Quantcast

ആപ്പിൾ സ്റ്റോറിലേക്ക് കാർ പാഞ്ഞുകയറി ഒരുമരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

അപകടത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല

MediaOne Logo

Web Desk

  • Published:

    22 Nov 2022 11:48 AM GMT

ആപ്പിൾ സ്റ്റോറിലേക്ക് കാർ പാഞ്ഞുകയറി ഒരുമരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്
X

ന്യൂജേഴ്‌സി: യുഎസിലെ മസാച്യുസെറ്റ്‌സിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോറിലേക്ക് എസ്.യു.വി പാഞ്ഞുകയറി ഒരുമരണം. ന്യൂജേഴ്‌സി സ്വദേശി കെവിൻ ബ്രാഡ്‌ലി (65) യാണ് മരിച്ചത്.16 പേർക്ക് പരിക്കേറ്റു. സ്ഥാപനത്തിന്റെ മുൻവശത്തെ ഗ്ലാസ് ഡോറിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. തിങ്കളാഴ്ച സ്റ്റോർ തുറന്ന് ഒരു മണിക്കൂറിനുള്ളിലായിരുന്നു അപകടം. ആ സമയത്ത് സ്റ്റോറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. ബോസ്റ്റൺ നഗരത്തിന് തെക്ക് 24 കിലോമീറ്റർ അകലെയുള്ള ഒരു ഔട്ട്‌ഡോർ മാളിലാണ് സ്റ്റോർ സ്ഥിതി ചെയ്യുന്നത്.

ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ ചിലർക്ക് കൈകാലുകൾ നഷ്ടപ്പെടുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. ഒരു കറുത്ത എസ്.യു.വിയാണ് അമിതവേഗത്തിലെത്തി ഹിംഗ്ഹാമിലെ സ്റ്റോറിലേക്ക് ഇടിച്ചുകയറിയതെന്ന് പ്ലിമൗത്ത് ഡിസ്ട്രിക്റ്റ് അറ്റോർണി തിമോത്തി ക്രൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. അപകടം ആസൂത്രിതമാണോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടത്തിന് ശേഷം തകർന്ന കാറിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ഡ്രൈവറെ പുറത്തെടുത്തതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ ആപ്പിൾ കമ്പനി ഞെട്ടൽ രേഖപ്പെടുത്തി.

TAGS :

Next Story