Quantcast

'ആരോടും പ്രതികാരമില്ല, എല്ലാവരേയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കും': താലിബാൻ

സ്ത്രീകൾക്കെതിരെ വിവേചനം കാട്ടില്ലെന്നും ശരിഅത്ത് നിയമത്തിന്റെ പരിധിക്കകത്ത് നിന്ന് സ്വാതന്ത്ര്യം നൽകുമെന്നും താലിബാൻ അവകാശപ്പെടുന്നു. താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2021-08-17 15:50:53.0

Published:

17 Aug 2021 3:49 PM GMT

ആരോടും പ്രതികാരമില്ല, എല്ലാവരേയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കും: താലിബാൻ
X

ആർക്കുമെതിരെ പ്രതികാരമുണ്ടാകില്ലെന്നും അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങൾ അവസാനിക്കുകയാണെന്നും പ്രഖ്യാപിച്ച് താലിബാന്റെ വാർത്താസമ്മേളനം. സ്ത്രീകൾക്കെതിരെ വിവേചനം കാട്ടില്ലെന്നും ശരിഅത്ത് നിയമത്തിന്റെ പരിധിക്കകത്ത് നിന്ന് സ്വാതന്ത്ര്യം നൽകുമെന്നും താലിബാൻ അവകാശപ്പെടുന്നു. താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കാബൂൾ പിടിച്ചടക്കിയതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ ഔദ്യോഗിക വാർത്താസമ്മേളനമാണിത്.

'ഈ സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശമായിരുന്നു. അത് ഞങ്ങള്‍ നേടി. ആരോടും പ്രതികാര നടപടികളുണ്ടാകില്ല. അഫ്ഗാന്‍ ഒരു സംഘര്‍ഷ ഭൂമിയായി ഇനി മാറില്ല. എല്ലാത്തിനും അന്ത്യമായിരിക്കുന്നു. ആഭ്യന്തര ശത്രുക്കളെയും വൈദേശിക ശത്രുക്കളെയും ഇല്ലാതാക്കിയിരിക്കുന്നു. സമഗ്രവും ശക്തവുമായ ഒരു ഇസ്‌ലാമിക ഭരണകൂടമാണ് ഞങ്ങള്‍ സ്ഥാപിക്കുക- താലിബാന്‍ വക്താവ് പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട്. എല്ലാ എംബസികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഷ്റഫ് ഗനി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ പൂര്‍ണ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണം പിടിക്കാന്‍ തങ്ങള്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് പൂർണമായ സുരക്ഷ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു വൈദേശിക ശക്തികളെയും ഇനി അഫ്ഗാന്‍റെ മണ്ണ് പിടിക്കാന്‍ അനുവദിക്കില്ല- അദ്ദേഹം പറഞ്ഞു.

എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടേത് മാത്രമായ നയങ്ങളും മൂല്യങ്ങളുമുണ്ട്. താലിബാന്‍ സര്‍ക്കാരിനും അതുണ്ടാകും. ശരീഅത്ത് നിയമമനുസരിച്ചുള്ള സ്വാതന്ത്ര്യം എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് അനുവദിക്കും. സ്ത്രീകളോട് ഒരിടങ്ങളിലും വിവേചനം കാണിക്കില്ല. മാധ്യമസ്വാതന്ത്ര്യം പൂർണമായും അനുവദിക്കും. എന്നാല്‍ മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിക്കരുത്. ദേശീയ നയത്തിനും താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായി മീഡിയ പ്രവര്‍ത്തിക്കരുത്- താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.


TAGS :

Next Story