Quantcast

യുഎൻ ഏജൻസിക്ക് വിലക്കുമായി ഇസ്രായേൽ; ഗസ്സയിലെ സ്ഥിതി കൂടുതൽ ദയനീയം

മുന്നറിയിപ്പ് നൽകി ലോക രാജ്യങ്ങൾ

MediaOne Logo

Web Desk

  • Published:

    5 Nov 2024 2:07 AM GMT

Norway will continue to help the United Nations agency
X

തെൽഅവീവ്: ഗസ്സയിൽ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 'യുനർവ' ഏജൻസിയുടെ പ്രവർത്തന കരാർ ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഇസ്രായേൽ. കഴിഞ്ഞ മാസം ഇസ്രായേൽ പാർലമെന്റ് പാസാക്കിയ ബില്ലിന്റെ ഭാഗമായാണ് നടപടി.

ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കുക, ഗസ്സയിലെ പ്രവർത്തനം തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ്​ നിയമനിർമാണം. പട്ടിണി പിടിമുറുക്കിയ വടക്കൻ ഗസ്സയിൽ യുഎൻ ഏജൻസി കൂടി പിൻവാങ്ങുന്നതോടെ സ്ഥിതി കൂടുതൽ ആപൽക്കരമാകുമെന്ന്​ യുഎന്നും വിവിധ ലോക രാജ്യങ്ങളും മുന്നറിയിപ്പ്​ നൽകി.

വടക്കൻ ഗസ്സക്ക്​ സഹായം വിലക്കുന്നത്​ ആശങ്കാജനകമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിൻകൻ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിലെ മാനുഷിക ദുരന്തം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന്​ യുഎൻ സന്നദ്ധ സംഘടനയായ ലോക ഭക്ഷ്യ പദ്ധതിയും ആവശ്യപ്പെട്ടു. ഇസ്രായേൽ നടപടി 20 ലക്ഷത്തിലേറെ ഫലസ്തീൻ ജനതയെ നേരിട്ട്​ ബാധിക്കുമെന്ന്​ 'യുനർവ'യുടെ ആഗോള കമ്യൂണിക്കേൻ ഓഫിസർ ജൂലിയറ്റ് തൗമ പറഞ്ഞു.

ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ കമാൽ അദ്​വാൻ ആശുപത്രിയുടെ പ്രവർത്തനം ഏറെക്കുറെ പൂർണമായും നിലച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലും ലബനാനിലും വിവിധ ആക്രമണ സംഭവങ്ങളിൽ 13 സൈനികർക്ക്​ പരിക്കേറ്റതായി ഇസ്രായേൽ വ്യക്തമാക്കി.

നൂറുകണക്കിന്​ രോഗികളുടെയും മറ്റും ജീവൻ രക്ഷിക്കാൻ ലോകത്തോട്​ അവസാനമായി യാചിക്കുന്നതായി ആശുപത്രി അധികൃതർ​ പറഞ്ഞു. മേഖലയിൽ നിലയുറപ്പിച്ച സേനയുടെ സുരക്ഷ കൂടി മുൻനിർത്തിയാണ്​ കൂടുതൽ സൈനിക സന്നാഹങ്ങൾ ഒരുക്കുന്നതെന്ന്​ പെന്‍റഗൺ.

അതിനിടെ, ബന്ദികളുടെ മോചന നീക്കത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത നെതന്യാഹു സർക്കാരിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം വീണ്ടും ശക്​തം. ഇസ്രായേലുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകിയതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത അനുയായിക്കു പുറമെ നാല്​ സൈനികർ കൂടി അറസ്റ്റിലായെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

TAGS :

Next Story