റഷ്യ 'സ്‌പോൺസർ' ചെയ്യുന്ന മറ്റൊരു യുദ്ധം; മരിച്ചുവീണത് അഞ്ചുലക്ഷം പേർ, ജനസംഖ്യയുടെ പാതിയും കൊടിയ പട്ടിണിയിൽ- സിറിയയുടെ 11 നരകവർഷങ്ങള്‍
2011 മാർച്ച് 15ന് ദക്ഷിണ സിറിയൻ നഗരമായ ദർആയിൽനിന്നായിരുന്നു ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കം. പിന്നീട് റഷ്യന്‍ സൈന്യമടക്കം ഇടപെട്ട ആഭ്യന്തരയുദ്ധം സിറിയയെ ഒരു ദുരന്തഭൂമിയാക്കിത്തീര്‍ക്കുകയായിരുന്നു
യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നടപടിക്കെതിരെ അന്താരാഷ്ട്രതലത്തിൽ വൻതോതിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ലക്ഷങ്ങളുടെ ജീവനെടുത്ത സിറിയൻ ആഭ്യന്തര യുദ്ധം 11 വർഷം പിന്നിടുന്നത്. റഷ്യ കൂടി ഭാഗമായ യുദ്ധത്തിൽ ഇതിനകം അഞ്ചു ലക്ഷം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലേറെ പേർക്ക് വീടും കിടപ്പാടവുമെല്ലാം നഷ്ടപ്പെട്ടു. അത്രയും പേര്‍ കടുത്ത പട്ടിണിയിലൂടെയാണ് കടന്നുപോകുന്നത്.
വസന്തം മോഹിച്ചു; കിട്ടിയത് ദുരിതം മാത്രം
11 വർഷങ്ങൾക്കുമുൻപാണ് 'അറബ് വസന്തം' എന്ന പേരിൽ അറബ് ലോകത്ത് അലയടിച്ച ജനകീയ വിപ്ലവത്തിന്റെ തുടർച്ചയായി സിറിയൻ ജനതയും തെരുവിലിറങ്ങുന്നത്. കടുത്ത തൊഴിലില്ലായ്മ, അഴിമതി, രാഷ്ട്രീയ സ്വാതന്ത്ര്യമില്ലായ്മ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രസിഡന്റ് ബശാറുൽ അസദിനെതിരെ പ്രതിഷേധമുയർത്തി പതിനായിരങ്ങൾ സിറിയൻ നഗരങ്ങൾ പിടിച്ചടക്കിയത്. എന്നാൽ, അയൽരാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു സിറിയയിലെ ജനകീയ പ്രക്ഷോഭത്തിന്റെ ഫലം. ഒരു പതിറ്റാണ്ടിലേറെ നീണ്ട ആഭ്യന്തരയുദ്ധത്തിലും കൊടിയ മനുഷ്യയാതനകളിലുമായിരുന്നു ആ പോരാട്ടങ്ങൾ കലാശിച്ചത്.
2011 മാർച്ച് 15ന് ദക്ഷിണ സിറിയൻ നഗരമായ ദർആയിൽനിന്നായിരുന്നു ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കം. അതു മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. എന്നാൽ, സൈന്യത്തെ ഉപയോഗിച്ച് ബശാർ ഭരണകൂടം ജനകീയ പ്രതിഷേധങ്ങളെയെല്ലാം അടിച്ചമർത്തി. ഇതോടെ പലയിടങ്ങളിലും ജനം ആയുധമെടുത്തു. ഇതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. റഷ്യ, ഇറാൻ, തുർക്കി, ലബനാനിലെ ഹിസ്ബുല്ല അടക്കം വിദേശത്തുനിന്നും സിറിയയിൽ ഇടപെടലുണ്ടായി.
റഷ്യയും ഇറാനും ഹിസ്ബുല്ലയുമെല്ലാം ബശാർ ഭരണകൂടത്തിന് സൈനിക, പ്രതിരോധ സഹായങ്ങൾ നൽകിയപ്പോൾ തുർക്കി സിറിയൻ വിമതർക്കും പിന്തുണ നൽകി. ഇതിനിടെ പ്രക്ഷോഭകാരികൾക്ക് വിദേശത്തുനിന്ന് ആയുധമെത്തുന്നതായി ആരോപിച്ച് ഭരണകൂടം നടപടി ശക്തമാക്കി. ഈ അവസരം മുതലെടുത്ത് ഐ.എസ്, അൽഖാഇദ അടക്കമുള്ള ഭീകരസംഘങ്ങളും ജനകീയ പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറി. രാജ്യത്തിന്റെ പലഭാഗങ്ങളും ഐ.എസ് നിയന്ത്രണത്തിലാക്കുകയും ചെയ്തു.
അഞ്ചുലക്ഷം ജീവനുകൾ; കോടിയിലേറെ അരജീവനുകള്‍
നിരവധി കക്ഷികൾ ഭാഗമായ യുദ്ധത്തിൽ സിവിലിയന്മാരടക്കം അഞ്ചുലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 2011 മാർച്ച് മുതൽ 2021 മാർച്ച വരെ 3,50,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് യു.എൻ അവസാനമായി പുറത്തുവിട്ട കണക്കിൽ ചൂണ്ടിക്കാട്ടുന്നത്. യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമായി അരലക്ഷത്തിലേറെ വരുമെന്നാണ് യു.എൻ മനുഷ്യാവകാശ വിഭാഗം തലവൻ മിഷേൽ ബാഷ്‌ലെറ്റ് സൂചിപ്പിച്ചത്.
ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷണ സംഘമായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യുമൻ റൈറ്റ്‌സ്(എസ്.ഒ.എച്ച്.ആർ) കണക്ക് പ്രകാരം 2021 ജൂൺ വരെ 4,94,438 പേരാണ് സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. ഇതിൽ ഒന്നരലക്ഷത്തോളം പേരും സിറിയൻ സൈന്യത്തിന്റെയും സഖ്യസേനകളുടെയും ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും എസ്.ഒ.എച്ച്.ആർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ മരണനിരക്ക് ആറുലക്ഷത്തിലേറെ വരുമെന്നും സംഘം കണക്കാക്കുന്നു. സർക്കാർ തടവറകളിൽ കടുത്ത പീഡനങ്ങൾ നേരിട്ട് 50,000ത്തോളം പൗരന്മാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
യുദ്ധത്തിനുമുൻപുള്ള സിറിയൻ ജനസംഖ്യയായ 2.2 കോടിയിൽ പകുതിയിലേറെ പേരും ഭവനരഹിതരായിട്ടുണ്ട്. 60 ലക്ഷത്തോളം പേർ സിറിയയിൽ തന്നെ ദുരിതം നിറഞ്ഞ അഭയാർത്ഥി ക്യാംപുകളിലും താൽക്കാലിക ടെന്റുകളിലുമാണ് കഴിയുന്നത്. 60 ലക്ഷത്തിലേറെ പേർ വിദേശരാജ്യങ്ങളിലും അഭയാർത്ഥികളായി കഴിയുന്നു. ഇതിൽ 84 ശതമാനം പേരും കഴിയുന്നത് അയൽരാജ്യങ്ങളായ തുർക്കി, ജോർദാൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലാണ്.
1.4 കോടി സിറിയക്കാർക്ക് അടിയന്തര മാനുഷിക സഹായങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ മാസം യു.എൻ അറിയിച്ചിരുന്നു. ഇതിൽ 50 ലക്ഷത്തോളം പേർ കടുത്ത പട്ടിണിയിലാണ്. ദിവസവും ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാത്തവരാണ് ഇവർ.
റഷ്യയുടെ റോളെന്ത്?
2015 സെപ്റ്റംബറിലാണ് റഷ്യ സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമാകുന്നത്. ബശ്ശാർ ഭരണകൂടത്തിന്റെ അപേക്ഷ സ്വീകരിച്ചാണ് റഷ്യ സിറിയയിലേക്ക് സൈന്യത്തെ അയക്കുന്നത്. വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വൻവ്യോമാക്രമണത്തിലൂടെയായിരുന്നു റഷ്യൻ സൈനികനടപടിയുടെ തുടക്കം. സിറിയയിൽ സൈന്യത്തെ സ്ഥിരമായി വിന്യസിക്കുമെന്ന് 2017ൽ റഷ്യൻ ഭരണകൂടം പ്രഖ്യാപിച്ചു. തുടർന്നങ്ങോട്ട് റഷ്യയ്ക്കു തോന്നിയ പോലെയായിരുന്നു സിറിയയിലെ കാര്യങ്ങളെല്ലാം.
2015നും 2016നും ഇടയിൽ മാത്രം റഷ്യൻ ആക്രമണത്തിൽ 1,700 സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എസ്.ഒ.എച്ച്.ആർ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 200 കുട്ടികളും ഉൾപ്പെടും. 2017ന്റെ അവസാനത്തിൽ 5,703 സിറിയക്കാരും റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കണക്കുകൾ പുറത്തുവന്നു.
ആഭ്യന്തരയുദ്ധത്തിന്റെ ബാക്കിപത്രം
സിറിയൻ ഭരണകൂടത്തിനു പുറമെ ഐ.എസ്, കുർദ് വിമതർ, തുർക്കിയുടെ പിന്തുണയുള്ള വിമതർ, മറ്റ് വിമതസംഘങ്ങൾ എന്നിങ്ങനെയായി പല വിഭാഗങ്ങൾക്കിടയിൽ ഛിന്നഭിന്നമാകുകയായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സിറിയ. എന്നാൽ, റഷ്യൻ സൈന്യത്തിന്റെയടക്കം പിന്തുണയോടെ ഐ.എസിനെ ഒരുവിധത്തിൽ തുരത്താൻ ബശ്ശാർ ഭരണകൂടത്തിന് സാധിച്ചു. ഇതിനു പുറമെ രാജ്യത്തെ മിക്ക നഗരങ്ങളും സർക്കാർ തിരിച്ചുപിടിച്ചു.
എന്നാൽ, രാജ്യത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും വിവിധ വിമതസംഘങ്ങൾക്കു കീഴിലാണുള്ളത്. കുർദ് സേനയായ എസ്.ഡി.എഫിന്റെ നിയന്ത്രണത്തിലാണ് വലിയൊരു ഭൂപ്രദേശം. പടിഞ്ഞാറൻ ആലെപ്പോ, വടക്കൻ ഹമാ, വടക്കുപടിഞ്ഞാറൻ ഇദ്‌ലിബ് അടക്കമുള്ള പ്രവിശ്യകൾ ഇപ്പോഴും ഹയാതുതഹ്‌രീറുശ്ശാം അടക്കമുള്ള തീവ്രവാദ സംഘങ്ങളുടെയും വിമതരുടെയും പിടിയിലാണ്.
Summary: A peaceful uprising against the president of Syria 11 years ago turned into a full-scale civil war. The conflict has left half a million people dead, devastated cities and drawn in other countries
Adjust Story Font
16