പ്രതിമാസ പെൻഷൻ ലഭിക്കാൻ പിതാവിന്റെ മൃതദേഹം മറച്ചുവെച്ച് തായ്‌വാനീസ് യുവതി
പൊലീസ് പരിശോധനയിൽ അസ്ഥികളടങ്ങിയ പ്ലാസ്റ്റിക് ബാഗ് കണ്ടെടുത്തു
തായ്‌വാൻ: 1.2 ലക്ഷം രൂപ പ്രതിമാസ പെൻഷൻ ലഭിക്കാൻ പിതാവിന്റെ മൃതദേഹം മറച്ചുവെച്ച് തായ്‌വാനീസ് യുവതി. പിതാവിന്റെ സൈനിക പെൻഷൻ ലഭിക്കുന്നതിനായി വർഷങ്ങളോളം മൃതദേഹം വീട്ടിൽ ഒളിപ്പിച്ചതായാണ് ആരോപണം. യുവതി അഞ്ച് പതിറ്റാണ്ടിലേറെയായി പിതാവിനൊപ്പമാണ് താമസിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നവംബറിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ ഉദ്യോഗസ്ഥർ വീട്ടിൽ വന്നപ്പോൾ യുവതി പ്രവേശനം നിഷേധിച്ചതോടെയാണ് അധികൃതർക്ക് സംശയം തോന്നിയത്. ഇതിന് അവർക്കെതിരെ ഏകദേശം 1.50 ലക്ഷം ഇന്ത്യൻ രൂപ പിഴ ചുമത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ വീട്ടിൽ പ്രവേശിപ്പിക്കാൻ നിരന്തരമായി വിസമ്മതിക്കുന്നത് ആശങ്കകൾ ഉയർത്തുകയും പൊലീസ് സംഭവത്തിൽ ഇടപെടാനും കാരണമായി. പിതാവ് എവിടെയാണെന്ന് ഉദ്യോഗസ്ഥർ യുവതിയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ഒരു വൃദ്ധസദനത്തിലാണെന്ന് അവർ ആദ്യം അവകാശപ്പെട്ടു.
പൊലീസിന്റെ സമ്മർദം വർധിച്ചപ്പോൾ പിതാവിനെ തന്റെ സഹോദരൻ അവരുടെ നഗരത്തിൽ നിന്ന് കൊണ്ടുപോയെന്ന് പറഞ്ഞു. എന്നാൽ സഹോദരൻ 50 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പിതാവ് നഗരത്തിൽ വെച്ച് മരണപ്പെട്ടെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെന്നും യുവതി വീണ്ടും പറഞ്ഞു.
തുടർന്ന് അവരുടെ വസ്തുവകകളിൽ പൊലീസ് തെരച്ചിൽ നടത്തുകയും പ്രായമായ ഒരാളുടെ അസ്ഥികൾ അടങ്ങിയ ഒരു കറുത്ത പ്ലാസ്റ്റിക് ബാഗ് കണ്ടെടുക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം മരണപ്പെട്ട് ഏറെ നാളുകളായെന്ന് കണ്ടെത്തി. ഒരു ശരീരം അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളായി വിഘടിപ്പിക്കുന്നതിന് സാധാരണയായി ഒന്ന് മുതൽ രണ്ട് വർഷം വരെ എടുക്കുമെന്ന് ഫോറൻസിക് വിദഗ്ധർ വിശദീകരിച്ചു.
സ്ത്രീയുടെ പിതാവ് 20 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ഒരു സൈനികനായിരുന്നു. അദ്ദേഹത്തിന്റെ റാങ്കും സേവന ചരിത്രവും അനുസരിച്ച് ഏകദേശം 1.27 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ പെൻഷൻ ലഭിച്ചിരുന്നു.
മരണകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം മറച്ചുവെക്കുന്നത് കൂടാതെ മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ യുവതി ചെയ്തിട്ടുണ്ടോയെന്ന് അധികൃതർ അന്വേഷിക്കും. തായ്‌വാനിലെ നിയമപ്രകാരം മൃതദേഹം നശിപ്പിക്കുകയോ, ഉപേക്ഷിക്കുകയോ, അപമാനിക്കുകയോ, മോഷ്ടിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം തടവ് ഉൾപ്പെടെയുള്ള ഗുരുതരമായ ശിക്ഷകൾക്ക് വിധേയമാണ്. ഇത്തരമൊരു കുറ്റകൃത്യത്തിൽ നേരിട്ടുള്ള ബന്ധുവോ അടുത്ത കുടുംബാംഗമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ശിക്ഷ 1.5 മടങ്ങ് വർധിക്കും. യുവതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
Adjust Story Font
16