തോക്ക് ചൂണ്ടി ട്രിഗർ വലിച്ചു, പക്ഷെ പൊട്ടിയില്ല; അർജന്റീന വൈസ് പ്രസിഡന്റിനെതിരെ വധശ്രമം- വീഡിയോ
2007 നും 2015 നും ഇടയിൽ രണ്ട് തവണ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ക്രിസ്റ്റീന ഫെർണാണ്ടസ് അർജന്റീനയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്ന് എതിരാളികൾ ആരോപിക്കുന്നു
ബ്യൂണസ് ഐറിസ്: അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്ചറിനെതിരെ വധശ്രമം. ബ്രസീലിയൻ വംശജനായ 35 കാരനാണ് ക്രിസ്റ്റീനയ്ക്കു നേരെ തോക്കു ചൂണ്ടിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയും കൈവശമുണ്ടായിരുന്ന ആയുധം പിടിച്ചെടുക്കയും ചെയ്തു. അഴിമതി ആരോപണത്തിൽ ക്രിസ്റ്റീന ഫെർണാണ്ടസ് വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് വധശ്രമം.
ക്രിസ്റ്റീന ഫെർണാണ്ടസിന് അഭിവാദ്യമർപ്പിച്ച് നിരവധി പേരാണ് അവളുടെ വീടിനും ചുറ്റും തടിച്ചു കൂടിയിരുന്നത്. ഇതിനിടയിലേക്ക് നുഴഞ്ഞു കയറിയാണ് അക്രമി അവർക്കു നേരെ തോക്കു ചൂണ്ടിയത്. എന്നാൽ വധശ്രമത്തിനുള്ള കാരണം അക്രമി വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. അർജന്റീനയിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്നതായാണ് വിവിധ റിപ്പോർട്ടുകൾ.
2007 നും 2015 നും ഇടയിൽ രണ്ട് തവണ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ക്രിസ്റ്റീന ഫെർണാണ്ടസ് അർജന്റീനയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്ന് എതിരാളികൾ ആരോപിക്കുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ സെനറ്റിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കും ക്രിസ്റ്റീന ഫെർണാണ്ടസ് മത്സരിക്കാൻ സാധ്യതയുണ്ട്. 'ഒരാൾ അവളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ട്രിഗർ വലിച്ചു. എന്നാൽ ക്രിസ്റ്റീനയ്ക്ക് ഒന്നും സംഭവിച്ചില്ല. അഞ്ച് ബുള്ളറ്റുകളാണ് അക്രമി തോക്കിൽ നിറച്ചിരുന്നത്. അർജന്റീന ജനാധിപത്യത്തിലേക്ക് മടങ്ങിയതിന് ശേഷം ഞങ്ങൾ സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്''- പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പറഞ്ഞു.
ചിലിയൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, വെനസ്വേലയുടെ നിക്കോളാസ് മഡുറോ, പെറുവിലെ പെഡ്രോ കാസ്റ്റിലോ, ബ്രസീലിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരുൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ സഖ്യകക്ഷികളും ഫെർണാണ്ടസ് ഡി കിർച്ചനറിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു.
Adjust Story Font
16