Quantcast

തിരിച്ചുവരവ് 2025ല്‍, ആറുമാസം കൂടി ബഹിരാകാശത്ത് 'കുടുങ്ങി' സുനിത വില്യംസ്; മുന്നില്‍ വെല്ലുവിളികളേറെ...

വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതയും വില്‍മോറും ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്

MediaOne Logo

Web Desk

  • Published:

    12 Aug 2024 8:27 AM GMT

NASA, Sunita Williams, Barry Wilmore ,Astronauts Sunita Williams and Butch Wilmore,International Space Station,നാസ,സുനിത വില്യംസ്,ബുച്ച് വില്‍മോര്‍,അന്താരാഷ്ട്ര ബഹിരാകാശ നിലയം
X

ന്യൂയോർക്ക്: ഇന്ത്യൻ വംശജയും ബഹിരാകാശ യാത്രികയുമായ സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. 2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇവര്‍ ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.


പോയത് എട്ടുദിവസത്തെ ദൗത്യത്തിന്...നീണ്ടുനീണ്ട് മടങ്ങിവരവ്

ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും,ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐ.എസ്.എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.


വിക്ഷേപണത്തിന് മുമ്പ്, സ്റ്റാർലൈനറിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഹീലിയം ചോർച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു. ഒടുവിൽ ജൂൺ അഞ്ചിന് വിക്ഷേപണം വിജയകരമാകുകയും 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂൺ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി.


എന്താണ് ബഹിരാകാശ നിലയം?

ബഹിരാകാശത്ത് മനുഷ്യനെ താമസിപ്പിച്ചുകൊണ്ട് ഗവേഷണങ്ങൾക്കും ഭൗമ നിരീക്ഷണത്തിനും സഹായിക്കുന്ന പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 1998 ലാണ് ഇതിന്റെ നിർമാണം തുടങ്ങിയത്.2000 നവംബർ മാസത്തോടെ മുഴുവൻ സമയവും നിലയത്തിൽ മനുഷ്യസാന്നിധ്യമുണ്ട്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഈ ബഹിരാകാശ നിലയം. ഏഴ് ബഹിരാകാശ സഞ്ചാരികൾക്ക് ഇവിടെ ഏത് സമയവും താമസിക്കാം.അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്പ് എന്നിവടങ്ങളിൽ നിന്നുള്ളവരായിരിക്കും ഇവിടുത്തെ സഞ്ചാരികൾ.


എന്നിരുന്നാലും കൂടുതൽ ബഹിരാകാശ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണ് ഐ.എസ്.എസ്. പുതിയൊരു ടീം എത്തുമ്പോഴോ സുനിതയെയും വിൽമോറിനെയും പോലുള്ള ഹ്രസ്വസന്ദർശനങ്ങൾക്കായി ബഹിരാകാശയാത്രികർ എത്തുമ്പോഴോ സഞ്ചാരികളുടെ എണ്ണം വർധിക്കാറുണ്ട്.ഏഴ് ബഹിരാകാശ സഞ്ചാരികൾ നിലവിൽ ബഹിരാകാശ നിലയത്തിലുണ്ട്.

പലതരം ബഹിരാകാശ അധിഷ്ഠിത പരീക്ഷണങ്ങൾ നടത്തുകയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യം. ഇതിന് പുറമെ ബഹിരാകാശ പരിസ്ഥിതി മനുഷ്യശരീരത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിനും പരീക്ഷണത്തിനും ഇവർ സ്വയം വിധേയരാകുകയും ചെയ്യും. നാസയുടെ കണക്കനുസരിച്ച്, യുഎസിലെ ഒരു സാധാരണ ആറ് കിടപ്പുമുറി അപ്പാർട്ട്‌മെന്റിനേക്കാൾ വലുതാണ് ബഹിരാകാശ നിലയം. ആറ് സ്ലീപ്പിംഗ് ക്വാർട്ടേഴ്‌സുകളും രണ്ട് കുളിമുറികളും ഒരു ജിമ്മും അടങ്ങിയതാണ് ഈ നിലയം. നിലവിലെ സാഹചര്യത്തിൽ സുനിത വില്യംസിനും വിൽമോറിനും ആറുമാസം കൂടി ഐഎസ്എസിൽ സുഖമായി കഴിയാനാകുമെന്നാണ് റിപ്പോർട്ട്.

