Quantcast

വനിതാ അവതാരകർ മുഖംമറയ്ക്കണമെന്ന് താലിബാൻ ഉത്തരവ്; മാസ്‌ക് ധരിച്ച് പുരുഷ അവതാരകരുടെ ഐക്യദാർഢ്യം

നിയമം അനുസരിക്കാത്ത വാർത്താ ചാനലുകൾ കനത്ത പിഴ അടക്കണമെന്ന് അഫ്ഗാൻ വാർത്താ വിനിമയ മന്ത്രാലയ വക്താവ് മുഹമ്മദ് അകീഫ്

MediaOne Logo

Web Desk

  • Published:

    25 May 2022 4:34 PM GMT

വനിതാ അവതാരകർ മുഖംമറയ്ക്കണമെന്ന് താലിബാൻ ഉത്തരവ്; മാസ്‌ക് ധരിച്ച് പുരുഷ അവതാരകരുടെ ഐക്യദാർഢ്യം
X

കാബൂൾ: അഫ്ഗാനിസ്താനിൽ വനിതാ ടെലിവിഷൻ അവതാരകർ മുഖംമറക്കൽ നിർബന്ധമാക്കിയതിനു പിന്നാലെ ഐക്യദാർഢ്യവുമായി പുരുഷ സഹപ്രവർത്തകർ. മാസ്‌ക് കൊണ്ട് മുഖംമറച്ചാണ് പുരുഷ അവതാരകർ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. ടോളോ ന്യൂസ്, 1ടി.വി തുടങ്ങിയ ചാനലുകളിലാണ് വാർത്താ അവതാരകരുടെ വേറിട്ട പ്രതിഷേധം.

പ്രമോഷൻ ഓഫ് വിർച്യു ആൻഡ് പ്രിവൻഷൻ ഓഫ് വൈസ് മന്ത്രാലയമാണ് കഴിഞ്ഞ ശനിയാഴ്ച പുതിയ ഉത്തരവിറക്കിയത്. ടെലിവിഷനിലെ വനിതാ അവതാരകർ കണ്ണൊഴികെ മുഖം പൂർണമായി മറക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനു പിന്നാലെ അഫ്ഗാനിലെ പ്രമുഖ ടെലിവിഷൻ ചാനലുകളായ ടോളോ ന്യൂസ്, അരിയാന ടെലിവിഷൻ, ഷംഷാദ് ടി.വി തുടങ്ങിയവയിലെ വനിതാ അവതാരകരെല്ലാം മുഖം മറച്ചാണ് വാർത്ത വായിച്ചത്.

പുരുഷ അവതാരകർ മുഖംമറച്ച് വനിതാ അവതാരകർക്ക് ഐക്യദാർഢ്യമറിയിച്ച വാർത്ത ടോളോ ന്യൂസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 1ടി.വിയിലെ പ്രധാന അവതാരകനായ ഇദ്രീസ് ഫാറൂഖിയും മാസ്‌ക് ധരിച്ചാണ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. വനിതാ അവതാരകർക്ക് മുഖം തുറന്നിടുന്നതിന് ഏർപ്പെടുത്തിയ നിരോധനത്തിൽ പ്രതിഷേധിച്ചാണ് അവതാരകൻ മുഖം മറച്ചതെന്ന് ചാനൽ ട്വീറ്റ് ചെയ്തു.

അതേസമയം, വനിതാ അവതാരകരെ പൊതുസമൂഹത്തിൽനിന്ന് മാറ്റാനോ അവരുടെ ജോലിചെയ്യാനുള്ള അവകാശം ഇല്ലതാക്കാനോ വേണ്ടിയല്ല ഉത്തരവിറക്കിയതെന്ന് അഫ്ഗാൻ വാർത്താ വിനിമയ മന്ത്രാലയ വക്താവ് മുഹമ്മദ് അകീഫ് മുഹാജിർ അഭിപ്രായപ്പെട്ടു. വാർത്താചാനലുകൾ ഉത്തരവ് നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നും നിയമം അനുസരിക്കാത്ത വാർത്താചാനലുകൾ കനത്ത പിഴ അടക്കണമെന്നും മുഹമ്മദ് അകീഫ് പറഞ്ഞു.

Summary: Male Afghan presenters have covered their faces with masks while broadcasting in solidarity with their female colleagues after the Taliban government's ruling that forces women presenters appearing on air to wear full hijabs

TAGS :

Next Story