തുർക്കിക്ക് സഹായഹസ്തം നീട്ടി തായ്‌വാൻ; പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഒരു മാസത്തെ ശമ്പളം ഭൂകമ്പ ദുരിതാശ്വാസത്തിന്
തുർക്കിയിലെ ദുരിതാശ്വാസ പ്രവൃത്തികൾക്കായി നേരത്തെ തായ്‌വാൻ രണ്ട് മില്യൻ ഡോളർ പ്രഖ്യാപിക്കുകയും രണ്ട് ദുരന്ത നിവാരണ സംഘത്തെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്
തായ്‌പെയ് സിറ്റി: ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് സഹായഹസ്തം നീട്ടി തായ്‌വാൻ. തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെനും വൈസ് പ്രസിഡന്റ് വില്യം ലായിയും ആണ് ദുരിതാശ്വാസത്തിനായി ധനസഹായം പ്രഖ്യാപിച്ചത്. ഇരുവരും ഒരു മാസത്തെ ശമ്പളം തുർക്കി ഭൂകമ്പ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യും.
ഭൂകമ്പത്തിൽ തകർന്ന തുർക്കിയുടെ പുനരുദ്ധാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് ഇങ്-വെനും ലായിയും തങ്ങളുടേതായ സഹായം നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് തായ്‌വാൻ പ്രസിഡന്റിന്റെ കാര്യാലയം വാർത്താകുറിപ്പിൽ അറിയിച്ചു. തായ്‌പെയിയിലെ തുർക്കി എംബസി സന്ദർശിച്ച സായ് ഓഫിസിൽ അനുശോചനക്കുറിപ്പ് എഴുതിവയ്ക്കുകയും ചെയ്തു. തുർക്കിയിലെ സുഹൃത്തുക്കൾക്കൊപ്പമാണ് തന്റെ ഹൃദയമെന്നും തായ്‌വാൻ തുർക്കിക്കൊപ്പമുണ്ടെന്നും കുറിപ്പിൽ അദ്ദേഹം എഴുതി.
നാലുലക്ഷം തായ്‌വാൻ ഡോളറാണ് സായിയുടെ മാസശമ്പളം. ഏകദേശം 11 ലക്ഷം രൂപ വരുമിത്. തുർക്കിയിലെ ദുരിതാശ്വാസ പ്രവൃത്തികൾക്കായി നേരത്തെ തായ്‌വാൻ രണ്ട് മില്യൻ ഡോളർ പ്രഖ്യാപിച്ചിരുന്നു. രണ്ട് ദുരന്ത നിവാരണ സംഘത്തെ തുർക്കിയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, റഷ്യൻ ആക്രമണത്തിൽ യുക്രൈനും തായ്‌വാൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ധനസഹായം നൽകിയിരുന്നു. യുദ്ധത്തിൽ തകർന്ന യുക്രൈനിലെ ദുരിതാശ്വാസ പ്രവൃത്തികൾക്കായി ഒരു മാസത്തെ ശമ്പളമാണ് ഇരുവരും സംഭാവന ചെയ്തത്.
Summary: Taiwan President Tsai Ing-wen and Vice President William Lai will each donate a month's salary for Turkish earthquake relief efforts
Adjust Story Font
16