ശ്രീലങ്കൻ പ്രസിഡണ്ടിന്റെ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് പ്രതിഷേധക്കാർ
"വീടിനകത്തു കയറിയ ജനം മുറികളിൽ കയറി കിടക്കുകയും സോഫകളിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു"
കൊളംബോ: ഗൊതബയ രജപക്‌സെയുടെ ഔദ്യോഗിക വസതി കൈയേറിയതിനു പിന്നാലെ പ്രസിഡണ്ടിന്റെ സ്വിമ്മിങ് പൂളിൽ നീന്തിക്കുളിച്ച് ലങ്കയിലെ പ്രതിഷേധക്കാർ. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തലസ്ഥാനമായ കൊളംബോയിലെ ജനാധിപതി മവാതയിൽ സ്ഥിതി ചെയ്യുന്ന വീട്ടിലേക്കാണ് പ്രതിഷേധക്കാർ ഇടിച്ചു കയറിയത്. പ്രതിഷേധക്കാർ വീടു വളയും മുമ്പെ ഗൊതബയ സ്ഥലം വിട്ടിരുന്നു.
നാല് ഏക്കറിൽ പടർന്നു കിടക്കുന്ന ഉദ്യാനം അടങ്ങിയതാണ് പ്രസിഡണ്ടിന്റെ വീട്. ഗോത ഗോ ഹോം എന്നു വിളിച്ച് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ജനം കൊട്ടാരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. പതിനായിരങ്ങളാണ് കൊട്ടാരത്തിന് മുമ്പിൽ തടിച്ചുകൂടിയിരുന്നത്.
കാവൽ നിന്നിരുന്ന സെക്രട്ടറിയേറ്റ് സായുധ സേനയോ പൊലീസോ ജനത്തിനു നേരെ വെടിയുതിർത്തില്ല. വീടിനകത്തു കയറിയ ജനം മുറികളിൽ കയറി കിടക്കുകയും സോഫകളിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു. ചിലർ സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. മുറികളിലെ മേശ വലിപ്പ് തുറന്ന് പരിശോധിക്കുന്നതിന്റെയും ബെഡുകളിലേക്ക് ചാടി വീഴുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സഹോദരൻ മഹിന്ദ രജപക്സെയുടെ രാജിക്കു പിന്നാലെ അടങ്ങിയ ജനകീയ പ്രക്ഷോഭമാണ് മാസങ്ങൾക്കുശേഷം രാജ്യത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കൊളംബോയിൽ കർഫ്യൂ പിൻവലിച്ചതിനു പിന്നാലെയാണ് ഇന്ന് ആയിരങ്ങൾ പ്രകടനമായി പ്രസിഡന്റിന്റെ വസതിയിലെത്തിയത്. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയണമെന്ന് ഇന്നലെ പൊലീസ് ഉത്തരവിട്ടിരുന്നു. നഗരത്തിൽ കർഫ്യു പ്രഖ്യാപക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനു പിന്നാലെ കർഫ്യൂ പിൻവലിക്കുകയായിരുന്നു.
മഹിന്ദ രജപക്സെയുടെ രാജിക്കുശേഷം കഴിഞ്ഞ മേയ് 12ന് റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു വിക്രമസിംഗെ അധികാരമേറ്റത്. എന്നാൽ, ഭരണത്തിലേറി രണ്ടു മാസം പിന്നിടുമ്പോഴും ശ്രീലങ്കിയിൽ ജനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി മുടക്കവും പതിവായിരിക്കുകയാണ്. ഒടുവിൽ, പൊറുതിമുട്ടിയാണ് ജനം പ്രസിഡൻരിന്റെ രാജിക്ക് മുറവിളിയുയർത്തി തെരുവിലിറങ്ങിയിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് ഗൊതബയ രജപക്സെ തീരുമാനിച്ചത്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തുകളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും ഗൊതബയ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16