സുഡാൻ വനിതകൾ ഛാഡിലെ അഭയാർഥി ക്യാമ്പുകളിൽ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് റിപ്പോർട്ട്
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ആയിരക്കണക്കിന് ആളുകളാണ് ഛാഡിലേക്ക് അഭയാർഥികളായി എത്തുന്നത്. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്.
ഛാഡ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സൂഡാനിലെ മനുഷ്യക്കുരുതിയിൽനിന്ന് രക്ഷതേടിയാണ് 27കാരിയായ യുവതി ഛാഡിലെത്തിയത്. അവളുടെ ഭർത്താവ് സുഡാനിൽ അക്രമികളുടെ വെടിയേറ്റു മരിച്ചിരുന്നു. ഛാഡിലേക്കുള്ള വഴിയിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ കരച്ചിൽ അവൾ കേട്ടിരുന്നു. ദുരിതജീവിതത്തിൽ താൽക്കാലികമായെങ്കിലും ശമനമുണ്ടാവുമെന്ന് കരുതിയാണ് അവൾ ഛാഡിലേക്ക് കടന്നത്. എന്നാൽ അവിടെയും ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നതിന്റെ കഥയാണ് ഈ അഭയർഥി യുവതി പറയുന്നത്.
അവളുടെ അടുത്തുള്ള തൊട്ടിലിൽ ഏഴ് ആഴ്ച പ്രായമുള്ള മകൻ കിടക്കുന്നുണ്ട്. പണം വാഗ്ദാനം ചെയ്ത് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സന്നദ്ധപ്രവർത്തകന്റെ കുഞ്ഞാണിതെന്ന് അവൾ പറഞ്ഞു. നാല് മക്കൾ കൂടി അവൾക്കുണ്ട്. കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ വേറെ വഴിയില്ലായിരുന്നു. തന്റെ നിസ്സഹായാവസ്ഥ അയാൾ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. പ്രതികാരം ഭയന്ന് തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെയാണ് അസോസിയേറ്റഡ് പ്രസ്സിനോട് സ്ത്രീകൾ ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചത്.
മനുഷ്യാവകാശപ്രവർത്തകരും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും ലൈംഗിക ചൂഷണം നടത്തുന്നതായി സ്ത്രീകൾ പറഞ്ഞു. പണവും ജോലിയും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്താണ് ചൂഷണം ചെയ്യുന്നത്. ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ആയിരക്കണക്കിന് ആളുകളാണ് ഛാഡിലേക്ക് അഭയാർഥികളായി എത്തുന്നത്. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. 20,000 ആളുകളാണ് സുഡാനിൽ ഇതുവരെ കൊല്ലപ്പെട്ടത്.
സുഡാൻ അതിർത്തിയിൽ മൂന്ന് സ്ത്രീകൾ എപിയുമായി സംസാരിച്ചു. മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ വിസമ്മതിച്ച ഏഴ് സ്ത്രീകളുടെ അനുഭവം സൈക്കോളജിസ്റ്റായ ഡാരൽ സലാം ഉമർ ആണ് പങ്കുവെച്ചത്. സഹായങ്ങൾ ലഭിക്കുന്നതിനായി ലൈംഗിക ചൂഷണത്തിന് വഴങ്ങേണ്ടിവന്ന ദുരവസ്ഥയാണ് സ്ത്രീകൾ പറയുന്നത്. ഇവരിൽ പലരും ഗർഭിണികളായതിനാൽ ഗർഭഛിദ്രത്തിന് സഹായം തേടിയാണ് തന്നെ സമീപിച്ചതെന്ന് ഡാരൽ ഉമർ പറഞ്ഞു.
അവർ മാനസികമായി തകർന്നിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയിൽ ഭർത്താവില്ലാതെ ഒരു സ്ത്രീ ഗർഭിണിയാകുന്ന അവസ്ഥയൊന്ന് ചിന്തിച്ചു നോക്കൂ-ഡാരൽ ഉമർ പറഞ്ഞു.
യുദ്ധവും കലാപങ്ങളുമുള്ള നാടുകളിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് അസാധാരണമല്ല. ഇത്തരം ഘട്ടങ്ങളിൽ സന്നദ്ധസംഘടനകൾ വലിയ പ്രതിസന്ധിയാണ് നേരിടാറുള്ളത്. അതേസമയം ഇരകളുടെ സുരക്ഷ പ്രധാനമായതിനാൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടവരുടെ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് യുഎൻ അഭയാർഥി ഏജൻസി പറഞ്ഞു.
ലൈംഗിക ചൂഷണം ഗുരുതരമായ കുറ്റകൃത്യമാണ്. അഭയാർഥി ക്യാമ്പുകളിൽ സ്ത്രീകൾക്കായി സുരക്ഷിതയിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ബോധവത്കരണ ക്ലാസുകൾക്കൊപ്പം സൗജന്യ ടോൾ ഫ്രീ നമ്പറുകളും ഫീഡ് ബാക്ക് ബോക്‌സുകളും ഉണ്ടെന്നും യുഎൻ പോപ്പുലേഷൻസ് ഫണ്ട് പ്രതിനിധിയായ യെവാൻഡെ ഒഡിയ പറഞ്ഞു. എന്നാൽ ഇതൊന്നും തങ്ങൾക്കറിയില്ലെന്നാണ് സുഡാനികൾ പറയുന്നത്.
Adjust Story Font
16