ഭരണപക്ഷത്തെ മൂന്ന് സുപ്രധാന പാർട്ടികള്‍ പ്രതിപക്ഷത്തേക്ക്; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി
അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള ഇമ്രാൻ ഖാന്റെ നീക്കങ്ങൾ പുരോഗമിക്കുകയാണ്
പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. ഭരണപക്ഷത്തെ മൂന്ന് സുപ്രധാന പാർട്ടികളാണ് പ്രതിപക്ഷത്തേക്ക് നീങ്ങിയത്. അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള ഇമ്രാൻ ഖാന്റെ നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇമ്രാൻഖാനെതിരെ അവിശ്വാസ പ്രമേയം ചർച്ചചെയ്യാൻ പാകിസ്താൻ ദേശീയ അസംബ്ലി വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ഭരണപക്ഷത്തെ മൂന്ന് സുപ്രധാന പാർട്ടികൾ പ്രതിപക്ഷത്തേക്ക് നീങ്ങിയത്.
മുത്തഹിദ ക്വാമി മൂവ്മെന്റ് പാകിസ്താൻ, പാകിസ്താൻ മുസ്ലിം ലീഗ് ക്യു, ബലൂചിസ്ഥാൻ അവാമി പാർട്ടി എന്നിവയാണ് പ്രതിപക്ഷവുമായി സഹകരിക്കാൻ തയ്യാറായത്. അവിശ്വാസ പ്രമേയത്തിൽ ഇമ്രാനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി അംഗങ്ങളെ ആജീവനാന്തം അയോഗ്യരായി പ്രഖ്യാപിക്കാൻ ഭരണസാധുത തേടിയതിന് പിന്നാലെയാണ് ഈ നീക്കം. എന്നാൽ അവസാനനിമിഷം വരെ പോരാടുമെന്ന് ഇമ്രാൻ ഖാൻ പ്രതികരിച്ചു.
പാകിസ്താനിൽ പ്രതിപക്ഷപാർട്ടിയായ പി.എം.എല്‍.എന്‍ ഭരണം പിടിക്കാനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷെഹബാസ് ശരീഫിനെ പി.എം.എല്‍.എന്‍ പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിദേശം ചെയ്തു. വിമതനീക്കവുമായി ഇമ്രാൻഖാന്റെ തഹ്‍രീകെ ഇൻസാഫ് പാർട്ടിയിലെ 24 എംപിമാർ രംഗത്തെത്തിയതോടെയാണ് പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്വാതിൽ റാലിയെ അഭിസംബോധന ചെയ്തതിന് ഇമ്രാൻ ഖാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു.
Adjust Story Font
16