സന്നദ്ധ സംഘടനകൾ പിൻവാങ്ങുന്നു; ഗസ്സയിൽ പട്ടിണി അതിരൂക്ഷം
48 മണിക്കൂർ നേരത്തേക്ക് രാത്രികാല ഭക്ഷണ വിതരണം നിർത്താൻ യു.എൻ ഏജൻസികൾ തീരുമാനിച്ചു
ദുബൈ: ഇസ്രായേൽ ആക്രമണം ഭയന്ന് സന്നദ്ധ സംഘടനകൾ പിൻവാങ്ങിയതോടെ ഗസ്സയിൽ പട്ടിണി പിടിമുറുക്കുന്നു. അടുത്ത 48 മണിക്കൂർ നേരത്തേക്ക് രാത്രികാല ഭക്ഷണ വിതരണം നിർത്താൻ യു.എൻ ഏജൻസികൾ തീരുമാനിച്ചു.
യുദ്ധം തകർത്ത ഗസ്സയിലെ ജനതക്ക് അവസാന ആശ്രയമായ സന്നദ്ധ സംഘടനകളും പ്രവർത്തനം നിർത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. മധ്യ ഗസ്സയിൽ കഴിഞ്ഞ ദിവസം വേൾഡ് സെൻട്രൽ കിച്ചൻ സംഘടനയുടെ പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾ ബോംബിട്ടു തകർത്തതോടെയാണ് സന്നദ്ധ പ്രവർത്തകർ പിൻമാറ്റം പ്രഖ്യാപിച്ചത്. അമേരിക്ക മുൻകൈയെടുത്തു കടൽ വഴി തുറന്ന താൽക്കാലിക ഭക്ഷ്യസഹായ പദ്ധതിയും നിർത്തി. ഗസ്സയിലേക്ക് ഭക്ഷണവുമായി എത്തിയ കപ്പലുകൾ തിരക്കിട്ട് മടങ്ങുകയായിരുന്നു.
വടക്കൻ ഗസ്സയിൽ ഇതോടെ ഭക്ഷ്യശൂന്യത കൂടുതൽ തീവ്രമാകും. സ്ഥിതി ദയനീയമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. യു.എൻ അഭയാർഥി ഏജൻസിക്ക് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതും തിരിച്ചടിയായി.
7 സന്നദ്ധ പ്രവർത്തകരെ ബോധപൂർവം ഇസ്രായേൽ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. സ്ഥിതി ഏറെ അസഹനീയമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നെതന്യാഹുവിനെ അറിയിച്ചു. ഇസ്രായൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഋഷി സുനക് അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ഭീതിയുടെ മുനയിൽനിർത്തി പിന്മാറാൻ നിർബന്ധിക്കുകയാണ് ഇസ്രായേലെന്ന് ഹമാസ് കുറ്റപ്പെടുത്തി. സന്നദ്ധ പ്രവർത്തകരുടെ കൊലയിൽ ദു:ഖമുണ്ടെങ്കിലും ഇസ്രായേിനുള്ള പിന്തുണയിൽ മാറ്റമില്ലെന്ന് അമേരിക്ക പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ട് ലഭ്യമാകുന്നതോടെ മാത്രം തുടർനീക്കമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
അതിനിടെ, ഫലസ്തീന് പൂർണ രാഷ്ട്ര പദവി നൽകണമെന്ന ആവശ്യം വീണ്ടും സജീവമായി. ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ച 140 രാഷ്ട്രങ്ങളുടെ കത്ത് യു.എൻ രക്ഷാസമിതിക്കുമുന്നിൽ കൊണ്ടുവരാനാണ് ശ്രമം. അറബ് മുസ്ലിം രാജ്യങ്ങളും ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്മയുമാണ് ഇതിനു പിന്നിൽ. എന്നാൽ അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് ഇതിനെ പരാജയപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ. ഇസ്രായേലിനുള്ള ആയുധവിലക്ക് ആവശ്യപ്പെട്ട് ഒ.ഐ.സി രാജ്യങ്ങൾ വെള്ളിയാഴ്ച യു.എൻ മനുഷ്യാവകാശ സമിതിയിൽ പ്രമേയം കൊണ്ടു വരാൻ നീക്കമാരംഭിച്ചു.
Adjust Story Font
16