Quantcast

യുദ്ധക്കളമായി കൊളംബോ; മഹിന്ദയുടെ രാജിക്കു പിന്നാലെ ഭരണകക്ഷി എം.പി കൊല്ലപ്പെട്ടു

വാഹനം തടഞ്ഞ പ്രക്ഷോഭകാരികൾക്കുനേരെ പാർലമെന്റ് അംഗം അമരകീർത്തി അതുകൊരാള വെടിയുതിർത്തു. വെടിവയ്പ്പിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-05-09 15:40:31.0

Published:

9 May 2022 1:21 PM GMT

യുദ്ധക്കളമായി കൊളംബോ; മഹിന്ദയുടെ രാജിക്കു പിന്നാലെ ഭരണകക്ഷി എം.പി കൊല്ലപ്പെട്ടു
X

കൊളംബോ: ശ്രീലങ്കയിൽ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പാർലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷി അംഗമായ അമരകീർത്തി അതുകൊരാളയാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്‌സെ രാജിവച്ചതിനു പിന്നാലെയായിരുന്നു സംഭവം.

പ്രധാനമന്ത്രിയുടെ വസതിയായ ടെംപിൾ ട്രീസിനു സമീപത്താണ് ഭരണാനുകൂലികളും സർക്കാർ വിരുദ്ധരും തമ്മിൽ ഏറ്റുമുട്ടിയത്. രാവിലെ പ്രക്ഷോഭകാരികൾക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പിന്നാലെയും സർക്കാർ അനുകൂലികൾ തുടർന്നു. ഇതിനിടെ, ശ്രീലങ്കൻ നഗരമായ നിട്ടാംബുവയിൽ അമരകീർത്തിയുടെ വാഹനം പ്രക്ഷോഭകാരികൾ തടഞ്ഞു. ഉടൻ തന്നെ വാഹനം തടഞ്ഞവർക്കുനേരെ എം.പി വെടിയുതിർത്തു. വെടിവയ്പ്പിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെയാണ് അടുത്തുള്ള കെട്ടിടത്തിൽ അഭയം പ്രാപിച്ച അമരകീർത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാർട്ടിയിൽനിന്നും സമ്മർദം; ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ രാജി

കടുത്ത സമ്മർദങ്ങൾക്കൊടുവിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം സഹോദരനും പ്രസിഡന്റുമായ ഗൊട്ടബയ രജപക്‌സെയ്ക്ക് മഹിന്ദ രാജിക്കത്ത് നൽകിയത്. പുതിയ ഐക്യസർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കുന്നുവെന്നു പറഞ്ഞായിരുന്നു രാജി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനായി എല്ലാ കക്ഷികളെയും ചേർത്ത് സർക്കാർ രൂപീകരിക്കാനാണ് താൻ രാജിവയ്ക്കുന്നതെന്ന് മഹിന്ദ രാജിക്കത്തിൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ പ്രധാനന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം പ്രക്ഷോഭം രൂക്ഷമാക്കിയിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്സെയ്ക്കുമേൽ സമ്മർദം ശക്തമായിരുന്നു. എന്നാൽ, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലെന്ന നിലപാടിലപായിരുന്നു മഹിന്ദ. മാറിനിൽക്കാൻ സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരമുന(എസ്.എൽ.പി.പി)യിലും ആവശ്യം ശക്തമായതോടെയാണ് മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ നിൽക്കക്കള്ളിയില്ലാതെ മഹിന്ദ രാജിയ്ക്കു തയാറായത്.

ഐക്യദാർഢ്യറാലി അഴിഞ്ഞാട്ടമായി

രാജിവയ്‌ക്കേണ്ടിവരുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ മഹിന്ദ അനുയായികളെ ഇന്ന് കൊളംബോയിലെ സ്വന്തം വസതിയിലേക്കു വിളിച്ചിരുന്നു. നൂറുകണക്കിനു പേരാണ് അദ്ദേഹത്തിന് പിന്തുണയറിയിച്ച് ഇന്ന് എത്തിയത്. നഗരത്തിൽ പ്രകടനം നടത്തിയ സംഘം ഒടുവിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്കുനേരെ തിരിയുകയായിരുന്നു.

ഇന്നു രാവിലെയാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു പുറത്ത് നൂറുകണക്കിന് സർക്കാർ അനുകൂലികൾ ചേർന്ന് റാലി നടത്തിയത്. മഹിന്ദയ്ക്ക് ഐക്യദാർഢ്യമറിയിച്ചായിരുന്നു പ്രകടനം. പിന്നാലെ, ടെംപിൾ ട്രീസിനും പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ വസതിക്കും തൊട്ടടുത്തുള്ള പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ വേദിയിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യത്തെ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രമായ വേദി അക്രമികൾ അടിച്ചുതകർക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് സമരക്കാർക്കുനേരെ തിരിയുകയായിരുന്നു ഇവർ. സമരക്കാരെ മർദിക്കുകയും അടിച്ചോടിക്കുകയും ചെയ്തു. സംഭവത്തിൽ നൂറിലേറെ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്കാണ് പരിക്കേറ്റത്.

Summary: Sri Lankan PM resigns, ruling party MP killed in clashes

TAGS :

Next Story