Quantcast

കോവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിച്ച സംഭവം: മുസ്‍ലിം സമുദായത്തോട് മാപ്പ് പറഞ്ഞ് ശ്രീലങ്കൻ സർക്കാർ

ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അവഗണിച്ചായിരുന്നു സര്‍ക്കാര്‍ നിര്‍ബന്ധിത ശവസംസ്കാരം നടത്തിയത്

MediaOne Logo

Web Desk

  • Published:

    24 July 2024 10:37 AM GMT

Sri Lanka, Forced Cremation ,Muslim Covid Victims,Sri Lankan Government Apologises, Covid ,Covid Victims,Sri Lanka Covid,ശ്രീലങ്ക,നിര്‍ബന്ധിത ശവസംസ്കാരം, മുസ്ലിം വിഭാഗത്തോട് മാപ്പ് പറഞ്ഞു
X

കൊളംബോ: ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അവഗണിച്ചും കോവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിച്ച സംഭവത്തിൽ മുസ്‍ലിം ന്യൂനപക്ഷവിഭാഗങ്ങളോട് മാപ്പ് പറഞ്ഞ് ശ്രീലങ്കൻ സർക്കാർ. ഇസ്‍ലാമിക ആചാരങ്ങൾക്കനുസൃതമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ ഖബറടക്കം നടത്തുന്നത് സുരക്ഷിതമാണെന്ന് ലോകാരോഗ്യസംഘടന ഉറപ്പ് നല്‍കിയിരുന്നു. അത് അവഗണിച്ചായിരുന്നു മരിച്ച മുസ്‍ലിം വിഭാഗത്തിലുള്ളവരെയും ശ്രീലങ്കന്‍ സര്‍ക്കാര്‍ ദഹിപ്പിച്ചത്. കുടുംബത്തിന്റെ അഭ്യർഥന അവഗണിച്ചായിരുന്നു മരിച്ചവരെ ദഹിപ്പിച്ചിരുന്നത്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

ഭാവിയിൽ മുസ്‍ലിംകളുടെയോ മറ്റേതെങ്കിലും സമുദായത്തിന്റെയോ ശവസംസ്‌കാര ചടങ്ങുകൾ അവരുടെ വിശ്വാസത്തിന് വിരുദ്ധമായി നടത്തില്ലെന്ന് ഉറപ്പാക്കുമെന്നും ശ്രീലങ്കൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പരമ്പരാഗതമായി, ശ്രീലങ്കയിലെ ഭൂരിഭാഗം ബുദ്ധമതക്കാരും ഹിന്ദുക്കളെപ്പോലെ ശവങ്ങൾ ദഹിപ്പിക്കുകയും മുസ്‍ലിംകള്‍ മരിച്ചവരെ ഖബറടക്കുകയാണ് പതിവ്.

ശ്രീലങ്കയിലെ മുസ്‍ലിം പ്രതിനിധികൾ സർക്കാറിന്റെ ക്ഷമാപണത്തെ സ്വാഗതം ചെയ്തു, എന്നാൽ ശ്രീലങ്കയിലെ 22 ദശലക്ഷം ജനസംഖ്യയുടെ 10 ശതമാനം വരുന്ന മുസ്‍ലിം സമുദായം മുഴുവൻ അതിന്റെ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ലെന്ന് മുസ്‍ലിം കൗൺസിൽ ഓഫ് ശ്രീലങ്കയുടെ വക്താവ് ഹിൽമി അഹമ്മദ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.സർക്കാരിന്റെ നിർബന്ധിത ശവസംസ്‌കാര നയത്തിന് പിന്നിൽ പ്രവർത്തിച്ച അക്കാദമിക് വിദഗ്ധരായ മെത്തിക വിതാനഗെ, ചന്ന ജയസുമന എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ഹിൽമി അഹമ്മദ് വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ച 40 ദിവസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായാണ് ഭരണകൂടം ദഹിപ്പിച്ചത്. അന്ന് ആ മുസ്‍ലിം യുവദമ്പതികൾ അനുഭവിച്ചത് പറഞ്ഞറിയിക്കാനാവാത്ത വേദനയായിരുന്നുവെന്നും ഹിൽമി അഹമ്മദ് പറയുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിച്ചാൽ ജലസ്‌ത്രോതസ്സുകൾ മലിനമാകുമെന്നും അതുവഴി പകർച്ചവ്യാധി കൂടുതൽ വ്യാപിക്കുമെന്നുള്ള ചില വിദഗ്ധരുടെ അഭിപ്രായത്തെ പിൻപറ്റിയാണ് ശ്രീലങ്കൻ സർക്കാർ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോവിഡ് ബാധിച്ച് മരിച്ച 276 മുസ്‍ലിംകളെ അക്കാലത്ത് ദഹിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മുസ്‍ലിം ശവസംസ്‌കാര ചട്ടങ്ങൾ ലംഘിച്ചതിന് യുഎൻ മനുഷ്യാവകാശ കൗൺസിലിലും മറ്റ് ഫോറങ്ങളിലും അന്നത്തെ പ്രസിഡന്‍റ് ഗോതബയ രാജപക്സെ വൻ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കോവിഡ് ഇരകളെ സംസ്‌കരിക്കാൻ അനുവദിക്കരുതെന്ന വിദഗ്ധരുടെ ഉപദേശം താൻ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് രാജപക്സെ പിന്നീട് ന്യായീകരിച്ചിരുന്നു. ശ്രീലങ്കൻ സന്ദർശന വേളയിൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭ്യർഥനയെത്തുടർന്ന് 2021 ഫെബ്രുവരിയിൽ രാജപക്സെ നിർബന്ധിത ശവസംസ്‌കാര നയം അവസാനിപ്പിച്ചത്.

തുടർന്ന് ദ്വീപിന്റെ കിഴക്ക് വിദൂരമായ ഒഡ്മവാടി പ്രദേശത്ത് ശ്മശാനം അനുവദിച്ചിരുന്നു. എന്നാൽ കർശന സൈനിക മേൽനോട്ടത്തിലായിരുന്നു മൃതദേഹങ്ങൾ സംസ്‌കരിച്ചത്. മരണമടഞ്ഞ ആളുടെ കുടുംബാംഗങ്ങളെ ആരെയും അവിടേക്ക് കടത്തിവിട്ടിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് പിടിമുറുക്കുകയും മാസങ്ങൾ നീണ്ട പ്രതിഷേധത്തെത്തുടർന്ന് രണ്ട് വർഷം മുമ്പ് രാജപക്സെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.

TAGS :

Next Story