വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കം; ഗസ്സയിൽ വൈദ്യുതി വിലക്കി ഇസ്രായേൽ
സഹായം പൂർണമായും വിലക്കിയതിനു പുറമെ ഗസ്സക്കുള്ള വൈദ്യുതി ബന്ധവും ഇസ്രായേൽ വിച്ഛേദിച്ചു

ദോഹ: ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇന്ന് ദോഹയിൽ തുടക്കം.
ഖത്തർ തലസ്ഥാനമായ ദോഹയിലെത്തുന്ന ഇസ്രായേൽ പ്രതിനിധി സംഘവുമായി മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഹമാസ് രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച ചർച്ചകള്‍ക്ക് തുടക്കം കുറിക്കും. ഗസ്സക്ക് മേൽ ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം ഒരാഴ്ച പിന്നിട്ടിരിക്കെ, ചർച്ച എത്രകണ്ട് വിജയിക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ രാഷ്ട്രീയ ഉപദേശകൻ ഒഫിർ ഫാൾക്കും ഇസ്രായേൽ സംഘത്തിലുണ്ട്.
ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥരുമായുള്ള ചർച്ചയോട് തുറന്ന മനസാണുള്ളതെന്ന് ഹമാസ് പ്രതികരിച്ചു. എല്ലാ ബന്ദികളുടെയും മോചനം ഉറപ്പുവരുത്തുകയെന്നതാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയമെന്നും ദോഹയിൽ നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും യുഎസ് പ്രതിനിധി ആദം ബോഹ്ലർ പറഞ്ഞു. അധികം വൈകാതെ തന്നെ കരാർ നിലവിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രണ്ടു മാസം നീളുന്ന വെടിനിർത്തൽ കരാറിലൂടെ എല്ലാ ബന്ദികളെയും കൈമാറുന്ന പുതിയൊരു നിർദേശം മധ്യസ്ഥ രാജ്യമായ ഈജിപ്ത് മുന്നോട്ടുവെച്ചതായും റിപ്പോർട്ടുണ്ട്.
അതിനിടെ, സഹായം പൂർണമായും വിലക്കിയതിനു പുറമെ ഗസ്സക്കുള്ള വൈദ്യുതി ബന്ധവും ഇസ്രായേൽ വിച്ഛേദിച്ചു. ഉപരോധത്തിൽ വലയുന്ന ഗസ്സ നിവാസികളുടെ ജീവിതം ഇതോടെ കൂടുതൽ ദുരിതപൂർണമാകും. ഇതിനിടെ ഗസ്സയിൽ നിന്ന് ഫലസ്തീൻ ജനതയെ പുറന്തള്ളാനുള്ള ട്രംപ് പദ്ധതി ഉടൻ പ്രയോഗവത്കരിക്കണമെന്ന് തീവ്ര വലതുപക്ഷ മന്ത്രി സ്മോട്രിച്ച് ആവശ്യപ്പെട്ടു.
ദിവസവും അയ്യായിരം പേരെ വീതം പേരെ ഗസ്സയിൽ നിന്ന് മാറ്റിയാൽ ഒരു വർഷം വേണ്ടിവരുന്ന പ്രക്രിയയാണിതെന്നും സ്മോട്രിച്ച് പ്രതികരിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പുതിയ സൈനിക മേധാവി ഇയാൽ സാമിറുമായി വിശദമായ കൂടിക്കാഴ്ച നടത്തി. ദോഹ ചർച്ച വഴിമുട്ടിയാൽ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കുന്ന കാര്യവും ചർച്ചയിൽ ഇടംപിടിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16