ബന്ദി മോചനം നീളുന്നു; നെതന്യാഹുവിനെതിരെ വൻ പ്രതിഷേധവുമായി ബന്ദികളുടെ ബന്ധുക്കൾ
‘നിങ്ങൾ കുറ്റവാളിയാണ്’ എന്നെഴുതിയ ബാനറുകളുമായാണ് തെൽ അവീവിൽ പ്രതിഷേധക്കാർ നെതന്യാഹുവിനെതിരെ സമരത്തിനെത്തിയത്
തെൽ അവീവ്: ഹമാസ് തടവിലാക്കിയ ഇസ്രായേലികളെ 143 ദിവസം പിന്നിട്ടിട്ടും മോചിപ്പിക്കാനാവാത്ത നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ദിവസങ്ങളായി നെതന്യാഹു സർക്കാറിനെതിരെ ഇസ്രായേലിൽ മാർച്ചുകളും പ്രതിഷേധങ്ങളും നടക്കുകയാണ്. അതിന്റെ തുടർച്ചയെന്നോണം ജെറുസലമിലേക്കടക്കം സമരം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിഷേധക്കാർ.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ സർക്കാരും രാജിവെക്കുക, ഹമാസുമായുള്ള ബന്ദി ഉടമ്പടിയിലെ ചർച്ചകളിലെ പുരോഗതി പുറത്തുവിടുക, ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് നയതന്ത്ര പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
അതെ സമയം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചെറിയ പ്രതിഷേധ റാലികൾ ഓരോ ദിവസവും രാജ്യവ്യാപകമായി നടക്കുകയാണ്.‘നീയാണ് നേതാവ്, നിങ്ങൾ കുറ്റവാളിയാണ്’ എന്നെഴുതിയ ബാനറുകളുമായാണ് തെൽ അവീവിൽ പ്രതിഷേധക്കാർ നെതന്യാഹുവിനെതിരെ സമരത്തിനെത്തിയത്. ഹമാസിൽ നിന്ന് ബന്ദികളെ രക്ഷിക്കാൻ നെതന്യാഹുവിന് ആകില്ലെന്നും പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് അദ്ദേഹമെന്നുമായിരുന്നു പ്രകടനത്തിലുയർന്ന മുദ്രാവാക്യം.
അതെ സമയം പോലീസ് ഉദ്യോഗസ്ഥർ സമരക്കാരെ അക്രമിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് അതിക്രമം അനീതിയാണ്. ബന്ദികളാക്കിയവരുടെ കുടുംബങ്ങൾക്ക് നേരെ നടക്കുന്ന പൊലീസ് വേട്ട ജനാധിപത്യ വിരുദ്ധമാണ്, അത് തുടരുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ് അവരെ അക്രമിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
253 പേരെയാണ് ഹമാസ് തടവിലാക്കിയത്. അതിൽ 100-ലധികം പേരെ നവംബർ അവസാനത്തോടെ ഉടമ്പടി ചർച്ചക്കൊടുവിൽ മോചിപ്പിച്ചു. 130 ഓളം പേർ ഇപ്പോഴും ബന്ദികളാണ്. അവരിൽ എത്ര പേർ ജീവിച്ചിരിപ്പുണ്ടെന്ന് പോലും ഇസ്രായേലി സർക്കാരിന് ഉറപ്പിക്കാനാവുന്നിലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപമുള്ള പ്രധാന പാതകളും സമരക്കാർ ഉപരോധിച്ചു.
Adjust Story Font
16