ഗൊലാൻ കുന്നിലെ ആക്രമണം: ഹിസ്ബുല്ലക്കെതിരെ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ
വ്യാപക യുദ്ധത്തിലൂടെ ഹിസ്ബുല്ലയെ തുടച്ചുനീക്കണമെന്ന് ഇസ്രായേൽ മന്ത്രിമാർ
ദുബൈ: ഒമ്പതു മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ - ഹിസ്ബുല്ല സംഘർഷം തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്ന ആശങ്ക ശക്തം. ഇന്നലെ രാത്രി ദക്ഷിണ ലെബനാനിൽ നിന്നുള്ള മിസൈൽ പതിച്ച് അധിനിവിഷ്ട ഗൊലാൻ കുന്നിലെ മജ്ദ് അൽ ഷംസിൽ 11 കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിെൻറ കുറ്റപ്പെടുത്തൽ. ഇരുപതിലേറെ പേർക്ക് പരിക്കുണ്ട്.
ഫുട്ബാൾ ഗ്രൗണ്ടിൽ ഒത്തുചേർന്നവരാണ് ആക്രമണത്തിന് ഇരയായത്. എന്നാൽ, അധിനിവിഷ്ട ഗൊലാൻ കുന്നിനു നേർക്ക് മിസൈൽ അയച്ചിട്ടില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഏറ്റവും കടുത്ത തിരിച്ചടി തന്നെയാകും ഹിസ്ബുല്ലക്ക് നൽകുകയെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻറും സൈനിക മേധാവികളും മുന്നറിയിപ്പ് നൽകി.
വ്യാപക യുദ്ധത്തിലൂടെ ഹിസ്ബുല്ലയെ തുടച്ചുനീക്കണമെന്ന് സ്മോട്രിക് ഉൾപ്പെടെ ഇസ്രായേൽ മന്ത്രിമാർ ആവശ്യപ്പെട്ടു. അമേരിക്കൻ പര്യടനം വെട്ടിച്ചുരുക്കി നെതന്യാഹു ഇസ്രായേലിലേക്ക് മടങ്ങി. ഇന്ന് ഉച്ചതിരിഞ്ഞ് ചേരുന്ന സുപ്രധാന സുരക്ഷാ യോഗം ഹിസ്ബുല്ലക്കും ലെബനാനും നേരെ സ്വീകരിക്കേണ്ട സൈനിക നടപടി ചർച്ച ചെയ്യും.
മജ്ദ് അൽ ഷംസ് ആക്രമണത്തെ അപലപിച്ച അമേരിക്കയും യൂറോപ്യൻ യൂനിയനും വ്യാപക യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. താൻ പ്രസിഡൻറായിരുന്നെങ്കിൽ ഇത്തരമൊരു ആക്രമണം ഇസ്രായേലിനു നേർക്ക് ഹിസ്ബുല്ല നടത്തുമായിരുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
സിവിലിയൻ ആക്രമണത്തെ ലെബനാൻ സർക്കാറും അപലപിച്ചു. ഹൈഫ ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ വൻസുരക്ഷ ഏർപ്പെടുത്തി. അതിനിടെ, വെടിനിർത്തൽ ചർച്ചക്ക് തുരങ്കം വെക്കുന്നതിന്റെ ഭാഗമായി പുതിയ നിർദേശം നെതന്യാഹു അമേരിക്കക്ക് സമർപ്പിച്ചു. വടക്കൻ ഗസ്സയിലേക്കുള്ള ഫലസ്തീനികളുടെ മടക്കം തടയുക, റഫക്കും ഈജിപ്തിനും ഇടയിൽ ഇസ്രായേൽ നിയന്ത്രണം എന്നീ ഉപാധികളാണ് നിർദേശത്തിൽ നെതന്യാഹു സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ഹമാസ് അംഗീകരിക്കില്ല എന്നുറപ്പിച്ച് പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നത് ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. യു.എസ്, ഈജിപ്ത്, ഖത്തർ പ്രതിനിധികൾ ഇന്ന് ഇറ്റലിയിൽ കൂടിക്കാഴ്ച നടത്താനിരിക്കെ ഗസ്സയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽഥാനി, സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ്, മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ, ഈജിപ്തിന്റെ ചാര സംഘടന മേധാവി അബ്ബാസ് കമൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക. ദേർ അൽ ബലാഹ് ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങളിൽ അമ്പതിലേറെ പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.
Adjust Story Font
16