സ്റ്റീവ് ജോബ്‍സിന്റെ പഴയ ചെരിപ്പ് ലേലത്തിൽ പോയത് വന്‍തുകക്ക്; വിലകേട്ട് ഞെട്ടി ലോകം
ആപ്പിളിന്റെ ചരിത്രത്തിലെ പല സുപ്രധാന നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ ചെരിപ്പുകൾ ധരിച്ചിരുന്നു
കാലിഫോർണിയ: ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‍സിന്‍റെ ഉടമസ്ഥതയിലുള്ളതും ധരിച്ചിരുന്ന ചെരുപ്പുകൾ ലേലത്തിൽ പോയത് വൻതുകക്ക്. 218,750 ഡോളറിനാണ് (1.77 കോടി രൂപ) സ്റ്റീവിന്റെ ഒരുജോടി ചെരിപ്പുകൾ ലേലത്തിൽ പോയതെന്ന് ലേല കമ്പനിയായ ജൂലിയൻസ് അറിയിച്ചു. കാലിഫോർണിയ ആസ്ഥാനമായ കമ്പനിയാണ് ജൂലിയൻസ്.
ലേല സ്ഥാപനത്തിന്റെ വെബ്സൈറ്റിലെ വിശദാംശങ്ങൾ അനുസരിച്ച് ആപ്പിളിന്റെ ചരിത്രത്തിലെ പല സുപ്രധാന നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ ചെരിപ്പുകൾ ധരിച്ചിരുന്നു. ആപ്പിളിന് തുടക്കമിട്ട ഗാരേജിൽ സ്റ്റീവ് ജോബ്സ് ഈ ചെരിപ്പുകൾ ധരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 1970 കളിലും 1980 കളിലും ജോബ്‍സ് ഈ ചെരിപ്പുകൾ ധരിച്ചിരുന്നു.ആ സമയങ്ങളില്‍ അദ്ദേഹത്തിന്റെ ഫോട്ടോകളിൽ ഈ ചെരുപ്പുകൾ ധരിച്ചത് കാണാം. അദ്ദേഹത്തിനും ഈ ചെരിപ്പ് ഏറെ പ്രിയപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. പിന്നീട് സ്റ്റീവ് ജോബ്‌സിന്റെ ഹൗസ് മാനേജരായ മാർക്ക് ഷെഫിന് കൈമാറുകയായിരുന്നു.
സ്റ്റീവിന്റെ മുൻ പങ്കാളി ക്രിസൻ ബ്രണ്ണൻ വോഗിന് നൽകിയ അഭിമുഖത്തിൽ ഈ ചെരിപ്പിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ലളിതമായ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ യൂണിഫോമാണെന്നും അവർ പറയുന്നു. യൂണിഫോമായാൽ രാവിലെ എന്ത് ധരിക്കണമെന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്നതാണ് സ്റ്റീവിന്റെ വാദം. എന്നാൽ ആരാണ് ഈ ചെരിപ്പുകൾ ലേലത്തിൽ നൽകിയതെന്ന് ഇപ്പോൾ വ്യക്തമല്ല. കൂടാതെ വാങ്ങിയയാളെ കുറിച്ചും കമ്പനി ഒരു വിവരവും നൽകിയിട്ടില്ല.നവംബർ 11ന് തുടങ്ങിയ ലേലം നവംബർ 13ന് അവസാനിച്ചത്.
Adjust Story Font
16