‘ആക്രമണത്തെ ന്യായീകരിക്കാനാവില്ല’; ഇസ്രായേലിനെതിരെ സിറിയൻ വിമത നേതാവ് ജുലാനി
‘പുതിയ ഏറ്റുമുട്ടലിന് താൽപര്യമില്ല’
ദമസ്കസ്: സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ വിമത സേനയായ ഹയാത് തഹ്‍രീർ അൽ ശാമിന്റെ (എച്ച്ടിഎസ്) തലവൻ അബു മുഹമ്മദ് അൽ ജുലാനി. സിറിയയിൽ ഇനി വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് ന്യായീകരണമൊന്നുമില്ലെന്ന് അദ്ദേഹം സിറിയൻ ടിവി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈയിടെ നടത്തിയ ആക്രമണങ്ങൾ എല്ലാവിധ അതിർവരമ്പുകളും ലംഘിക്കുന്നതാണ്. ആക്രമണം ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സിറിയൻ പരമാധികാരത്തെ മാനിക്കണമെന്നും ജുലാനി ആവശ്യപ്പെട്ടു.
സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങളാണ് വേണ്ടത്. സിറിയൻ മണ്ണിലേക്കുള്ള ഇസ്രായേൽ സൈനികാധിനിവേശം അപകടകരമാണ്. ഇസ്രായേലുമായുള്ള ദീർഘകാല സംഘർഷം രാജ്യത്തെ വീർപ്പുമുട്ടിച്ചിരിക്കെ, പുതിയ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ശനിയാഴ്ചയും ഇസ്രായേൽ ദമസ്കസിലടക്കം ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾക്ക് നേരെയായിരുനു ആക്രമണം. പർവതത്തിന് അടിയിലായുള്ള റോക്കറ്റ് സംഭരണ കേന്ദ്രത്തിലടക്കം ആക്രമണം നടത്തിയതായി സിറിയൻ വാർ മോണിറ്റർ വ്യക്തമാക്കി. നേരത്തെ സിറിയയുടെ ആയുധ ശേഷിയുടെ 80 ശതമാനവും തകർത്തതായി ഇസ്രായേൽ അറിയിച്ചിരുന്നു.
അതേസമയം, സിറിയയിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ഇടപെടില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു. സിറിയൻ ഗോലാൻ കുന്നുകളിൽ നിലയുറപ്പിച്ച ഇസ്രായേലി സൈനികരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സിറിയയിൽ ഭരണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇസ്രായേലി ജനതക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇവിടെ ഒരു ശത്രു രാജ്യമുണ്ടായിരുന്നു. അതിെൻറ സൈന്യം തകർന്നിരിക്കുന്നു. തീവ്രവാദ സംഘങ്ങൾ ഇവിടേക്ക് വരുമെന്ന് ആശങ്കയുണ്ട്. അതിനാലാണ് ആക്രമണം നടത്തിയതെന്നും ഹെർസി വ്യക്തമാക്കി.
അതേസമയം, എച്ച്ടിഎസ് തലവൻ അബു മുഹമ്മദ് അൽ ജുലാനിക്ക് ഇസ്രായേൽ സന്ദേശമയച്ചതായും റിപ്പോർട്ടുണ്ട്. മൂന്ന് കക്ഷികൾ വഴിയാണ് സന്ദേശം എത്തിച്ചിട്ടുള്ളത്. ഇസ്രായേലിെൻറ അതിർത്തിയിലേക്ക് വിമത സേന വരരുതെന്നാണ് സന്ദേശത്തിെൻറ ഉള്ളടക്കം. എച്ച്ടിഎസ് അതിർത്തിയിലേക്ക് വരികയാണെങ്കിൽ ഇസ്രായേൽ സൈന്യം തക്കതായ മറുപടി നൽകുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ഇസ്രായേലി മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബറാക് ഡേവിഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയിലെ വിവിധ സംഘങ്ങളുമായി ഇസ്രായേലിന് അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ ഭാഗത്തുള്ള കുർദിഷ് വിഭാഗം, സിറിയൻ ഗോലൻ കുന്നുകളിലെ ദുറൂസ് വിഭാഗം എന്നിവരുമായെല്ലാം അടുത്ത ബന്ധമാണ് ഇസ്രായേലിനുള്ളതെന്നും ബറാക് വ്യക്തമാക്കി.
സിറിയൻ അതിർത്തി ഭദ്രമാക്കണം
സിറിയയുടെ അതിർത്തി ഭദ്രമാക്കാനും ഐക്യം ഉറപ്പാക്കാനും അടിയന്തര നടപടി വേണമെന്ന് ജോർദാനിൽ ചേർന്ന യോഗത്തിൽ അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ജോർദാനിൽ ചേർന്ന സിറിയൻ ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങൾ ഇസ്രയേലിന്‍റെ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നത്. ഗോലാൻ കുന്നുകളോട് ചേർന്ന ബഫർ സോണിൽ ഇസ്രായേൽ നടത്തിയ അധിനിവേശം സിറിയയുടെ പരമാധികാരത്തിനു നേർക്കുള്ള ഭീഷണിയാണെന്ന് സൗദി അറേബ്യ, ജോർദാൻ, ലബനാൻ, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ കുറ്റപ്പെടുത്തി. സിറിയയിൽ സമാധാനപരമായ അധികാര കൈമാറ്റത്തിന് അയൽ രാജ്യങ്ങൾ പൂർണ പിന്തുണ അറിയിച്ചു. അമേരിക്ക, തുർക്കി, യൂറോപ്യൻ യൂനിയൻ എന്നിവയുടെ ഉന്നത പ്രതിനിധികളും ഉച്ചകോടിയിൽ സംബന്ധിച്ചു.
സിറിയയിൽ വിമത വിഭാഗവുമായി നേരിട്ട് ആശയവിനിമയം തുടങ്ങിയെന്ന് ജോർദാൻ ഉച്ചകോടിക്ക് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും സർക്കാറിൽ പ്രാതിനിധ്യം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിമത വിഭാഗം അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്ലിങ്കൻ വ്യക്തമാക്കി.
Adjust Story Font
16