വെല്ലുവിളിയായി ആരോഗ്യപ്രശ്‌നങ്ങൾ

ദൗത്യം അനിശ്ചിതമായി നീളുന്നത് ബഹിരാകാശ സഞ്ചാരികളിൽ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൈക്രോഗ്രാവിറ്റി റേഡിയേഷൻ കൂടുതൽ നേരം ഏൽക്കേണ്ടി വരുന്നതിനാൽ ബഹിരാകാശയാത്രികരുടെ അസ്ഥികൾക്കും പേശികൾക്കും ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ ഗുരുത്വാകർഷണം മൂലം മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ദീർഘനാൾ ബഹിരാകാശത്ത് തങ്ങുന്നത് യാത്രികരുടെ തലച്ചോറിന്റെ ഘടനയിൽ മാറ്റം വരുത്തുമെന്നും പഠനങ്ങൾ പറയുന്നു.

കൂടുതൽ സമയം ബഹിരാകാശത്ത് താമസിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ,കോസ്മിക് റേഡിഷൻ മൂലം അർബുദ സാധ്യതകളടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടാണ് ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾ പലപ്പോഴും ആഴ്ചകൾ മാത്രമായി ചുരുക്കുന്നത്. ഇക്കാരണങ്ങളാൽ, ഐഎസ്എസിലെ ബഹിരാകാശയാത്രികർ എല്ലാ ദിവസവും ഏകദേശം രണ്ട് മണിക്കൂർ ജിമ്മിൽ ചെലവഴിക്കുകയും നിരവധി ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്...

മടക്കയാത്ര എങ്ങനെ?

2025 ഫെബ്രുവരിയിൽ ഇലോണ്‍ മസ്കിന്‍റെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ടാണ് ഐ.എസ്.എസിലേക്ക് സ്‌പേസ് എക്‌സ് ക്രൂ-9 യാത്ര തിരിക്കുന്നത്. ആഗസ്റ്റ് 18 ന് ക്രൂ-9 വിക്ഷേപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ബോയിങ്ങിന്റെ സ്റ്റാർലെനർ പേടകത്തിലെ സാങ്കേതിക പിഴവ് പരിഹരിക്കാനുള്ള ശ്രമമാണ് നാസ നടത്തിവരുന്നത്.

ഇത് കണക്കിലെടുത്ത് ക്രൂ-9ന്റെ വിക്ഷേപം നാസ സെപ്തംബർ 25 ലേക്ക് നീട്ടിയിട്ടുണ്ട്. സെപ്തംബർ 24 നകം സ്റ്റാർലൈനിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും സുനിതയെയും വിൽമോറിനെയും തിരികെ കൊണ്ടുവരിക.

ഇതിലെ നാല് യാത്രികരെയും 2025 ഫെബ്രുവരിയിൽ തിരികെ ഭൂമിയിലെത്തിക്കുന്ന രീതിയിലാണ് ക്രൂ 9-ന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ സുനിത വില്യംസിനെയും വിൽമോറിനെയും ഈ പേടകത്തിൽ തിരികെ കൊണ്ടു വരേണ്ടിവന്നാൽ അതിലെ രണ്ടു യാത്രക്കാർ ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വരും.


കാർഗോ സ്‌പേസ് ഷിപ്പുകളും പതിവായി ഐ.എസ്.എസിലേക്ക് യാത്രകൾ നടത്താറുണ്ട്. യാത്രികർക്ക് വേണ്ട അവശ്യ സാധനങ്ങൾ കൊണ്ടുപോകുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്യുകയാണ് ഇവയുടെ പ്രധാന ലക്ഷ്യം. തിരികെ വരുമ്പോൾ ഈ ബഹിരാകാശ പേടകങ്ങൾ ബഹിരാകാശ നിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ തിരികെ കൊണ്ടുപോകുകയും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് അത് ബഹിരാകാശത്തേക്ക് തള്ളുകയും ചെയ്യുന്നു. ഘർഷണം മൂലം അതവിടെ വെച്ച് കത്തിനശിക്കുകയും ചെയ്യുന്നു.

