അഫ്ഗാനിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ
ഉദ്യോഗസ്ഥരോട് സാധാരണ പോലെ ഓഫീസിലെത്തണമെന്നും പ്രതികാര നടപടിയുണ്ടാകില്ലെന്നും താലിബാന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു
സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. സാധാരണ പോലെ ജോലിക്ക് ഹാജരാകാനാണ് നിർദേശം. അഫ്ഗാനിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ല എന്ന് വ്യക്തമാക്കികൊണ്ടാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരോട് സാധാരണ പോലെ ഓഫീസിലെത്തണമെന്ന് താലിബാന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ അഫ്ഗാനിലെ സർക്കാർ രൂപീകരണ ചർച്ചകളും തുടങ്ങി. ദോഹയിലെ താലിബാൻ കാര്യാലയത്തില്‍ തിരക്കിട്ട ചർച്ചകൾ നടക്കുന്നതയാണ് വിവരം. എന്നാൽ സർക്കാരിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതിൽ തീരുമാനമായിട്ടില്ല. അഫ്ഗാനിലെ രാഷ്ട്രീയ പാർട്ടികളുമായി താലിബാൻ ചർച്ച നടത്തുന്നുണ്ട്.
അഫ്ഗാനിലെ വിവിധ രാഷ്ട്രീയ കക്ഷികൾ, ഗോത്ര തലവന്മാർ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സർക്കാർ രൂപീകരിക്കണമെന്നതാണ് ഖത്തർ നിലപാട്. ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന സമിതിയുമായി ഇന്ന് തുടർ ചർച്ചകൾ നടന്നേക്കും. വനിതകൾക്കുൾപ്പെടെ പ്രതിനിധ്യം നൽകണമെന്ന് യു.എന്‍ രക്ഷസമിതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ താലിബാന്റെ പ്രതികരണം വന്നിട്ടില്ല.
അതേസമയം, അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം ന്യായീകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്‍ രംഗത്തെത്തി. സേനാ പിൻമാറ്റത്തിൽ കുറ്റബോധമില്ലെന്നും അഫ്ഗാന്റെ പുനർ നിർമ്മാണം ലക്ഷ്യമേയായിരുന്നില്ലെന്നുമാണ് ബൈഡൻ വ്യക്തമാക്കിയത്.
Adjust Story Font
16