‘യുദ്ധവേളയിൽ തന്നെ നികുതി വർധിപ്പിക്കണം’; നെതന്യാഹുവിന് ബാങ്ക് ഓഫ് ഇസ്രായേൽ ഗവർണറുടെ കത്ത്
‘പുതിയ നിർദേശങ്ങൾ രാജ്യത്തിന്റെ വളർച്ചയെയും പുതിയ നിക്ഷേപങ്ങളെയും ഇല്ലാതാക്കും’
ഹമാസുമായുള്ള യുദ്ധം നീണ്ടുപോകുന്നതിനിടെ ഇസ്രായേലിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. 2024ലെ ബജറ്റിൽ ചെവലുകൾ കുറക്കാനും വരുമാനം വർധിപ്പിക്കാനും ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇസ്രായേൽ ഗവർണർ അമീർ യാറോൺ കത്തയച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിനുമാണ് കത്തയച്ചത്.
രണ്ട് വർഷത്തേക്ക് ചെലവുകൾ കുറക്കാനും വരുമാനം വർധിപ്പിക്കാനുമായി ബജറ്റിൽ ക്രമീകരണങ്ങൾ കൊണ്ടുവരണമെന്ന് യാറോൺ ആവശ്യപ്പെട്ടു. യുദ്ധവേളയിൽ തന്നെ നികുതി വർധിപ്പിക്കാതെ മറ്റു മാർഗമില്ലെന്ന് കത്തിൽ പറയുന്നു.
ബജറ്റിൽ ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൻമേൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഗവർണർ കത്ത് നൽകുന്നത്.
അതേസമയം, ചെലവ് ചുരുക്കൽ നിർദേശങ്ങൾക്കെതിരെ പരിസ്ഥിതി സംരക്ഷണ മന്ത്രി ഇഡിത് സിൽമാൻ രംഗത്ത് വന്നു. നിർദേശങ്ങൾ ആശ്ചര്യപ്പെടുത്തുന്നതാണെന്നും ട്രഷറിയുടെ ക്രമരഹിതമായ പ്രവർത്തനരീതി തന്റെ മന്ത്രാലയം അംഗീകരിക്കില്ലെന്നും സിൽമാൻ പറയുന്നു. പുതിയ നികുതി നിർദേശങ്ങൾ വ്യാപാരികൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും ദോഷം ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
പുതിയ നിർദേശങ്ങൾ രാജ്യത്തിന്റെ വളർച്ചയെയും പുതിയ നിക്ഷേപങ്ങളെയും ഇല്ലാതാക്കും. പ്രത്യേകിച്ച് ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ അധിക നികുതി ഈടാക്കുന്നത് പിന്തിരിപ്പൻ ലോകവീക്ഷണത്തിന്റെ ഉദാഹരണമാണെന്നും ഇഡിത് സിൽമാൻ പറഞ്ഞു.
ഗസ്സയിൽ ഹമാസിനെതിരായ യുദ്ധത്തിന്റെ ഭീമമായ ചെലവുകൾക്ക് പണം വകയിരുത്താൻ ശ്രമിക്കുന്നതിനിടെയാണ് ബജറ്റ് വിഹിതം വെട്ടിക്കുറക്കാനുള്ള നിർദേശം വരുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, ഇസ്രായേലിന് അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായിട്ടില്ല. ഒക്ടോബർ ഏഴിന് ശേഷമുള്ള യുദ്ധത്തിന് ഇതുവരെ ഏകദേശം 60 ബില്യൺ ഡോളറിന്റെ റെക്കോർഡ് ചെലവാണ് വന്നിട്ടുള്ളത്.
Adjust Story Font
16