അഫ്ഗാനിസ്താനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാൻ: പുതിയ സർക്കാർ ഉടൻ രൂപീകരിക്കും
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും
അഫ്ഗാനിസ്താന്‍ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാന്‍ കൊടി നാട്ടി. രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ താത്പര്യമുള്ളവരെല്ലാം ഒഴുകിയെത്തിയതോടെ കാബൂൾ വിമാനത്താവളം സംഘർഷാവസ്ഥയിലാണ്. യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനത്തിന്റെ ദിനങ്ങളാണെന്നും താലിബാൻ നേതാവ് മുല്ലാബരാദർ പ്രഖ്യാപിച്ചു. മുല്ലാബരാദറാകും അഫ്ഗാനിസ്ഥാന്റെ അടുത്ത ഭരണത്തലവൻ .
അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാന്‍ നേതാക്കള്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചത്. കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ അവരുടെ കൊടി നാട്ടുകയായിരുന്നു. അഫ്ഗാന്‍റെ പേര് 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ അറിയിച്ചു. താല്‍ക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നല്‍കിയതായാണ് സൂചന. മുൻ പ്രസിഡന്‍റ് ഹാമിദ് കർസായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.
താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് താലിബാനോട് ആവശ്യപ്പെട്ടു.
Adjust Story Font
16