Quantcast

സുഡാനിൽ താൽക്കാലിക വെടിനിർത്തൽ

അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ആഫ്രിക്കൻ യൂണിയൻ രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    16 April 2023 3:57 PM GMT

Temporary cease fire in sudan
X

ഖാർത്തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ താൽക്കാലിക വെടിനിർത്തൽ. മൂന്ന് മണിക്കൂർ നേരത്തേക്കാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് എംബസി ഉദ്യോഗസ്ഥൻ മീഡിയവണിനോട് പറഞ്ഞു. എന്നാൽ വെടിനിർത്തലിന്റെ അടയാളമൊന്നും കാണാനായിട്ടില്ലെന്ന് സുഡാനിൽ ജോലി ചെയ്യുന്ന മലയാളിയായ മുഹമ്മദ് ഷെഫീഖ് മീഡിയവണിനോട് പറഞ്ഞു.

അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ആഫ്രിക്കൻ യൂണിയൻ രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടൽ അവസാനിപ്പിച്ച് വെടിനിർത്തൽ കരാറിലെത്താൻ സുഡാനിലെ അർധസൈനിക മേധാവി മുഹമ്മദ് ഹംദാൻ ദഗാലോയുടെ സേനയോടും സുഡാൻ സൈന്യത്തോടും ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ ശനിയാഴ്ചയാണ് ആഹ്വാനം ചെയ്തത്.

പ്രതിസന്ധിക്ക് ന്യായമായ രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ- സൈനിക സംഘങ്ങളോട് അഭ്യർഥിച്ചതായി കമ്മീഷൻ അധ്യക്ഷൻ എച്ച്.ഇ മൂസ ഫാക്കി മഹാമത്ത് വ്യക്തമാക്കി. 'ഇന്ന്, കാര്യങ്ങൾ അപകടകരമായി നിയന്ത്രണാതീതമായി പോവുകയും രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗമായി സായുധ അക്രമം നടത്തുകയും ചെയ്യുമ്പോൾ, വിശുദ്ധ റമദാനിലെ അവസാന 10 ദിവസങ്ങളിൽ രാജ്യത്തിന്റെ നാശവും ജനങ്ങളുടെ പരിഭ്രാന്തിയും നിരപരാധികളുടെ രക്തച്ചൊരിച്ചിലുകളും ഉടനടി അവസാനിപ്പിക്കാൻ ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് എല്ലാ കക്ഷികളോടും സായുധ സേനകളോടും അഭ്യർഥിക്കുകയാണ്'- പ്രസ്താവനയിൽ പറഞ്ഞു.

ആഭ്യന്തര യുദ്ധത്തിന്റെ രണ്ടാം ദിവസം മലയാളിയടക്കം 56 പേരാണ് സുഡാനിൽ കൊല്ലപ്പെട്ടത്. 100ലധികം പേർക്ക് പരിക്കേറ്റു. ഇതിനിടെ, സൗദി അറേബ്യ, യുഎഇ, യുഎസ്് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഫോണിലൂടെ സുഡാനിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായി സൗദി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സൈനിക നീക്കം അവസാനിപ്പിക്കാനും സിവിലിയൻ രാഷ്ട്രീയ ശക്തികളും സുഡാനിലെ സൈന്യവും തമ്മിലുള്ള കരാറിലേക്ക് മടങ്ങാനും മന്ത്രിമാർ ആവശ്യപ്പെട്ടു.

അതേസമയം, സ്ഫോടനങ്ങളിലും വെടിവെപ്പിലും തലസ്ഥാനമായ ഖാർത്തൂമിന്റെ ജനസാന്ദ്രതയേറിയ വടക്കൻ, തെക്കൻ പ്രാന്തപ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങൾ തകർന്നു. തെരുവുകളിൽ ടാങ്കുകളുടെ മുഴക്കം കേൾക്കാമെന്നും യുദ്ധവിമാനങ്ങൾ തലയ്ക്ക് മുകളിലൂടെ പറക്കുകയാണെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെയാണ് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിനുള്ളിൽ നിന്ന് മകനു ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. എന്നാൽ, 24 മണിക്കൂർ കഴിഞ്ഞിട്ടും ഭർത്താവിന്റെ മൃതദേഹം നീക്കാൻ സാധിച്ചിട്ടില്ലെന്നും ഫ്‌ളാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ തങ്ങൾ ഭയന്ന് കഴിയുകയാണെന്നും പറഞ്ഞുള്ള ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ലയുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. മൃതദേഹം കൊണ്ടുവരാനും തങ്ങൾക്ക് നാട്ടിലെത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര സഹായം ചെയ്യണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.





TAGS :

Next Story