'ഒക്ടോബർ 7ൽ നിന്ന് ഒന്നും പഠിച്ചില്ല'; നെതന്യാഹു ഉടൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം
യു.എൻ പൊതുസഭയിൽ 153 രാജ്യങ്ങൾ ചേർന്ന് ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യം ഉന്നയിച്ചെങ്കിലും വഴങ്ങാതെ ഇസ്രായേൽ
ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ബെഞ്ചമിൻ നെതന്യാഹു ഉടൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം. ഒക്ടോബർ 7ൽ നിന്ന് ഒന്നും പഠിക്കാത്ത നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് അഭിപ്രായപ്പെട്ടു.
അതേസമയം 153 രാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ പ്രമേയം പാസാക്കിയെങ്കിലും വെടിനിർത്താൻ ഒരുക്കമല്ലെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്.. അമേരിക്ക ഉൾപ്പെടെ അന്തർദേശീയ സമൂഹം പിന്തുണച്ചാലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി എ.എഫ്.പി വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ഇപ്പോൾ വെടിനിർത്തിയാൽ ഹമാസ് താൽപര്യങ്ങളാകും വിജയിക്കുകയെന്ന് നെതന്യാഹുവിന്റെ ഉപദേശകനും അറിയിച്ചിട്ടുണ്ട്..
ഹമാസിന്റെ 8 നേതാക്കൾക്കാണ് അമേരിക്കൻ സ്‌റ്റേറ്റ് വകുപ്പ് ഉപരോധം പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളിൽ ഹമാസിന്റെ താൽപര്യങ്ങൾക്ക് ഇത് തടയിടുമെന്ന് യു.എസ് സ്‌റ്റേറ്റ് വകുപ്പ് പറഞ്ഞു. സമാന ഉപരോധം നടപ്പാക്കുമെന്ന് ബ്രിട്ടനും അറിയിച്ചു. ഇരു രാജ്യങ്ങളുടെയും നടപടി സയണിസ്റ്റ് പ്രീണനത്തിന്റെ തുടർച്ചയാണെന്നും ഫലസ്തീൻ ജനതക്കെതിരായ കടന്നുകയറ്റമാണെന്നും ഹമാസ് പ്രതികരിച്ചു. ആക്രമണം തുടർന്നാൽ ഇസ്രായേലിന്റെ കൂടുതൽ സൈനികർ മരണം വരിക്കേണ്ടി വരുമെന്നാണ് ഇസ്‌ലാമിക് ജിഹാദ് പ്രതികരിച്ചത്. പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിച്ചാൽ ആഗോള സമ്പദ്ഘടന ഉലയുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി ചൂണ്ടിക്കാട്ടി.
Adjust Story Font
16