സ്വീഡനിൽ ലോകത്തെ ആദ്യ സെക്‌സ് ചാമ്പ്യൻഷിപ്പ്; വാർത്തയ്ക്ക് പിന്നിലെ വസ്തുത എന്ത്? - Fact Check
ഗോഥെൻബർഗിൽ ജൂൺ എട്ടിന് ചാമ്പ്യൻഷിപ്പ് ആരംഭിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്
'ലോകത്തെ ആദ്യത്തെ സെക്‌സ് ചാമ്പ്യൻഷിപ്പ് സ്വീഡനിൽ'- പ്രമുഖ ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ കുറച്ചു ദിവസങ്ങൾക്കു മുമ്പെ പ്രസിദ്ധീകരിച്ച വാർത്തയാണിത്. സ്വീഡൻ സെക്‌സിനെ കായിക ഇനമായി അംഗീകരിച്ചു എന്നും മികച്ചവരെ കണ്ടെത്താൻ ടൂർണമെന്റ് നടത്തുന്നു എന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗോഥെൻബർഗിൽ ജൂൺ എട്ടിനാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത് എന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
പാകിസ്താൻ, ഗ്രീക്ക്, ജർമനി, ദക്ഷിണാഫ്രിക്ക, നൈജീരിയ രാഷ്ട്രങ്ങളിലെ വെബ്‌സൈറ്റുകളും വാർത്ത പ്രസിദ്ധീകരിച്ചു. സെക്‌സിനെ ഒരു കായിക ഇനമാക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് എന്നാണ് ജർമൻ മാധ്യമസ്ഥാപനമായ ആർടിഎൽ ചോദിച്ചിരുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ എന്താണ്?
അത്തരമൊരു ചാമ്പ്യൻഷിപ്പിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് സ്വീഡൻ പറയുന്നത്. 'ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരവും തെറ്റാണ്' - എന്നാണ് സ്വീഡിഷ് സ്‌പോട്‌സ് ഫെഡറേഷൻ വക്താവ് അന്ന സെറ്റ്‌സ്മാൻ പ്രതികരിച്ചത്. പ്രമുഖ ജർമൻ മാധ്യമമായ ഡിഡബ്ല്യൂ ന്യൂസ് ആണ് ഇവരുടെ പ്രതികരണം റിപ്പോർട്ടു ചെയ്തത്. 'സ്വീഡനെ കുറിച്ചും സ്വീഡിഷ് സ്‌പോർട്‌സിനെ കുറിച്ചും ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ തെറ്റായ വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ശക്തമായി നിഷേധിക്കുന്നു' എന്നായിരുന്നു അവരുടെ വാക്കുകള്‍.
ഡ്രാഗൻ ബ്രാറ്റിക് എന്നു പേരുള്ള സ്വീഡിഷ് പൗരനാണ് ഈ നാടകങ്ങൾക്കെല്ലാം പിന്നിലെന്ന് സ്വീഡനിലെ പ്രമുഖ പത്രം ഗോടെബോഗ്‌സ്-പോസ്റ്റൺ റിപ്പോർട്ടു ചെയ്യുന്നു. സ്വീഡനിൽ ധാരാളം സ്ട്രിപ് ക്ലബുകൾ നടത്തുന്ന ആളാണ് ബ്രാറ്റിക്. സെക്‌സിനെ കായിക ഇനമാക്കണമെന്ന് ഇയാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വീഡിഷ് സ്‌പോട്‌സ് കോൺഫെഡറേഷനിൽ അംഗമാകാൻ ഈ വർഷം ജനുവരിയിൽ ഇദ്ദേഹം അപേക്ഷ നൽകിയിരുന്നു. എന്നാൽ മെയിൽ ആ അപേക്ഷ തള്ളുകയായിരുന്നു- പത്രം വ്യക്തമാക്കി.
Adjust Story Font
16