ഇന്ത്യയുമായി ആദ്യ ചര്‍ച്ചയ്ക്കെത്തിയത് ഇന്ത്യന്‍ സൈന്യം പരിശീലിപ്പിച്ച താലിബാന് നേതാവ്
ദോഹയിൽ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫിസ് മേധാവിയാണ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി
അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ച ശേഷം ഇന്ത്യയുമായുള്ള ആദ്യ ചർച്ചയ്ക്ക് താലിബാന് നിയോഗിച്ചത് ഇന്ത്യന്‍ സൈന്യം പരിശീലനം നല്കിയ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിയെ. താലിബാന്റെ രാഷ്ട്രീയകാര്യ ഓഫിസ് മേധാവിയായ സ്റ്റാനെക്സായി ദോഹയിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് സ്ഥാനപതി ദീപക് മിത്തലുമായി ചര്‍ച്ച നടത്തിയത്. ആദ്യമായാണ് താലിബാനുമായി നയതന്ത്രചര്‍ച്ച നടത്തിയതായി ഇന്ത്യ സ്ഥിരീകരിക്കുന്നത്.
1979നും 1982നും ഇടയില്‍ മൂന്നു വര്‍ഷം മധ്യപ്രദേശിലെ നൗഗോണിലുള്ള ആര്‍മി കേഡറ്റ് കോളജില്‍ ജവാനായും തുടര്‍ന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ഓഫിസറായും സ്റ്റാനെക്സായി പരിശീലനം നേടിയിട്ടുണ്ട്. 1948 മുതൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ നിരവധി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകളെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിൽ പരിശീലിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള അപൂര്‍വം താലിബാന് നേതാക്കളില്‍ ഒരാള സ്റ്റാനെക്സായി താലിബാന് മുന്‍ ഭരണത്തില്‍ അഫ്ഗാന് ഉപവിദേശകാര്യമന്ത്രിയായിരുന്നു.
അഫ്ഗാന്റെ മണ്ണ് ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് ഒരു വിധത്തിലും ഉപയോഗപ്പെടുത്തരുതെന്നും ഇക്കാര്യത്തിൽ ഇന്ത്യയുടെ ഉത്കണ്ഠ പങ്കുവെക്കുകയാണെന്നും കൂടിക്കാഴ്ചയിൽ ഇന്ത്യൻ സ്ഥാനപതി താലിബാൻ പ്രതിനിധിയെ അറിയിച്ചു. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെയും ഇന്ത്യയിൽ അഭയം തേടാൻ ആഗ്രഹിക്കുന്ന ഹിന്ദു, സിഖ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. ഇക്കാര്യങ്ങളിൽ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് താലിബാൻ നേതാവ് അറിയിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുമായി സൗഹൃദത്തിന് ആഗ്രഹിക്കുന്നുവെന്നും നല്ല ബന്ധം തുടരാൻ താൽപര്യപ്പെടുന്നുവെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ നേതാക്കൾ പ്രതികരിച്ചിരുന്നു. ഇന്ത്യയുമായി രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്കാരിക തലങ്ങളിൽ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷേർ മുഹമ്മദ് അബ്ബാസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16