സ്വകാര്യ എയ്റോസ്പേസ് പ്രതിരോധ സ്ഥാപനമായ നോർത്ത്റോപ്പ് ഗ്രുമ്മാൻ നടത്തുന്ന സിഗ്‌നസ് എന്ന കാർഗോ ബഹിരാകാശ പേടകം കഴിഞ്ഞയാഴ്ച ഐ.എസ്.എസിൽ ഡോക്ക് ചെയ്തിട്ടുണ്ട്. 3,700 കിലോയിലധികം ചരക്കുകളാണ് ഇത് വഹിച്ചത്. ജനുവരി വരെ ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത ശേഷം ഭൂമിയിലേക്ക് മടങ്ങും. എട്ട് ബഹിരാകാശ പേടകങ്ങൾക്ക് ഒരേസമയംഐ.എസ്.എസിൽ ഡോക്ക് ചെയ്യാൻ കഴിയും. എന്നാൽ അന്താരാഷ്ട്ര നിലയത്തിലെ സഞ്ചാരികളെ തിരികെ ഭൂമിയിലെത്തിക്കാൻ കാർഗോ ബഹിരാകാശ പേടകത്തിന് സാധിക്കില്ല. മനുഷ്യരെ ബഹിരാകാശത്ത് പാർപ്പിക്കാൻ കഴിയുന്ന പ്രത്യേക ക്യാപ്സ്യൂളുകൾ ഇത്തരം പേടകത്തിൽ സജ്ജീകരിച്ചിട്ടില്ല എന്നതാണ് കാരണം.

ആറുമാസം ദൈര്‍ഘ്യമേറിയതാണോ....

ഒമ്പത് മുതൽ 10 മാസം വരെ ബഹിരാകാശത്ത് ചെലവഴിക്കുന്നത് ദൈർഘ്യമേറിയത് തന്നെയാണ്.എന്നാൽ അനേകം ബഹിരാകാശ സഞ്ചാരികൾ അതിനേക്കാൾ കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.1994 ജനുവരി മുതൽ 1995 മാർച്ച് വരെ മിർ ബഹിരാകാശ നിലയത്തിൽ 438 ദിവസം ചെലവഴിച്ച റഷ്യൻ ബഹിരാകാശയാത്രികൻ വലേരി പോളിയാക്കോവിന്റെ പേരിലാണ് നിലവിലെ റെക്കോർഡ്. റഷ്യയുടെ മിർ ബഹിരാകാശ നിലയം 1986 നും 2001 നും ഇടയിലായിരുന്നു പ്രവർത്തനക്ഷമമായിരുന്നത്.


ഏറ്റവും ഒടുവിൽ യുഎസ് ബഹിരാകാശയാത്രികൻ ഫ്രാങ്ക് റൂബിയോ 2022 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനുമിടയിൽ 371 ദിവസമാണ് ബഹിരാകാശത്ത് കഴിഞ്ഞത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ബഹിരാകാശ സഞ്ചാരികൾ 300 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.

നിലവിൽ നാസ നൽകുന്ന റിപ്പോർട്ടനുസരിച്ച് വില്യംസും വിൽമോറും മടങ്ങിയെത്തുമ്പോഴേക്കും 250 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിക്കേണ്ടി വരും. ഇരുവരും ആദ്യമായല്ല അന്താരാഷ്ട്ര നിലയത്തിലെത്തുന്നത്. രണ്ടുപേരുടെയും മൂന്നാമത്തെ സന്ദർശനമാണിത്. സുനിത വില്യംസ് 2006-2007 ലാണ് ആദ്യത്തെ സന്ദർശനം നടത്തിയത്. ആദ്യ സന്ദർശനത്തിൽ 196 ദിവസവും പിന്നീട് 2012-ൽ 127 ദിവസവും ചെലവഴിച്ചു. വിൽമോർ, 2014-ലും 2015-ലുമായി 178 ദിവസമാണ് ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചത്.

TAGS :

Next Story