സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംഘർഷം; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനം രോഷാകുലരായി പ്രതിഷേധിക്കുകയാണ്. തെക്കൻ പട്ടണങ്ങളായ ഗാലെ, മാത്തറ, മോറട്ടോവ അടക്കമുള്ള സ്ഥലങ്ങളിൽ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി.
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും വലിയ പ്രതിഷേധം തുടരുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതിക്കു മുന്നിലടക്കം വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. തുടർന്നാണ് ഇന്നലെ രാത്രിയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനം രോഷാകുലരായി പ്രതിഷേധിക്കുകയാണ്. തെക്കൻ പട്ടണങ്ങളായ ഗാലെ, മാത്തറ, മോറട്ടോവ അടക്കമുള്ള സ്ഥലങ്ങളിൽ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം പൊലീസിന് കർശന നിർദേശമാണ് ഗോതബായ രജപക്‌സെ നൽകിയത്. വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാൻ സേനയ്ക്ക് അധികാരം നൽകി. എന്നാൽ രാജ്യത്തിന്റെ പൊതുക്രമം സംരക്ഷിക്കാനും അവശ്യസാധനങ്ങളുടെ വിതരണമടക്കം സുഗമമാക്കാനും വേണ്ടിയാണ് അടിയന്തരാവസ്ഥ എന്നാണ് പ്രസിഡന്റിന്റെ വിശദീകരണം.
പ്രതിഷേധത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ വസതിയിൽ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച 53 പേരെ അറസ്റ്റ് ചെയ്തു. പ്രധാന റോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. രാജ്യത്ത് മരുന്നും ഭക്ഷണവും അവശ്യസാധനങ്ങളും ഇല്ല. ഇന്ധനം വാങ്ങാനോ വൈദ്യുതിക്ക് ആവശ്യമായ പണമോ സർക്കാരിന്റെ കൈയിലില്ല. ഇന്ധന ലഭ്യത ഇല്ലാതായതോടെ പ്രധാനമന്ത്രിയുടെ ഓഫിസുൾപ്പെടെ അടച്ചിടാൻ നിർദേശിച്ചിരിക്കുകയാണ്.
Adjust Story Font
16