ്. താവളം വളഞ്ഞിരിക്കുകയാണ് ജനക്കൂട്ടം. മഹിന്ദ രാജ്യം വിടുന്നത് തടയാൻ വിമാനത്താവളത്തിനു പുറത്തും ജനം നിലയുറപ്പിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, മഹിന്ദയും കുടുംബവും രാജ്യംവിടില്ലെന്ന് ഇദ്ദേഹത്തിൻരെ മകൻ വ്യക്തമാക്കിയിട്ടുണ്ട്.

പിടിവിട്ട് പ്രക്ഷോഭം; വഴങ്ങാതെ പ്രതിപക്ഷം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ ആരംഭിച്ച പ്രതിപക്ഷ പ്രക്ഷോഭത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ അക്രമാസക്തരൂപം പ്രാപിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ മഹിന്ദ രജപക്സെ അനുകൂലികൾ പ്രക്ഷോഭവേദി തകർക്കുകയും സമരക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രക്ഷോഭം അക്രമാസക്തമായത്. പ്രക്ഷോഭകർക്കെതിരായ അക്രമങ്ങൾ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ മഹിന്ദ രാജിവച്ചെങ്കിലും പ്രക്ഷോഭം പിടിവിട്ട് ആഭ്യന്തര കലാപമായി മാറിയിരിക്കുകയാണ്. ഇന്നലത്തെ അക്രമസംഭവങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

1948ൽ ശ്രീലങ്ക സ്വതന്ത്രമായതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. നിത്യോപയോഗ സാധനങ്ങൾക്കടക്കമുണ്ടായ കുത്തനെയുള്ള വിലക്കയറ്റത്തൽ പൊറുതിമുട്ടി ഒടുവിൽ ജനം തെരുവിലിറങ്ങുകയായിരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്സെ, പ്രസിഡന്റും സഹോദരനുമായി ഗൊട്ടബയ രജപക്സെ എന്നിവരുടെ രാജി ആവശ്യപ്പെട്ട് വൻ പ്രക്ഷോഭമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രീലങ്കയിൽ നടക്കുന്നത്. ഗൊട്ടബയ നിർദേശിച്ചിട്ടും തുടക്കം മുതൽ മഹിന്ദ രാജിക്ക് ഒരുക്കമായിരുന്നില്ല. പ്രധാനമനന്ത്രിയും പ്രസിഡന്റും ചേർന്നു നിർദേശിച്ച സർവകക്ഷി സർക്കാർ ഫോർമുല പ്രതിപക്ഷം തള്ളിക്കളയുകയും ചെയ്തു. ഇതിനിടെ പാർട്ടിയിൽനിന്നും എതിർപ്പ് ശക്തമായതോടെ മഹിന്ദ രാജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു.

ഇതിനു പിന്നാലെ രജപക്‌സെയുടെ വീടിന് പ്രക്ഷോഭകാരികൾ തീയിട്ടു. മെഡാമുലാനയിലെ കുടുംബവീടിനാണ് പ്രക്ഷോഭകാരികൾ തീയിട്ടത്. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്.എൽ.പി.പി) എം.പിമാരുടെ വീടുകൾക്കുനേരെയും പ്രക്ഷോഭകാരികൾ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ചില എം.പിമാരുടെ വീടുകൾ പ്രക്ഷോഭകാരികൾ തീയിടുകയുമുണ്ടായി. നിരവധി എസ്.എൽ.പി ഓഫീസുകൾക്കു നേരെയും പ്രക്ഷോഭകർ തീവച്ചു. ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പാർലമെന്റിലെ ഭരണകക്ഷി അംഗമായ അമരകീർത്തി അതുകൊരാള കൊല്ലപ്പെട്ടു.

അതിനിടെ, മഹിന്ദയുടെ രാജിക്കു പിന്നാലെ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ഗൊട്ടബയയുടെ ഓഫർ പ്രതിപക്ഷ കക്ഷിയായ എസ്.ജെ.ബി തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രസിഡന്റിനു കീഴിലുള്ള സർക്കാരായിരുന്നു ഗൊട്ടബയയുടെ നിർദേശം. എന്നാൽ, പ്രസിഡന്റും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Summary: Sri Lanka issues shoot-on-sight orders as protests intensify

TAGS :

Next Story