രണ്ട് രാജ്യങ്ങളിലെ അതിർത്തി പിടിച്ച് താലിബാൻ; 90 ദിവസത്തിൽ കാബൂൾ വീഴുമെന്ന് യു.എസ്
താലിബാൻ പ്രധാന കസ്റ്റംസ് ചെക്ക് പോസ്റ്റുകൾ പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാൻ ധനമന്ത്രി ഖാലിദ് പയേന്ദ രാജിവെച്ച് രാജ്യം വിട്ടു
ഉസ്ബകിസ്താൻ, തജികിസ്താൻ രാജ്യങ്ങളുമായുള്ള അഫ്ഗാനിസ്താന്റെ അതിർത്തി പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കി താലിബാൻ. റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്ഗു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിർത്തി പ്രദേശങ്ങളുടെ പൂർണ നിയന്ത്രണം താലിബാൻ കൈക്കലാക്കിയിട്ടുണ്ടെന്നും അതിർത്തി കടന്ന് ഇരുരാജ്യങ്ങളെയും അക്രമിക്കില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷൊയ്ഗു പറഞ്ഞു. അതിനിടെ, 90 ദിവസത്തിനുള്ളിൽ താലിബാൻ തലസ്ഥാന നഗരമായ കാബൂൾ പിടിച്ചേക്കുമെന്ന് യു.എസ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകി.
അഫ്ഗാനിൽ നിന്നുള്ള വിദേശ സൈന്യങ്ങളുടെ പിന്മാറ്റത്തെ തുടർന്ന് മെയ് മാസം മുതൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സൈനിക നീക്കത്തിലാണ് താലിബാൻ. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒമ്പത് പ്രവിശ്യാ തലസ്ഥാനങ്ങൾ അവർ കീഴടക്കി. ഫൈസാബാദ്, ഫറാ, പുലെ ഖുംറി, സാറെ പുൽ, ഷബർഗാൻ, അയ്ബക്, ഖുന്ദുസ്, തലുഖാൻ, സറൻജ് എന്നീ പ്രവിശ്യകൾ കീഴടക്കിയതായും അഫ്ഗാന്റെ ഗ്രാമീണ മേഖല വൻതോതിൽ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.
30 ദിവസത്തിനുള്ളിൽ കാബൂൾ നഗരം ഒറ്റപ്പെടുമെന്നും 90 ദിവസത്തിനകം നിയന്ത്രണം താലിബാന്റെ കൈയിലെത്തുമെന്നും യു.എസ് പ്രതിരോധ മന്ത്രാലയ പ്രതിനിധിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ പ്രതിരോധ സൈന്യം ശക്തമായ ചെറുപ്പുനിൽപ്പ് നടത്തുക മാത്രമാണ് താലിബാനെ തടയാനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ ശക്തിയാർജിക്കുന്നതിനിടെ, അഫ്ഗാൻ സൈനിക നേതൃത്വത്തിൽ കാര്യമായ അഴിച്ചുപണികൾ നടന്നു. ജനറൽ വാലി അഹ്‌മദ് സായിയെ മാറ്റി ജനറൽ ഹയ്ബത്തുല്ലാ അലിസായിയെ സൈനിക മേധാവിയായി നിയമിച്ചു.
താലിബാൻ പ്രധാന കസ്റ്റംസ് ചെക്ക് പോസ്റ്റുകൾ പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാൻ ധനമന്ത്രി ഖാലിദ് പയേന്ദ രാജിവെച്ച് രാജ്യം വിട്ടു. രാജിവെക്കുകയാണെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ പയേന്ദ, ഏത് രാജ്യത്തേക്കാണ് പോയതെന്ന് വ്യക്തമല്ല.
Adjust Story Font
16